For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം



ഇന്നും ഇന്നലെയുമായി ആയിരുന്നു ചെന്നിത്തല നവോദയയുടെ സില്‍വല്‍ ജൂബിലി ആഘോഷം.എന്നിരുന്നാലും പ്രാധാന്യം ഇന്നലത്തെ ദിവസത്തിനായിരുന്നു.അത് കൊണ്ട് തന്നെ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയിട്ടും ഞാന്‍ കായംകുളത്ത് എത്തി.ശനിയാഴ്ച രാവിലെ എന്നെ ഉണര്‍ത്തിയത് ശ്രീകല ടീച്ചറിന്‍റെ ഫോണായിരുന്നു, ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ കാരണം വരാന്‍ പറ്റാത്ത വിഷമവും, ടീച്ചറിനെ വീട്ടില്‍ ചെന്ന് ക്ഷണിച്ച അനീഷിനോടും ബിനുരാജിനോടും പ്രത്യേകം സൂചിപ്പിക്കണമെന്ന നിര്‍ദേശവും തന്നിട്ട് ടീച്ചര്‍ ഫോണ്‍ വച്ചു.ആദ്യമേ പറയട്ടെ, ടീച്ചര്‍ വരില്ല എന്ന വാചകം എന്നെ വിഷമിപ്പിച്ചു, ഒരുപക്ഷേ ആ സ്ക്കൂളില്‍ അന്നേ ദിവസം ടീച്ചര്‍ വരണമെന്ന് ഏറെ ആഗ്രഹിച്ചത് ഞാനായത് കൊണ്ടാകാം.

രാവിലെ നവോദയിയിലേക്ക് പോകാനായി ഒരുങ്ങി, ഇതിനു ഇടയില്‍ വരുന്നില്ലേ എന്ന അന്വേഷണവുമായി അനീഷിന്‍റെയും, ജൂനിയര്‍ ആയ ഗോപേഷിന്‍റെയും ഫോണുകള്‍ വന്നു.സ്നേഹമുള്ളവര്‍ ഇങ്ങനെയാണ്, 'നീ വരില്ലേ' എന്ന് ചോദിക്കും.ആലോചിച്ച് നോക്കിയപ്പോ ചിലരോടൊക്കെ ഞാനും ചോദിച്ചിട്ടുണ്ട്.എനിക്ക് കിട്ടിയ മറുപടികള്‍ 'വരില്ല' എന്ന് ആയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞ മറുപടി 'വരുവാ' എന്ന് ആയിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കാരണം എനിക്ക് അന്നേ ദിവസം വീട്ടില്‍ തന്നെ നില്‍ക്കേണ്ടതായി വന്നു.അവസാനം ഉച്ചയ്ക്ക് ശേഷം ഒരു മൂന്ന് മണിക്കൂര്‍ സമയം തരപ്പെടുത്തി ഞാന്‍ നവോദയയിലേക്ക് യാത്രയായി.

സ്ക്കൂളിനു അരികിലുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് കാര്‍ കയറ്റവേ, അവിടെ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഞാന്‍ പറഞ്ഞു:
"ചേട്ടാ, എനിക്ക് പെട്ടന്ന് തിരികെ പോണം, കാറ്‌ ബ്ലോക്കാവാതെ ഒന്ന് നോക്കണേ"
അത് കേട്ട് ആ ചേട്ടന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"പെട്ടന്ന് പോകണമെന്ന് പറഞ്ഞവരുടെ കാറുകള്‍ ഒക്കെയാ ഈ കിടക്കുന്നത്"
വണ്ടി പാര്‍ക്ക് ചെയ്ത് നോക്കവേ അവിടെ എല്ലാം കാറുകള്‍.
സ്ക്കൂളിലേക്ക് നടക്കവേ സെക്യൂരിറ്റി ചേട്ടന്‍ അടുത്ത് നില്‍ക്കുന്ന ആളിനോട് പറയുന്നത് കേട്ടു:
"പെട്ടന്ന് പോകണമെന്ന് പറഞ്ഞ് അകത്തോട്ട് കയറിയവരാരും പിന്നെ ഇങ്ങോട്ട് ഇറങ്ങി വന്നിട്ടില്ല, എന്ത് മായയാണോ ആവോ?"
അത് എന്ത് മായ ആണെന്ന് എനിക്ക് അറിയാമായിരുന്നു.അതാണ്‌, നവോദയ.ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്‌ ഞാനെന്ന് അഭിമാനത്തോടെ പറയുന്നവരും ആ ഒഴുക്കില്‍ പെട്ടാല്‍ മറ്റെല്ലാം മറന്ന് കൂടെ നീന്തുന്നവരുമാണ്‌ നവോദയക്കാര്‍, ഞാനും അവരില്‍ ഒരാളാണ്.

സ്ക്കൂളില്‍ കയറവേ മുന്നില്‍ തന്നെ ഉണ്ടായിരുന്നു ഫസ്റ്റ് ബാച്ചിലെ എല്ലാ സുഹൃത്തുക്കളും.അവരെ ഒക്കെ അകത്ത് കയറ്റാത്തതാണോ അതോ അവര്‍ കയറാത്തതാണോ എന്ന് അറിയില്ല, എങ്കിലും ഞാന്‍ അവരോട് ചേര്‍ന്നു.നീ വന്നോ, ഇപ്പോഴാണോടാ വരുന്നത്, തുടങ്ങിയ പല്ലവികള്‍ പലരില്‍ നിന്നും കേട്ടു.ഞാന്‍ വന്നു, ഞാന്‍ ഇപ്പോഴാണ്‌ വരുന്നത്, വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ വരാം എന്ന ഭാവത്തില്‍ ഞാനും നിന്നു.എല്ലാവരെയും എനിക്ക് അറിയാം, പരിചയമുണ്ട്, അതൊരു സ്വകാര്യ അഹങ്കാരമായി കരുതവേ ഒരു പെണ്‍കുട്ടിയെ മുന്നിലേക്ക് നീക്കി നിര്‍ത്തി സ്മിത ചോദിച്ചു:
"ഇതാരാണെന്ന് പറയാമോ?"
കൂടെ പഠിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ റീവൈന്‍ഡ് ചെയ്തു നോക്കി, പേരും മുഖവും മാച്ചാവുന്നില്ല.
ആരാണിവള്‍??
"അനീഷ"
ചിരിച്ച് കൊണ്ട് അവള്‍ തന്നെ മറുപടി പറഞ്ഞു.
മനസ്സിന്‍റെ ഡേറ്റാബേസ്സില്‍ ഡീറ്റൈയില്‍സ്സ് പതിയെ തെളിഞ്ഞു.ഓര്‍ത്ത് എടുക്കാഞ്ഞതിലെ പരിഭവം ആ മുഖത്ത് ഉണ്ടോന്ന് മനസിലായില്ല, എങ്കിലും എന്‍റെ കടമ എന്ന രീതിയില്‍ ഞാന്‍ പറഞ്ഞു:
"സോറി, പെട്ടന്ന് കത്തിയില്ല"

സ്മിതയുടെ ഹസ്ബെന്‍റ്‌ ഒരു അരികിലായി നില്‍പ്പുണ്ടായിരുന്നു.ഇത് വരെ കണ്ട മീറ്റുകളിലൊക്കെ ഞങ്ങളൊടൊപ്പം ​കൂടി ആഘോഷമാക്കിയ മനുഷ്യന്‍.ഒരുപക്ഷേ നവോദയയില്‍ കൂടെ പഠിച്ചവരുടെ മുഖത്തെക്കാള്‍ എളുപ്പം ​ഓര്‍മ്മ വരുന്നത് ആ മുഖമാണ്.അപരിചിതന്‍ അല്ലാത്തതിനാല്‍ ധൈര്യമായി തോളില്‍ കൈയ്യിട്ട് തന്നെ സംസാരിച്ചു.തുടര്‍ന്ന് എല്ലാവരും അകത്തേക്ക്.അനീഷിനെ കണ്ടില്ലായിരുന്നു, എല്ലാത്തിനും കിടന്ന് ഓടുന്നത് അവനാണല്ലോ എന്ന് കരുതി അവനെ തേടി ഞാന്‍ ചെന്നു.എതിരെ വന്ന അവന്‍ ഒരു മൈന്‍ഡ് പോലും ചെയ്യാതെ ഒറ്റ പോക്കായിരുന്നു.പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ അവന്‍ വെട്ടി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.പഴയ സിനിമകളിലെ കാരണവന്‍മാരുടെ ഡയലോഗ് മനസ്സില്‍ മുഴങ്ങി...
ഒടുവില്‍ നീ വന്നു, അല്ലേ?
യെസ്സ്, ഐയാം ബാക്ക്.

ജോയ് സാറിനെയും, നെല്‍സണ്‍ സാറിനെയും കണ്ടു.ഷേര്‍ലി ടീച്ചര്‍ സ്റ്റേജിലാണ്.ഇനി ആര്‌ എന്ന് തിരക്കവേ മറ്റൊരു അനീഷ് ചെവിയില്‍ പറഞ്ഞു:
"മിനി ടീച്ചര്‍ വന്നിട്ടുണ്ട്"
"എവിടെ?"
"സ്റ്റേജിലുണ്ട്, പക്ഷേ ആരെയും ഓര്‍മ്മയില്ല.കുറേ പറഞ്ഞ് കഴിഞ്ഞപ്പോഴാ ഞാന്‍ ആരാണെന്ന് ടീച്ചറിനു മനസിലായത്"
മിനി ടീച്ചറീനെ കാണണം.
അധിക കാലം നവോദയയില്‍ ഉണ്ടായിരുന്നില്ലെങ്കിലും എന്‍റെ മനസില്‍ ഓര്‍മ്മ ഉള്ള ഒരു മുഖമാണ്.ചിരിച്ച് കൊണ്ട് മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു.പണ്ടേ അങ്ങനെയാണ്, കണക്ക് പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ഒക്കെ എന്നെ ഇഷ്ടമായിരുന്നു.അന്വേഷിക്കവേ കണ്ടു, ഒരേ തരം സാരി ഉടുത്ത ടീച്ചറുമാരുടെ നടുവില്‍ ചുവന്ന സാരി ഉടുത്ത് മിനി ടീച്ചര്‍.മെല്ലെ അങ്ങോട്ട് ചെന്നു, എല്ലാവരും ഒരുവന്‍ വരുന്നത് കണ്ട് തിരിഞ്ഞ് നോക്കി.എല്ലാവരുടെയും മുഖത്ത് പ്രിയങ്കരനായ പൂര്‍വ്വകാല വിദ്യാര്‍ത്ഥിയെ കണ്ട ചിരി.സത്യം പറയാമല്ലോ, ആ കൂട്ടത്തില്‍ മിനി ടീച്ചര്‍ അല്ലാതെ വേറെ ആര്‍ക്കും എന്നെ കണ്ട പരിചയം കൂടി ഉണ്ടാകാന്‍ വഴിയില്ല, എങ്കിലും അവരെല്ലാം ചിരിക്കുവാ, പാവങ്ങള്‍, രാവിലെ മുതല്‍ ഒരോ അവന്‍മാര്‌ ചെന്ന് ഓര്‍മ്മയുണ്ടോന്ന് ചോദിച്ചതിന്‍റെ ആഫ്റ്റര്‍ ഇഫക്ട് ആകാനെ ചാന്‍സുള്ളു.എല്ലാവരെയും നോക്കി ചിരിച്ചിട്ട്, നേരെ മിനി ടീച്ചറിനു മുന്നിലെത്തി, എന്നിട്ട് ചോദിച്ചു:
"മിനി ടീച്ചറിനു എന്നെ ഓര്‍മ്മയുണ്ടോ?"
എന്‍റെ മുഖത്തേക്ക് തന്നെ നോക്കി ടീച്ചര്‍ തിരികെ ചോദിച്ചു:
"അരുണല്ലേ?"
അറിയാതെ ഇനി ഒന്നും വേണ്ട എന്ന അര്‍ത്ഥത്തില്‍ വലതു കൈ ഉയര്‍ത്തി പോയി.മനസ്സില്‍ സന്തോഷം അതിരില്ലാതെ അലയടിച്ചു.മതി, ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട.
തിരികെ കൂട്ടുകാരുടെ അടുത്ത് എത്തിയപ്പോ മിനി ടീച്ചര്‍ എന്നെ തിരിച്ച് അറിഞ്ഞ കാര്യം പറഞ്ഞില്ല.അല്ലേലും അത് അങ്ങനെയാ, കഥകളിയില്‍ പച്ചയെയും കത്തിയേയും മറന്നാലും കരിവേഷത്തെ ആരും മറക്കില്ല.വന്യമായ സൌന്ദര്യം ഉള്ളത് ആ കരി വേഷത്തിനു മാത്രമാ.

ഒരു റൌണ്ട് കൂടി കറങ്ങി നോക്കി.സ്മിതയോടെ ഒപ്പം അനീഷ നില്‍ക്കുന്നു.അടുത്ത് ചെന്ന് ക്ഷമാപണത്തോടെ പറഞ്ഞു:
"ശരിക്കും എല്ലാവരെയും ഞാന്‍ ഓര്‍ത്തു, അനീഷയെ സത്യത്തില്‍ മനസിലായില്ല"
അനീഷ ചിരിച്ച് കൊണ്ട് എന്നെ ആശ്വസിപ്പിച്ചു:
"സാരമില്ല, ഞാന്‍ അങ്ങനെ ഗ്രൂപ്പിലൊന്നും ആക്ടീവല്ല"
പാവം, ഇന്‍റര്‍നെറ്റും ഫോണ്‍കണക്ഷനും ഇല്ലാത്ത ഏതോ കുഗ്രാമത്തില്‍ ആരെയോ കല്യാണം കഴിച്ച് കഴിഞ്ഞ് കൂടുകയാവും.
എവിടെയാണോ ആവോ??
ഡയറക്ട് ആ ചോദ്യം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു:
"ഞാന്‍ അങ്ങ് യൂകെയിലാ, ഒരു അഞ്ച് മണിക്കൂര്‍ ടൈം ഡിഫറന്‍സ്സ് ഉള്ള കൊണ്ടാ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്തത്"
പുല്ല്, ചോദിക്കണ്ടായിരുന്നു.
ഇനി തിരിച്ച് ഒരു ചോദ്യമുണ്ട്, അരുണ്‍ എന്ത് ചെയ്യുന്നെന്ന്.നാട്ടില്‍ പല്ലും കുത്തിയിരുപ്പാണെന്ന് മറുപടി പറയാന്‍ ഒരു ചമ്മല്‍.ഏതോ മുന്തിയ ഇനമാ മുന്നിലുള്ളത്.ഞാന്‍ പ്രതീക്ഷിച്ച പോലെ അവള്‍ ഒന്നും ചോദിച്ചില്ല, പകരം തുടര്‍ന്നു:
"ഗ്രൂപ്പ് തുറക്കുമ്പോ പത്ത് ഇരുന്നൂറ്‌ മെസ്സേജ് കാണും, ഇതൊക്കെ വായിക്കാന്‍ പറ്റാത്ത കൊണ്ടാ മറുപടി അയക്കാത്തത്"
അല്ലെങ്കില്‍ തന്നെ ആരാ ഇതൊക്കെ വായിക്കുന്നത്.അവസാനത്തെ മെസ്സേജ് നോക്കും, എന്നിട്ട് വായി തോന്നുന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ഒരു മറുപടിയും കൊടുക്കും, അത്രമാത്രം.അധികം തടി കേടാക്കാതെ ഞാന്‍ അവിടെ നിന്ന് എസ്‌ക്കേപ്പ് ആയി.

നവോദയില്‍ കൂടി ഒരു കറക്കം കൂടി, ഇനി ആരെയും കാണാനില്ല, ആരെ കുറിച്ചും ഒന്നും അന്വേഷിക്കാനില്ല എന്ന് കരുതവേ ആണ്‌ എന്നെ ഞെട്ടിച്ച, അല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷപ്പെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.അതിനു കാരണം എന്‍റെ ജൂനിയര്‍ ബാച്ചായിരുന്നു, എന്‍റെ അനുജന്‍മാര്‍.എവിടുന്ന് ഒക്കെയോ ഓടിയെത്തിയ അവര്‍ പലരും സ്വന്തം ചേട്ടനെ കാണുന്ന സന്തോഷത്തിലാണ്‌ എന്നെ വിളിച്ചത്.പണ്ട് സ്ക്കൂള്‍ കാലഘട്ടത്തില്‍ മിമിക്രി കാണിച്ച ഓര്‍മ്മ ചിലര്‍ക്ക്, കായംകുളം സൂപ്പര്‍ഫാസ്റ്റെന്ന ബ്ലോഗ് വായിച്ച ഓര്‍മ്മ മറ്റു ചിലര്‍ക്ക്, എന്ത് തന്നെ ആയാലും അവര്‍ക്ക് ഞാന്‍ ചേട്ടനാണ്, അവരുടെ അരുണ്‍ ചേട്ടന്‍.ഇത്രയും സന്തോഷം ഉണ്ടായ നിമിഷങ്ങള്‍ ഇല്ലായിരുന്നു.പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല, അല്പം നേരം കൂടി നിന്നാല്‍ ഞാന്‍ കരഞ്ഞ് പോകും, അത്രക്ക് ഒക്കെ നമ്മള്‍ ഉള്ളു.നവോദയ, അതൊരു വികാരമാണ്, ജീവിതമാണ്, വളരെ കുറച്ച് പേര്‍ക്ക് ലഭിക്കുന്ന ഒരു സുകൃതമാണ്.

പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോള്‍ വീണ്ടും ജൂനിയേഴ്സ്സ്, എല്ലാം സുഹൃത്തുക്കള്‍.ചേട്ടന്‍ പോകുവാണോ എന്ന അവരുടെ ചോദ്യത്തിനു തിരിച്ച് വരുമെന്ന് മറുപടി നല്‍കി, അന്ന് വരാന്‍ പറ്റില്ല എന്ന് അറിയാമെങ്കിലും സ്നേഹത്തോടുള്ള ചോദ്യത്തിനു അങ്ങനെ മറുപടി നല്‍കാനാണ്‌ തോന്നിയത്..കാര്‍ എടുത്ത് തിരിക്കവേ, സെക്യൂരിറ്റി ചേട്ടനു അത്ഭുതം, ആദ്യമായാണ്‌ ഒരാള്‍ പെട്ടന്ന് തിരിച്ച് പോകുന്നതെന്ന് തോന്നുന്നു.നവോദയയോട് വല്യ താല്പര്യമില്ലാത്ത ഏതോ വിദ്യാര്‍ത്ഥി ആണെന്ന് കരുതി കാണും.ആ ചേട്ടനു അറിയില്ലല്ലോ, നവോദയയെ ഏറെ സ്നേഹിച്ച, നവോദയക്കാരന്‍  എന്ന് അഭിമാനത്തോടെ പറയുന്ന, കൂടെ പഠിച്ചവരെയും ജൂനിയെഴ്സ്സിനെയും മനസ്സില്‍ ഏറ്റിയ, എത്ര സന്തോഷം ഭാവിച്ചാലും അവസാനം ഓര്‍മ്മയുടെ കൂടാരത്തില്‍ ഒരു തുള്ളി കണ്ണീര്‌ വീഴ്ത്തുന്ന നവോദയന്‍ ഓര്‍മ്മകള്‍ മാത്രമുള്ള ഒരു പാവം പയ്യനാണ്‌ പോകുന്നതെന്ന്.

പ്രിയ വിദ്യാലയമേ, നിനക്ക് നന്മകള്‍ നേരുന്നു.ഇന്ന് രണ്ടായിരത്തി പതിനേഴ് ഡിസംബര്‍ മുപ്പത്തി ഒന്ന്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ആരംഭിച്ച നവോദയ, ഇന്നേ നാള്‍ കഴിഞ്ഞാല്‍ ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് മാറുന്നു.അതിനു മുമ്പേ വര്‍ഷത്തിന്‍റെ അവസാന നാളില്‍ ആണെങ്കിലും സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുന്നിട്ട് ഇറങ്ങിയ എല്ലാവര്‍ക്കും നന്ദി.
ഓര്‍മ്മകള്‍, നഷ്ടങ്ങള്‍, വേദനകള്‍....
എല്ലാം മറക്കാം.
പുതുവര്‍ഷം, അത് സന്തോഷത്തിന്‍റെ, സമാധാനത്തിന്‍റെ ആണെന്ന് മനസില്‍ കരുതാം.
ബി ഹാപ്പി.
ഹാപ്പി ന്യൂ ഇയര്‍.

4 comments:

shajitha said...

nalla ormakal, nannayi ezhutiyirikkunnu

സുധി അറയ്ക്കൽ said...

നല്ല നിറവാർന്ന ഓർമ്മകൾ.

ബ്ലോഗെഴുതാൻ തുടങ്ങിയ അന്ന് മുതൽ നോക്കുന്നതാണു കായംകുളത്ത്‌ ഒരു കമന്റെങ്കിലും ചെയ്യണെന്ന്.കെട്ടിപ്പൂട്ടി വെച്ചേക്കുവല്ലാരുന്നോ??ഇന്നെന്നാ പറ്റിയോ ആവോ??

മഹേഷ് മേനോൻ said...
This comment has been removed by the author.
മഹേഷ് മേനോൻ said...

മുൻപും കായംകുളം സൂപ്പർഫാസ്റ്റിൽ കയറിയിട്ടുണ്ടെങ്കിലും കമെന്റ് ഇടുക എന്ന സാഹസം കാണിച്ചിട്ടില്ല. ഫോളോവേഴ്സിന്റെയും കമന്റുകളുടെയും എണ്ണം കണ്ടു ഫ്യൂസ് അടിച്ചുപോയി നിൽക്കാറാണ് പതിവ്. ഇന്നെന്തായാലും ഈ മനോഹരമായ ഓർമകൾക്ക് മുന്നിൽ ഒരു കൊച്ചുതേങ്ങ ഉടക്കുന്നു ;-)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com