For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മറ്റൊരു പൊന്‍തൂവല്‍


അങ്ങനെയിരിക്കെ ഒരു ദിവസമാണ്‌ അപ്രതീക്ഷിതമായ ആ സംഭവം എന്‍റെ ജീവിതത്തില്‍ ഉണ്ടായത്, ശരിക്കും സന്തോഷം കൊണ്ട് കണ്ണ്‌ നിറഞ്ഞ് പോയ ഒരു സംഭവം.ഇതിന്‍റെ ഫ്ലാഷ്ബാക്ക് എന്തെന്നാല്‍, കുറേ വര്‍ഷം മുമ്പാണ്, അന്ന് ഞാന്‍ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നു, ആത്മാര്‍ത്ഥമായി പണി എടുക്കുന്നു, എന്നാല്‍ അതിനു അനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവോ, സ്ഥാനക്കയറ്റമോ കിട്ടുന്നുമില്ല, എന്തിനു ഏറെ പറയുന്നു, 'എടാ, നീ നന്നായി ജോലി ചെയ്യുന്നു ട്ടോ' എന്ന് ഒരു പട്ടി കുഞ്ഞ് പോലും എന്നെ നോക്കി പറയാത്ത സമയം.അതിന്‍റെ വിഷമം എപ്പോഴും പറയുന്നത് സ്വന്തം വാമഭാഗത്തോടെയാണ്. അവള്‍ ഇത് കേട്ടിട്ട്, 'എല്ലാം ശരിയാകും' എന്ന് വാക്കാല്‍ പറയാറുമുണ്ട്.
എവിടെ ശരിയാവാന്‍??
എന്‍റെ മാത്രമല്ല, എല്ലാ ഐടി കമ്പനികളിലെയും പണിയെടുക്കുന്ന പഹയന്‍മാരുടെ അവസ്ഥ ഇത് തന്നെയാണ്.ഈ ഫ്ലാഷ്ബാക്കിലാണ്‌ ആദ്യ വാചകത്തിന്‍റെ പ്രസക്തി.
അങ്ങനെയിരിക്കെ ഒരു ദിവസമാണ്‌ അപ്രതീക്ഷിതമായ ആ സംഭവം എന്‍റെ ജീവിതത്തില്‍ ഉണ്ടായത്...
[തുടര്‍ന്ന് വായിക്കുന്നതിനു മുമ്പേ ഒരു വാക്ക്, കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്]

ആ കമ്പനിയുടെ തലപ്പത്ത് ഒരു മാറ്റം.പഴയ ആള്‍ മാറി പുതിയ ആള്‍ സ്ഥാനം എടുക്കുന്നു.അത് നല്ലതോ ചീത്തയോ, ഞങ്ങള്‍ക്ക് ഇടയില്‍ ഇങ്ങനെ ഒരു ചോദ്യം ​മുഴങ്ങുന്ന സമയം.
അങ്ങനെ ഇരിക്കെ ഒരു ദിവസം...

കമ്പനിയുടെ പുതിയ മേധാവി ഓഫീസിലേക്ക് വരുന്നു.മീറ്റിംഗുകള്‍ വിളിച്ച് കൂട്ടുന്നു.ഘോരം ഘോരം പ്രസംഗിക്കുന്നു.പുതിയ പ്ലാനുകള്‍, പഴയ പ്ലാനുകള്‍, കമ്പനി ഗ്രാഫ്, ഞങ്ങള്‍ ചെയ്യേണ്ട പണികള്‍, ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന പണികള്‍, അങ്ങനെ പ്രസംഗം നീണ്ട് നീണ്ട് പോകുന്നു.ഉച്ച സമയം, അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന നിമിഷങ്ങള്‍, പെട്ടന്ന് ഒരു ശബ്ദം:
"മനൂ"
എന്‍റെ പേര്, ആരോ വിളിക്കുന്നു, ആരാദ്, അശരീരി ആണോ?
തല ഉയര്‍ത്തി നോക്കിയപ്പോ കമ്പനി മേധാവി മൈക്കില്‍ കൂടി വീണ്ടും വിളിക്കുന്നു:
"മനൂ"
ഞാന്‍ പതിയെ എഴുന്നേറ്റു, എല്ലാവരും എന്നെ തന്നെ നോക്കുകയാണ്. കര്‍ത്താവേ, ഇതെന്താ സംഭവം.ഞാന്‍ ചെറിയ പരുങ്ങലിലാണ്.
മേധാവി എന്നെ സൂക്ഷിച്ച് നോക്കിയട്ട്:
"പ്ലീസ്സ് കം"
വിറയ്ക്കുന്ന മനസ്സോടെ ഞാന്‍ ആ സ്റ്റേജിലേക്ക് കയറി ചെന്നു.അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് തല തിരിച്ച് എന്‍റെ പ്രോജക്റ്റ് മാനേജരെ ഒന്ന് നോക്കി.ആ നോട്ടം കണ്ടതും മാനേജര്‍ രണ്ട് സര്‍ട്ടിഫിക്കേറ്റ് എടുത്ത് മേധാവിയുടെ കൈയ്യില്‍ കൊടുത്തു.മേധാവി അത് എനിക്ക് നീട്ടി.വിറയ്ക്കുന്ന കൈകളോടെ ഞാനത് വാങ്ങി, എന്നിട്ട് അതിലേക്ക് നോക്കി.ഒരു നിമിഷം, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ കമ്പനിയില്‍ ഞാന്‍ വര്‍ക്ക് ചെയ്ത രണ്ട് പ്രോജക്റ്റുകളിലെയും ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ്സിനു പ്രകീര്‍ത്തിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കേറ്റ് ആയിരുന്നു അവ.ഒരോ പ്രോജക്റ്റിനും ഒരോ സര്‍ട്ടിഫിക്കേറ്റ്.മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല, സന്തോഷ കണ്ണീര്‍ ആ കാഴ്ചകള്‍ മൂടി.
അപ്പോള്‍ ആത്മാര്‍ത്ഥമായി എനിക്ക് ഒരു ഷേയ്ക്ക് ഹാന്‍ഡ് നല്‍കി മേധാവി പറഞ്ഞു:
"കണ്‍ഗ്രാറ്റ്സ്സ്"
മതി, എനിക്ക് ഇത് മതി.എത്ര കാലമായുള്ള മനസ്സിന്‍റെ വിഷമമാണ്‌ ഒരു നിമിഷം കൊണ്ട് മാറിയത്.ഒടുവില്‍ ഒരു കമ്പനി എങ്കിലും എന്നെ അംഗീകരിച്ചല്ലോ.മേധാവിക്ക് പുറകില്‍ നില്‍ക്കുന്ന പ്രോജക്റ്റ് മാനേജരെ ഞാന്‍ നന്ദിയോടെ നോക്കി, പാവം, ഇദ്ദേഹത്തെ ആണല്ലോ ഇത്രനാളും ഞാന്‍ തന്തയ്ക്ക് വിളിച്ചത്, പാടില്ലായിരുന്നു, എന്നോട് ക്ഷമിക്കു പ്രിയ മാനേജരേ, അങ്ങ് മഹാനാണ്, വലിയവനാണ്, സാക്ഷാല്‍ ബാഹുബലിയാണ്.
സന്തോഷത്തോടെ ആ സ്റ്റേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ്സ് കിട്ടിയ അടുത്ത ആളെ വിളിക്കുന്നത് കേട്ടു.അതൊരു പെണ്‍കുട്ടിയായിരുന്നു, അംഗീകാരം കിട്ടാത്തെ തഴയപ്പെട്ടിരുന്ന മറ്റൊരു ജന്മം.ഇതാണ്‌ കാലത്തിന്‍റെ കാവ്യ നീതി.തഴയപ്പെട്ടവര്‍ അംഗീകരിക്കപ്പെടുന്നു.സീറ്റില്‍ ഇരുന്നപ്പോള്‍ ചുറ്റും ഉള്ളവര്‍ എന്‍റെ സര്‍ട്ടിഫിക്കേറ്റ് വാങ്ങി നോക്കി, കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു:
"കണ്‍ഗ്രാറ്റ്സ്സ്"
ഞാന്‍ സീറ്റില്‍ നിവര്‍ന്ന് ഒന്ന് ഇരുന്നു..
ഹല്ല പിന്നെ.
ഇതൊക്കെ എന്ത്??

എന്നാല്‍ ആ സന്തോഷത്തിനു അല്പ ആയുസ്സ് ആയിരുന്നു.കാരണം ​മേധാവി എനിക്ക് മാത്രമല്ല സര്‍ട്ടിഫിക്കേറ്റ് തന്നത്, ആ വേദിയില്‍ ഇരുന്ന എല്ലാവര്‍ക്കും കൊടുത്തു.എന്തിനു ഏറെ പറയുന്നു, ഓഫീസ്സ് ക്ലീന്‍ ചെയ്യുന്ന ചേച്ചിക്കും, വാതുക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിക്കും വരെ കിട്ടി ഒരോ 'ഔട്ട് സ്റ്റാന്‍ഡിംഗ്' സര്‍ട്ടിഫിക്കേറ്റ്.നേരത്തെ എനിക്ക് കണ്‍ഗ്രാറ്റ്സ്സ് പറഞ്ഞ സുഹൃത്തിനു കിട്ടി, രണ്ട് പേപ്പര്‍.അതുമായി അടുത്ത് വന്നിരുന്ന അവനു കണ്‍ഗ്രാറ്റ്സ്സ് പറയാന്‍ വാ തുറന്നപ്പോ കൈ ഉയര്‍ത്തി വേണ്ടാ എന്ന് അവന്‍ ആംഗ്യം കാണിച്ചു, എന്നിട്ട് പറഞ്ഞു:
"ഇതൊരു പ്രഹസനമാടാ, ആ മൂധേവി പറ്റിച്ചതാ"
സംഭവം ടംഗ് സ്ലിപ്പ് ആണെന്ന് മനസിലാക്കി ഞാന്‍ തിരുത്തി:
"മൂധേവി അല്ല, മേധാവി"
ആരായാലെന്താ പറ്റിച്ചില്ലേ എന്ന ഭാവത്തില്‍ അവന്‍ ഇരുന്നു.
മീറ്റിംഗ് കഴിഞ്ഞ് പുറത്ത് ഇറങ്ങവേ പ്രോജക്റ്റ് മാനേജര്‍ എന്നോട് ഒരു ചോദ്യം:
"സന്തോഷമായില്ലേ?"
പന്നീ....!!!!
വായില്‍ വന്നത് കടിച്ച് അമര്‍ത്തി പറഞ്ഞു:
"ഓ...ഭേഷായി"

പിറ്റേന്ന് രാവിലെ ഉച്ചഭക്ഷണം ബാഗിലേക്ക് വച്ചപ്പോഴാണ്‌ വീണ്ടും ആ പേപ്പര്‍ ഞാന്‍ കണ്ടത്.നേരെ കൊണ്ട് വന്ന് ബാഗില്‍ വച്ചതാ, അത് അവിടിരുന്ന് എന്നെ നോക്കി പല്ലിളിക്കുന്നു.വൈകിട്ട് വന്നിട്ട് വേസ്റ്റ് ബോക്സില്‍ ഇടാം എന്ന ധാരണയില്‍ ആ പേപ്പര്‍ എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ഓഫീസിലേക്ക് പോയി.പൊതുവേ ശോകമൂകമായിരുന്നു ഓഫീസിലെ അവസ്ഥ.ആ ദിവസം ​അങ്ങനെ പോയി, എന്നാല്‍ വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ ഹാള്‍ മുഴുവന്‍ അലങ്കരിച്ചിരിക്കുന്നു.ഇതൊന്നും പോരാഞ്ഞ് അലങ്കരിച്ച കേക്കും ഫ്ലാറ്റിലെ അടുത്ത കൂട്ടുകാരും.എന്തെന്ന് ചോദിക്കുന്നതിനു മുമ്പേ കേക്ക് മുറിക്കാന്‍ പറഞ്ഞു,
ഇനി ഇന്ന് എന്‍റെ പിറന്നാളാണോ?
ആ ചോദ്യം ചോദിക്കാതെ തന്നെ കേക്ക് മുറിച്ചു, എല്ലാവരും എനിക്ക് കൈ തന്ന് യാത്രയായി.ഞങ്ങള്‍ മാത്രം ബാക്കി ആയപ്പോള്‍ ഞാന്‍ ചോദിച്ചു:
"എന്താ കാര്യം?"
മറുപടിയായി രാവിലെ വേസ്റ്റ് ബോക്സില്‍ ഇടാന്‍ വച്ചിരുന്ന രണ്ട് സര്‍ട്ടിഫിക്കേറ്റ് എടുത്ത് കൊണ്ട് വന്ന് കാണിച്ചിട്ട് ഓള്‍  ഒരു ചോദ്യം:
"ഇത്ര വലിയ നേട്ടങ്ങള്‍ നേടുമ്പോള്‍ അത് ആഘോഷിക്കേണ്ടേ ചേട്ടാ?"
തലയ്ക്ക് അകത്ത് നിന്ന് ഒരു കിളി പറന്ന് പോയി!!
എന്‍റെ റബ്ബേ, ഈ പേപ്പര്‍ കണ്ടാണോ ഇവള്‍ ഈ കോലാഹലം മുഴുവന്‍ ഉണ്ടാക്കിയത്.സത്യം പറയാമെന്ന് കരുതി നോക്കവേ മകള്‍ എന്നെ അഭിമാനത്തോടെ നോക്കുന്നു, അച്ഛന്‍ ഒരു സംഭവം തന്നെ.തകര്‍ന്ന് ഇരിക്കവേ അമ്മയുടെ ഫോണ്‍:
"ഒടുവില്‍ മോനെ അവരു അംഗീകരിച്ചല്ലോ"
ഇത് എങ്ങനെ??
അമ്മയോട് ആര്‌ പറഞ്ഞു??
താമസിയാതെ അതിനു ഉത്തരവും എനിക്ക് കിട്ടി...
എല്ലാം വൈഫിന്‍റെ ബുദ്ധിപരമായ നീക്കമാണ്. സര്‍ട്ടിഫിക്കേറ്റിന്‍റെ ഫോട്ടോ എടുത്ത് അവള്‍ എല്ലാ ഫാമിലി വാട്ട്സ്സ് ആപ്പ് ഗ്രൂപ്പിലും ഇട്ടു, പിന്നെ സ്റ്റാറ്റസ്സ് ആയും ഇട്ടിട്ടുണ്ട്, ഇനി നാളെ ഫെയ്സ്സ് ബുക്കില്‍ ഇട്ട് കൂട്ടുകാരെ ഞെട്ടിക്കാനാണത്രേ പ്ലാന്‍.
ഞാന്‍ കാല്‌ പിടിച്ചു...
പ്ലീസ്സ്, നാറ്റിക്കരുത്.

സത്യം അറിഞ്ഞപ്പോ അവള്‍ തലയില്‍ കൈ വച്ച് ഇരുന്നു, എന്നിട്ടൊരു ചോദ്യം:
"നിങ്ങള്‍ക്ക് അറിയുമോ, അറുന്നൂറ്റി അമ്പത് രൂപയാ ആ കേക്കിനു"
ഞാന്‍ മിണ്ടിയില്ല.
മനസ്സില്‍ പ്രോജക്റ്റ് മാനേജരുടെ ചോദ്യം ആയിരുന്നു...
സന്തോഷമായില്ലേ??
ഓ...ഭേഷായി!!!


2 comments:

Manikandan said...

ഉറങ്ങിക്കിടന്ന ആളെ വിളിച്ചുണർത്തി അത്താഴം ഇല്ല ഉറങ്ങിക്കോളൂ എന്ന് പറയുന്ന രീതി. പ്രഹസനമാകുന്ന സർട്ടീഫിക്കറ്റുകൾ നൽകാതിരിക്കുന്നതു തന്നെ നല്ലത്.

shajitha said...

super, ee blog ennum ravile vayich subhmayi annathe divasam thudangum, athan ippozhathe ente reethi

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com