ചില സംഭവങ്ങളൊക്കെ കോമഡിയാണ്, കോമഡി എന്നു പറഞ്ഞാല്‍ മരണ കോമഡി.അത് വിവരിക്കുന്നതിനു മുന്നേ മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.വീണ്ടും കര്‍ക്കടക മാസം വരികയായി, മറ്റൊരു രാമായണ മാസം.രാമന്‍റെ അയനമാണ് രാമായണം, അയനം എന്നാല്‍ യാത്ര.ആ ഒരു യാത്രയാണ് രാമായണത്തിലൂടെ വിശദമാക്കുന്നത്.രാമന്‍ ജനിക്കുന്നു, സീതയെ കല്യാണം കഴിക്കുന്നു, സുഖമായി ജീവിക്കാന്‍ പോകവേ ഒരു പതിനാലു വര്‍ഷം വനവാസം.ദുരിതം നിറഞ്ഞ കാലഘട്ടമായിരുന്നു അത്, അതിനു ശേഷമാണ് സാക്ഷാല്‍ പട്ടാഭിക്ഷേകം.
ഞാന്‍ ഇത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്, രണ്ട് ദിവസം മുമ്പ് ഞാനൊരു ജ്യോത്സ്യരെ കാണാന്‍ പോയി.പണ്ട് സ്ഥിരം കാണുമായിരുന്നു, നന്നാവുമോന്ന് അറിയാന്‍.എന്‍റെ കാശ് കൊണ്ട് ഇവന്‍മാരൊക്കെ നന്നായതല്ലാതെ ഞാന്‍ നന്നായില്ല.അത് കൊണ്ട് തന്നെ വല്യ പ്രതീക്ഷ ഇല്ലാതെയാണ് ഈ കുറിയും ്‌പോയത്.പേര് ചോദിച്ചു, നാള് ചോദിച്ചു, വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു.കവടി നിരത്തി, നാല് ശംഖ് നിരത്തി, 'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...' എന്ന രീതിയില്‍ എന്തോ ഒരു മന്ത്രവും ജപിച്ചു.ഞാന്‍ ചുറ്റും നോക്കി, ഒരു നാലു ചന്ദനത്തിരി കത്തിച്ച് വച്ചിട്ടുണ്ട്, രണ്ട് നിലവിളക്കും.പിന്നെ ഒരു വിധപ്പെട്ട എല്ലാ ദേവീ ദേവന്‍മാരുടെയും ഫോട്ടോ ഉണ്ട്, സാധാരണ ജ്യോത്സ്യന്‍മാരുടെ റൂമില്‍ കാണുന്നതിനെക്കാള്‍ അഡീഷണലായി കണ്ടത് ഒരു കൊതുകുതിരി കത്തിച്ച് വച്ചേക്കുന്നതാണ്.അത് പിന്നെ ഡെങ്കിപ്പനി ജ്യോത്സ്യനും ബാധകമാണല്ലോ.ഹിസ്തീരിയ ബാധിച്ചവനെ പോലെ ആശാന്‍ കണ്ണുമടച്ച് മുന്നിലിരുന്നു തുള്ളുന്നുണ്ട്.എന്‍റെ വാമഭാഗം കണ്ണുമടച്ച് എല്ലാ ഈശ്വരന്‍മാരെയും വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ട് അടുത്തും ഇരിക്കുന്നു.ഒടുവില്‍ എന്തോ ഒരു 'സ്വാഹ' കൂടി പറഞ്ഞിട്ട് ജ്യോത്സ്യന്‍ കണ്ണ് തുറന്നു.എന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.
ഇതൊരു വൈതരണികയാണ്, പ്രത്യേകിച്ച് അമ്മ, സഹോദരി, ഭാര്യ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ക്കൊപ്പം ജ്യോത്സ്യരെ കാണാന്‍ പോയാല്‍, അവര്‍ ജ്യോത്സ്യരെ കണ്ണടച്ച് വിശ്വസിക്കുന്നവരാണങ്കില്‍, കൂടെ ഇരിക്കുന്നവന്‍റെ സകല സമാധാനവും ആ ജ്യോത്സ്യര്‍ക്ക് കളയാന്‍ കഴിയുന്ന സന്ദര്‍ഭം.നമ്മുടെ ഇരുപ്പിലോ ഭാവത്തിലോ വല്ല അഹങ്കാരമോ പുച്ഛമോ ജ്യോത്സ്യനു ഫീല്‍ ചെയ്താല്‍ നമ്മള്‍ തീര്‍ന്നു.ചിലപ്പോള്‍ അയാള്‍ പറയുന്ന ചില പ്രായിശ്ചിത്തങ്ങള്‍ നമ്മുടെ അണ്ഡകടാഹം ഇളക്കുന്നതായിരിക്കും.അതു കൊണ്ട് പെട്ടന്ന് ഞാന്‍ മുഖത്ത് വിനയം വാരി പൂശി.
'പ്രിയപ്പെട്ട ജ്യോത്സ്യരേ, ഉപദ്രവിക്കരുത്.ഹിമാലയം കേറി കൈലാസത്ത് ചെന്ന് ദിംഗംബരനായി നിന്നാലെ എന്‍റെ പ്രശ്നങ്ങള്‍ മാറൂ എന്ന് പറയരുത്.ഇതൊന്നും ചെയ്യാനുള്ള പാങ്ങില്ല.റിയലി ഐയാം എ സിംപില്‍ ബോയ് വിത്ത് ലോട്ട് ഓഫ് പ്രോബ്ളംസ്സ്'
ഇങ്ങനെ മനസ്സില്‍ പറഞ്ഞ് ഞാന്‍ അയാളെ ദയനീയമായി ഒന്ന് നോക്കി.ഒരു ദീര്‍ഘ നിശ്വാസം വിട്ടിട്ട് അതിയാന്‍ കാര്യം പറഞ്ഞു തുടങ്ങി.സാക്ഷാല്‍ ശ്രീരാമന്‍റെ യോഗമാരുന്നത്രേ എനിക്ക്.കുട്ടിക്കാലത്ത് സുഖമായി ജീവിച്ച ഞാന്‍ കഴിഞ്ഞ പതിനാലു കൊല്ലമായി വനവാസത്തിനു തുല്യമായി അനുഭവിച്ച് കൊണ്ട് ഇരിക്കുകയാണ് പോലും.ഇത് കേട്ടതും ഭാര്യ തല തിരിച്ച് എന്നെ ഒന്ന് നോക്കി, ആ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, തലയിലൊരു കിരീടവും വച്ച്, അമ്പും വില്ലും പിടിച്ച് ഇരിക്കുന്ന ശ്രീരാമ ചന്ദ്രനായി അവള്‍ എന്നെ സങ്കല്‍പ്പിക്കുകയാണ്.അവളുടെ ഭാവന അധികം ചിറക് വിരിക്കാതിരിക്കാന്‍ ഞാന്‍ ജ്യോത്സ്യരോടായി ചോദിച്ചു:
"എന്നത്തേക്ക് തീരും എന്‍റെ ഈ വനവാസം?"
ജ്യോത്സ്യന്‍ വീണ്ടും കവടി നിരത്തി.
'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...'
എന്‍റെ നെഞ്ചിടിപ്പ് ഏറി വന്നു.
കണക്ക് കൂട്ടിയട്ട് ജ്യോത്സ്യര്‍ ഈണത്തില്‍ രണ്ട് വരി മൂളി...
"പക്ഷിസഞ്ചയങ്ങളെ നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുക്ഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?"
തുടര്‍ന്ന് അങ്ങേരു ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.അതു കണ്ടതും വൈഫ് എന്‍റെ ചെവിയില്‍ പറഞ്ഞു:
"ആള് പണ്ഢിതനാ, സംസ്കൃതം ശ്ളോകം ചൊല്ലിയത് കേട്ടില്ലേ?"
മാങ്ങാത്തൊലി!!!
സംസ്കൃതശ്ളോകം പോലും.
അത് അദ്ധ്യാത്മരാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ശ്രീരാമന്‍റെ വിരഹദുഃഖമാ.സാക്ഷാല്‍ സീതാദേവിയെ നഷ്ടപ്പെട്ടപ്പോ രാമന്‍ തേടുന്ന ഭാഗമാ.ഇത് അവളോട് വിശദീകരിക്കാന്‍ പോയാല്‍ ഞാന്‍ ഇനി ആരെയോ നഷ്ടപ്പെട്ടിട്ട് തേടുവാണോന്ന് അവള്‍ തെറ്റിദ്ധരിക്കും.അതല്ല, സീത എന്നാല്‍ ലക്ഷ്മി ദേവി ആണെന്നും, അതായത് സമ്പത്തിനെയും ഐശ്വര്യത്തേയും പ്രദാനം ചെയ്യുന്നതാണെന്നും, ഞാന്‍ തേടിയത് ഐശ്വര്യപൂര്‍ണ്ണമായ ഒരു ജീവിതമാണെന്നും വിശദീകരിച്ച് വരുമ്പോഴേക്ക് നേരം വെളുക്കും.അതുകൊണ്ട് സംസ്കൃതശ്ളോകമാണ് കേട്ടത് എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും ചോദിച്ചു:
"മഹാനുഭാവോ, എന്നത്തേക്ക് തീരും എന്‍റെ ഈ വനവാസം?"
അധികം കാലം വേണ്ട എന്ന് മറുപടി കിട്ടി, വരുന്ന സെപ്തംബറില്‍ വ്യാഴം ചാര വശാല്‍ സ്ഥാനം മാറുമത്രേ, അതോട് കൂടി ദുരിതം മാറും പോലും.അത് കേട്ടതോടെ ഭാര്യക്ക് ആകാംക്ഷ:
"സെപ്തംബര്‍ തുടക്കമാണോ, ഒടുക്കമാണോ?"
ഇങ്ങനൊരു ചോദ്യം ജ്യോത്സ്യന്‍ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.കാരണം ഒരു ജ്യോത്സ്യനും കൃത്യമായ ഡേറ്റ് പറയാറില്ല, ഡേറ്റ് പറഞ്ഞിട്ട് കഷ്ടകാലത്തിനു സമയം മാറിയില്ലെങ്കില്‍ പിറ്റേന്ന് രാവിലെ ചോദ്യം ചെയ്യാനായി കെട്ടി എഴുന്നെള്ളി ചെല്ലുന്നവരാണ് നമ്മള്‍ ്‌മലയാളികള്‍.അത് കൊണ്ട് തന്നെ അയാള്‍ ഉരുണ്ട് കളിച്ച് തുടങ്ങി.അത് കണ്ടതും ഭാര്യ ചോദ്യം കട്ടിക്ക് ആക്കി:
"ജ്യോത്സ്യനു ഡേറ്റ് അറിയില്ലേ?"
ജ്യോത്സ്യന്‍ പെട്ടു!!
ഒടുവില്‍ അയാള്‍ വിക്കി വിക്കി പറഞ്ഞു:
"അത് പിന്നെ പതിമൂന്ന് ആണെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല, വേണേല്‍ പഞ്ചാംഗം നോക്കി പറയാം"
'എന്നാ താന്‍ ഒന്ന് പഞ്ചാംഗം നോക്കിയെ' എന്ന ഭാവത്തിലാണ് എന്‍റെ വാമഭാവത്തിന്‍റെ ഇരുപ്പ്.സംഭവം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഞാന്‍ കേറി ഇടപെട്ടു.
പതിമൂന്നെങ്കില്‍ പതിമൂന്ന്.
ജ്യോത്സ്യര്‍ പറഞ്ഞതനുസരിച്ച് സെപ്തംബര്‍ പതിമൂന്നിനു വ്യാഴം മാറുന്നതോടെ എന്‍റെ പതിനാലു വര്‍ഷത്തെ വനവാസം മാറുമെന്ന് ഞാന്‍ സ്വയം വിധി എഴുതി.അത് കഴിഞ്ഞാല്‍ പട്ടാഭിക്ഷേകം.
പണ്ടാരം അടങ്ങി പോകാതെ രക്ഷപ്പെട്ട ആശ്വാസം ജ്യോത്സ്യന്‍റെ മുഖത്ത്, കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളായത് കൊണ്ട് മനസ്സ് കുളിര്‍ത്തതിന്‍റെ തെളിമ എന്‍റെ മുഖത്ത്.പക്ഷേ അടുത്ത് ഇരിക്കുന്ന വൈഫിനു പിന്നെയും സംശയം:
"പറഞ്ഞ ദിവസത്തിനു ഇനിയും രണ്ട് മാസത്തോളം സമയമില്ലേ, ചേട്ടനു ശ്രീരാമ ചന്ദ്രന്‍റെ യോഗം ആയ സ്ഥിതിക്ക് ഇപ്പോ രാമായണത്തിലെ ഏത് ഭാഗത്താ ചേട്ടന്‍റെ അവസ്ഥ?"
ഒരു ഒന്ന് ഒന്നൊര ക്വസ്റ്റ്യന്‍!!!
'എന്തോന്നടേ ഇത്' എന്ന ഭാവത്തില്‍ ജ്യോത്സ്യന്‍ കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി.ഏത് നശിച്ച നേരത്താ എനിക്ക് ശ്രീരാമചന്ദ്രന്‍റെ യോഗമാണെന്ന് പറയാന്‍ തോന്നിയത് എന്നോര്‍ത്ത് അതിയാന്‍ മനസ്സില്‍ ്‌പ്രാകുന്നുണ്ടായിരിക്കും.ഞാനും ആകെ നിസ്സഹായകനായി, ദയനീയമായി ഞാന്‍ അയാളെ ഒന്ന് ചിരിച്ച് കാണിച്ചു.അയാള്‍ എന്നെ ഒളികണ്ണിട്ട് ഒരു വല്ലാത്ത നോട്ടം നോക്കി കൊണ്ട് കവടി നിരത്തി തുടങ്ങി.
ഇപ്പോ കഴിഞ്ഞത് സുന്ദര കാണ്ഡം ആണത്രേ. അതായത് സാക്ഷാല്‍ ഹനുമാന്‍ സ്വാമി മായാ സീതയെ കണ്ട് ശ്രീരാമ ചന്ദ്രന്‍റെ അവസ്ഥ ബോധിപ്പിച്ച് പോലും.എന്നിട്ട് ലങ്കാദഹനവും കഴിഞ്ഞ് അദ്ദേഹം തിരിച്ച് വന്ന് ലങ്കയിലെ അവസ്ഥയും, സീതാദേവിയുടെ അവസ്ഥയും ശ്രീരാമനോട് പറഞ്ഞ് പോലും.
ഇത്രയും പറഞ്ഞിട്ട് ജ്യോത്സ്യന്‍ എന്നോട് ഒരു ചോദ്യം:
"ശരിയല്ലേ?"
ഇമ്മാതിരി മണ്ടന്‍ ചോദ്യത്തിനൊക്കെ ഞാന്‍ എന്ത് ഉത്തരം പറയാന്‍.
എന്നില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എന്ന രീതിയില്‍ തലയാട്ടി കൊണ്ട് അയാള്‍ പറഞ്ഞു:
"ഇനി യുദ്ധയാത്രയാ"
മനസ്സിലായോ എന്ന മട്ടില്‍ ഭാര്യ എന്നെ നോക്കി, മനസ്സിലായെന്ന് ഞാനും തലയാട്ടി.അതായത് ഇനി വാനരപ്പടയുമായി ലങ്കയിലെത്തണം, എന്നിട്ട് യുദ്ധം ചെയ്യണം, കുറേ രാക്ഷസന്‍മാരെ തട്ടണം.പറഞ്ഞ് വരുമ്പോ ഇന്ദ്രജിത്ത് എന്നൊരു സാധനമുണ്ട്, അവനെ തട്ടാന്‍ ലക്ഷ്മണന്‍ വേണം, തല്ക്കാലം എന്‍റെ അനിയനോട് പറയാം , ഓന്‍ സമ്മതിക്കാതിരിക്കില്ല.പിന്നെ കുംഭകര്‍ണ്ണനും, രാവണനും, അതിനു ഞാന്‍ മതി.ഇതിനു ഇടക്ക് മരുത്വാമല കൊണ്ട് വരാന്‍ ഹനുമാന്‍ സ്വാമി ഒരിക്കല്‍ കൂടി വരേണ്ടി വരും, മനസ്സ് അറിഞ്ഞ് ഒന്നൂടെ വിളിച്ച് നോക്കാം.ഒടുവില്‍ മായാ സീതയെ തീയിലിട്ടിട്ട് ഒര്‍ജിനല്‍ സീതയുമായി തിരിച്ച് വരണം, ഇതിനു എല്ലാം കൂടി ഇനി ഒരു രണ്ട് മാസം സമയം.
അത് കഴിഞ്ഞാ പട്ടാഭിക്ഷേകം.
ഞാന്‍ ഇങ്ങനെ ആലോചിച്ച് ഇരിക്കെ ജ്യോത്സ്യന്‍ ചോദിച്ചു:
"മനസ്സിലായോ?"
മനസ്സിലായി, മനസ്സിലായി, കംപ്ലീറ്റ് മനസ്സിലായി.
പെട്ടന്നാണ് മനസ്സില്‍ ഒരു ആശങ്ക വന്നത്, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖിച്ച് ജീവിക്കുന്ന സമയത്താ, സീതയെ കൊണ്ട് പോയി കാട്ടില്‍ വിട്ടത്, ഇനി അങ്ങനെ വല്ലതും?
എന്‍റെ സംശയം മനസ്സിലാക്കിയ ജ്യോത്സ്യന്‍ പറഞ്ഞു:
"അത് ഉത്തര രാമായണം, യഥാര്‍ത്ഥ ശ്രീരാമ ചന്ദ്രന്‍റെ കഥയുമായി അതിനെ ബന്ധിപ്പിക്കേണ്ട, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖമായി ജീവിച്ചു, ഇതാ സത്യം"
ഹാപ്പിയായി!!!
പഴയ കൂട്ടുകാരെ കാണുമ്പോ പറയേണ്ട ഡയലോഗ് മനസ്സില്‍ ഓര്‍ത്തു, നരസിംഹത്തിലെ ലാലേട്ടനെ പോലെ മീശ പിരിച്ച് വേണം അത് പറയാന്‍:
"പതിനാലു വര്‍ഷത്തെ വനവാസത്തിനു ശേഷം ഇന്ദുചൂഡന്‍ വീണ്ടും വരുന്നു, ചില കളികള്‍ പഠിക്കാനും, ചില കളികള്‍ പഠിപ്പിക്കാനും"
കൊള്ളാം, ബലഭേഷ്.
പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, ജ്യോത്സ്യരുടെ കൈയ്യിലോട്ട് ഒരു അഞ്ഞൂറ്റി ഒന്ന് രൂപ വിത്ത് വെറ്റ ആന്‍ഡ് പാക്ക് ഏല്‍പ്പിച്ചു.ഇനി കാശ് കുറഞ്ഞതിനുള്ള പ്രാക്ക് കൂടി വേണ്ട, അല്ലാതെ തന്നെ ശാപങ്ങള്‍ ആവശ്യത്തിനുണ്ട്.
ജ്യോത്സ്യരുടെ വീട്ടില്‍ നിന്ന് പടി ഇറങ്ങുമ്പോ ഭാര്യ നല്ല സന്തോഷത്തിലായിരുന്നു.അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം.എന്‍റെ മനസ്സിലും എന്തോക്കെയോ ആശ്വാസങ്ങള്‍.
ഇതിനിടക്ക് ഭാര്യ ഒരു ചോദ്യം:
"ഈ വനവാസത്തിനു മുന്നേ ചേട്ടന്‍ സൂപ്പര്‍ ആയിരുന്നോ?"
ആയിരുന്നോന്നോ??
വല്ലാത്ത ചോദ്യം തന്നെ!!!
പഴയകാലങ്ങള്‍ മനസ്സിലേക്ക് ഓടി വന്നു, കാവിലെ പാട്ട് മത്സരം, ചെസ്സ് കളി, കബഡി, അങ്ങനെ പലതും.
ശരിക്കും ഈ ചോദ്യത്തിനു മറുപടി യോദ്ധയില്‍ ജഗതി നായികയോട് പറയുന്ന വീരവാദങ്ങളാണ്, അത് തന്നെയാണ് ഈ സാഹചര്യത്തിനു ചേര്‍ന്നതും.
"എന്‍റെ താളബോധവും അക്ഷരസ്ഫുടതയും അവനില്ലല്ലോ, എന്‍റെ വായില്‍ നിന്ന് കടിച്ച പൊട്ടാത്ത പദങ്ങള്‍ അനര്‍ഘള നിര്‍ഗളം പ്രവഹിക്കുന്നത് കണ്ടും കേട്ടും അവന്‍ ബോധം കെട്ട് വീണു.അവസാനം എല്ലാരും കൂടി എന്നെ പൊക്കി എടുത്തോണ്ട് പോകുകയായിരുന്നു"
ഹോ, ഭയങ്കരന്‍ തന്നെ!!!
പഴയ വീരവാദ കഥകള്‍ കേട്ട് അവള്‍ ചിരിച്ച് കൊണ്ട് ഇരിക്കവേ ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.ജ്യോത്സ്യത്തില്‍ അത്ര വിശ്വാസം ഒന്നും ഇല്ല, എങ്കിലും നന്നാവും എന്ന് ഒരാള്‍ ആദ്യമായി പറഞ്ഞപ്പോ ഒരു സമാധാനം.അങ്ങേര് പറഞ്ഞ പോലെ പതിനാല് വര്‍ഷം മുമ്പ്, പഠിച്ച് ഇറങ്ങിയപ്പോ എന്തായിരുന്നോ, അതേ വട്ട പൂജ്യത്തിലാ ഇപ്പോഴും.ചോര തിളപ്പുള്ള കാലം കഴിഞ്ഞിരിക്കുന്നു, എങ്കിലും ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ ആക്സിലേറ്ററില്‍ കാല്‍ ആഞ്ഞ് അമര്‍ത്തി, കാറിന്‍റെയും, എന്‍റെ ജീവിതത്തിന്‍റെയും.
ഈശ്വരോ രക്ഷതു.
1 comment:
സംഭവിച്ചതെല്ലാം നല്ലതിനു ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു. അങ്ങനെ ഒരു ശുഭാപ്തിവിശ്വാസത്തിൽ മുൻപോട്ട് പോകട്ടെ :)
Post a Comment