ഒരിക്കല്‍ അമ്മ എന്നോട് പറഞ്ഞു, ആലപ്പുഴയില്‍ നവോദയ വിദ്യാലയം വരുന്നെന്ന്.ചെറിയ കുട്ടിയായിരുന്ന എനിക്ക് ഒന്നും മനസ്സിലായില്ല.പഠിച്ച് പരീക്ഷ പാസ്സായാല്‍ ആ സ്ക്കൂളില്‍ ചേരാമെന്നും, അവിടെ ചേര്‍ന്ന് പഠിച്ചാല്‍ വളരെ നല്ലതാണെന്നും ടീച്ചര്‍മാരുടെ പ്രോത്സാഹനങ്ങള്‍.പരീക്ഷ എഴുതി പാസ്സായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞങ്ങളാണത്രേ ആദ്യ ബാച്ച്.അങ്ങനെ പുതിയ സ്ക്കൂളിനെ കുറിച്ചുള്ള ഒരുപാട് സങ്കല്‍പ്പങ്ങളുമായി ഞാന്‍ അടക്കം കുറേ കുട്ടികള്‍ ആദ്യമായി ആ സ്ക്കൂളിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു.
ജവഹര്‍ നവോദയ വിദ്യാലയം.
ചെന്നിത്തല, ആലപ്പുഴ.
ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത് ഒരു വലിയ കിണറാണ്.മണികിണറുകളും ചെറിയ കിണറുകളും കണ്ട് വളര്‍ന്ന എനിക്ക് അത്ര വലിയൊരു കിണര്‍ അത്ഭുതം തന്നെ ആയിരുന്നു.എല്ലാ നവോദയിലും ഇങ്ങനെ ഒരു കിണര്‍ കാണുമെന്ന് ഞാന്‍ സ്വയം കരുതി.ഞാന്‍ ഇത് വരെ പഠിച്ച് സ്ക്കൂളിന്‍റെ അത്ര വലുതല്ല ഈ സ്ക്കൂളെന്ന് എനിക്ക് മനസ്സിലായി.തുടക്കമായത് കൊണ്ടാണെന്നും താമസിയാതെ വലിയൊരു സ്ക്കൂളായി ഇത് മാറുമെന്നും ആരൊക്കെയോ പറയുന്ന കേട്ടു.ബോയ്സ്സിനും ഗേള്‍സ്സിനും ഉള്ള ഡോര്‍മെറ്ററിയും, രണ്ട് ക്ലാസ്സ് റൂമും രണ്ട് ടീച്ചേഴ്സ്സ് റൂമും, ഒരു മെസ്സും, പിന്നെ ജയിലു കെട്ടി അടക്കുന്ന പോലെ നാല് വശവും കവര്‍ ചെയ്ത മതിലും, അതായിരുന്നു ആദ്യമായി കണ്ട നവോദയ.ആ മതില്‍ കെട്ടിനുള്ളില്‍ ഈ കെട്ടിടങ്ങളും കിണറും മാറ്റി നിര്‍ത്തിയാല്‍ ഇട തൂര്‍ന്ന അക്കേഷ്യ മരങ്ങള്‍ മാത്രം.ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സദസ്സിനെ അഭിമുഖീകരിച്ച് ഒരാള്‍ സംസാരിച്ച് തുടങ്ങി, അത് ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.ഹിസ്റ്ററി ആയിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയം.ആ വേദിയില്‍ അദ്ദേഹത്തിന്‍റെ ചോദ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു:
"വാട്ട് ഈസ്സ് ഹിസ്റ്ററി?"
മുഴങ്ങി കേട്ട ആ ചോദ്യത്തിനു ആരും ഉത്തരം പറഞ്ഞില്ല.തികഞ്ഞ നിശബ്ദതയില്‍ സദസ്സ് ഇരുന്നപ്പോള്‍ അതിനുള്ള മറുപടി അദ്ദേഹം തന്നെ തന്നു:
"ഹിസ്റ്ററി ഈസ്സ് ഹിസ്സ് സ്റ്റോറി"
അത് അവന്‍റെ കഥയാണ്.
ശരിയാണ്, ആ അവന്‍ നമ്മളില്‍ ഒരോരുത്തരുമാണ്.അത് ഞാനാണ്, എന്‍റെ സഹപാഠികളായ കൂട്ടുകാരാണ്, പിന്നെ ഞങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയത്തിലേക്ക് പ്രവേശിച്ച നിങ്ങള്‍ ഒരോരുത്തരുമാണ്.ഇരുപത്തി അഞ്ച് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ നവോദയയുടെ ഹിസ്റ്ററി പരിശോധിച്ചാല്‍ ആദ്യം കേട്ട വാക്കുകളാണ് മനസ്സില്‍ വരുന്നത്...
ഹിസ്റ്ററി ഈസ്സ് ഹിസ്സ് സ്റ്റോറി.
അത് അവന്‍റെ കഥയാണ്.
നവോദയയുടെ ചരിത്രത്തില്‍ ആ അവന്‍, ഞങ്ങളാണ്.
ഇത് ഞങ്ങളുടെ കഥയാണ്.
മീറ്റിംഗിനു ശേഷം അച്ഛന്‍റെയും അമ്മയുടെയും കൈയ്യില്‍ പിടിച്ച് ഞാന്‍ അവിടൊക്കെ നടന്നു.ഇനി അനിവാര്യമായ ഒരു കാര്യമുണ്ട്, അച്ഛനും അമ്മക്കും കുഞ്ഞ് അനുജത്തിക്കുമെല്ലാം എന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണം.ഇത്രനാളും ആരുടെ സംരക്ഷണയിലായിരുന്നോ, ഇനി അവരൊക്കെ ഈ മതില്‍ കെട്ടിനു പുറത്താണ്, എനിക്ക് സംരക്ഷണ നവോദയ എന്ന ഈ വിദ്യാലയം മാത്രം.അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു, സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി അമ്മ പറഞ്ഞു:
"നല്ല കുട്ടിയായി പഠിക്കണം...."
ഒന്ന് നിര്‍ത്തിയട്ട് അമ്മ ഒരു കാര്യം കൂടി പറഞ്ഞു:
"അക്കേഷ്യ മരത്തിന്‍റെ അടുക്കല്‍ പോകരുത്"
അമ്മ ആ പറഞ്ഞത് എന്തായിരുന്നെന്ന് എനിക്ക് മനസ്സിലായില്ല.ഒരു തരം മഞ്ഞ പൂവാണ് അക്കേഷ്യക്ക്.ആ കാട് നിറയെ മഞ്ഞ പൂക്കള്‍ ആയിരുന്നു.ഈ പൂവില്‍ നിന്ന് വരുന്ന പൊടി ദീര്‍ഘകാലം ശ്വസിച്ചാല്‍ ആസ്മ ഉണ്ടാക്കുമെന്ന് ആരോ പറയുന്നത് കേട്ടായിരുന്നു അമ്മ അങ്ങനെ പറഞ്ഞത്.കാലം കഴിയവേ ഈ അക്കേഷ്യ കാടുകള്‍ വെട്ടി നിരത്തി അവിടെല്ലാം സ്ക്കൂള്‍ കെട്ടിടങ്ങള്‍ വരുമെന്ന് ദീര്‍ഘ വീക്ഷണമുള്ള ആരോ അവിടെ നിന്ന് പറഞ്ഞിരുന്നു.ഞാന്‍ ഇറങ്ങുന്ന വരെ കാടുകളുടെ വിസ്തൃതി കുറഞ്ഞതല്ലാതെ പൂര്‍ണ്ണമായും അവ വെട്ടി മാറ്റിയിരുന്നില്ല, മാത്രമല്ല ഞങ്ങള്‍ക്ക് ആര്‍ക്കും ആസ്മയും വന്നിരുന്നില്ല.ഒരു വര്‍ഷം മുമ്പേ നവോദയ സ്ക്കൂളില്‍ ഞാന്‍ പോയിരുന്നു, അന്ന് ഒരുകാലത്ത് എനിക്ക് പ്രിയപ്പെട്ട അക്കേഷ്യ മരങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.ആ മഞ്ഞ പൂക്കള്‍ മായാത്ത ഒരു ഓര്‍മ്മയായി ഇന്നും മനസ്സില്‍ നില്‍ക്കുന്നു.
ആ ഓര്‍മ്മകള്‍ പലതാണ്...
അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ ഓടി കളിച്ചത്, വീണു കിടക്കുന്ന ഇലപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ പാമ്പ് ഉണ്ടെന്ന് കരുതി പേടിച്ചത്, പിന്നെ മഞ്ഞ പരവതാനി പോലത്തെ അക്കേഷ്യ പൂക്കള്‍.ഇത് മാത്രമല്ല, ആദ്യമായി അക്കേഷ്യ മരങ്ങള്‍ വെട്ടി നിരത്തിയ സ്ഥലത്ത് ആയിരുന്നു ഞങ്ങള്‍ അസംബ്ലി കൂടിയിരുന്നത്.മറ്റൊരു പ്രത്യേകത കൂടി ആ സ്ഥലത്തിനുണ്ട്, രാത്രിയില്‍ ഉറങ്ങാന്‍ പിരിയുന്നതിനു മുമ്പേ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ അവിടെ ഒത്ത് കൂടാറുണ്ടായിരുന്നു.അവിടെ വച്ച് ഞങ്ങള്‍ ഒരുമയോടെ ഒരു പാട്ട് പാടുമായിരുന്നു, ഇപ്പോഴും ആ പാട്ട് എന്‍റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്...
"വീ ഷാള്‍ ഓവര്‍ കം, വീ ഷാള്‍ ഓവര്‍ കം
വീ ഷാള്‍ ഓവര്‍ കം, സം ഡേ
ഓ ഡീപ്പ് ഇന്‍ മൈ ഹാര്‍ട്ട്, ഐ ഡു ബിലീവ്
വീ ഷാള്‍ ഓവര്‍ കം, സം ഡേ"
വല്ലാത്തൊരു എനര്‍ജി ആയിരുന്നു ആ പാട്ടിനു.
ഒറ്റയ്ക്ക് അല്ലെന്നും കൂടെ ആരൊക്കെയോ ഉണ്ടെന്ന ചിന്ത മനസ്സില്‍ വേരൂന്നിയതും ആ കാലത്താണ്.
അന്ന് തുടങ്ങിയ ഒരുമ പിന്നെ തുടര്‍ന്ന് കൊണ്ടേയിരുന്നു, അത് ഇന്നും തുടരുന്നു.നവോദയ വിദ്യാലയത്തോടെ ഞങ്ങള്‍ക്ക് ഒരുപാട് നന്ദിയുണ്ട്, എന്നെ ഞാനാക്കിയതിനു, എന്‍റെ കാര്യം പോലെ, എന്‍റെ സഹപാഠികളെയും അനിയന്‍മാരെയും അനിയത്തിമാരെയും എല്ലാം വ്യക്തിത്വമുള്ള വ്യക്തികള്‍ ആക്കിയതിനു.എല്ലാത്തിനും മേലെ നവോദയ എന്ന കുടുംബത്തിലെ അംഗമായി ഒത്തൊരുമയോടെ ജീവിക്കാന്‍ പഠിപ്പിച്ചതിനു.
വ്യക്തി പരമായി പറഞ്ഞാല്‍ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എന്നെ പഠിപ്പിച്ചത് നവോദയ ആണ്.ജീവിതത്തില്‍ തളര്‍ന്ന് പോകുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നവോദയില്‍ നിന്ന് രാത്രിയില്‍ ഒരുമിച്ച് നിന്ന് പാടിയ വരികള്‍ മനസ്സിലേക്ക് ഓര്‍മ്മ വരും....
"വീ ഷാള്‍ ഓവര്‍ കം, വീ ഷാള്‍ ഓവര്‍ കം
വീ ഷാള്‍ ഓവര്‍ കം, സം ഡേ
ഓ ഡീപ്പ് ഇന്‍ മൈ ഹാര്‍ട്ട്, ഐ ഡു ബിലീവ്
വീ ഷാള്‍ ഓവര്‍ കം, സം ഡേ"
കണ്ണടച്ച് ഈ വരികള്‍ ചൊല്ലി കഴിയുമ്പോള്‍ എനിക്കറിയാം, എന്‍റെ മുന്നിലെ പ്രശ്നങ്ങള്‍ എന്നെ തളര്‍ത്തില്ല.കാരണം ഞാന്‍ ഒറ്റയ്ക്കല്ല, എന്‍റെ കൂടെ ഒരു കുടുംബം മുഴുവനുണ്ട്, എന്‍റെ നവോദയയിലെ എന്‍റെ കൂട്ടുകാര്‍.ആ ഒരു ചിന്തയില്‍ ഒരിക്കലും പരാജയപ്പെടില്ല, ഞാനും എന്നെ പോലെ നവോദയ ഒരു വികാരമായി കരുതുന്ന അനേകം പേരും.
No comments:
Post a Comment