For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
പായുന്ന സുന്ദരി
രാവിലെ എഴുന്നേറ്റപ്പോ എനിക്ക് ഒരു ബോധോദയം, ഞാന്‍ ഒരു മനുഷ്യനാണോ, മനുഷ്യകുലത്തിനു ഗുണകരമായ എന്തേലും ചെയ്തിട്ടുണ്ടോ, ഇല്ല, ഒന്നും ചെയ്തിട്ടില്ല.അതോടെ ഞാന്‍ തീരുമാനിച്ചു, ഇന്ന് എന്തെങ്കിലും ചെയ്യണം. ആ മനോഭാവത്തില്‍ ഞാന്‍ എഴുന്നേല്‍ക്കവേ ഭിത്തിയില്‍ ഇരുന്ന പല്ലി തല ചരിച്ച് എന്നെ ഒന്ന് നോക്കി.അതിനു മനസിലായി, ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും.സകലമാന ചരാചരങ്ങള്‍ക്കും അപായ സൂചന മുഴക്കി ഒന്ന് ചിലച്ചിട്ട്, പ്രതിഷേധം എന്ന പോലെ വാലും മുറിച്ചിട്ടിട്ട് അത് ഓടി പോയി.എന്തെങ്കിലും ചെയ്യണം എന്ന എന്റെ വിപ്ലവവീര്യത്തെ കെടുത്താന്‍ ആ ഒരു പ്രതിഷേധം മതിയായിരുന്നില്ല.
എന്ത് ചെയ്യും?
എന്ത് ചെയ്യണം?
കൂലം കഷൂലമായ ആലോചന.
ഒടുവില്‍ തീരുമാനിച്ചു, ഫ്ലാറ്റില്‍ കൂടി അറഞ്ചം പുറഞ്ചം പായുന്ന സുന്ദരികള്‍, നാടന്‍ ഭാഷയില്‍ പാറ്റകള്‍, അവയെ വക വരുത്താം.
ഓപ്പറേഷന് പാറ്റ.
ആലോചന അത്രയും ആയപ്പോ തന്നെ എന്റെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു, ഇന്ന് ഇവിടെ ഒരു ലോഡ് ശവം വീഴും.നിലത്ത് കിടന്ന് രണ്ട് പുഷപ്പ് എടുത്തിട്ട് പാറ്റയെ കൊല്ലുക എന്ന ഉദ്ദേശത്തില്‍ ഞാന്‍ അടുക്കളയിലേക്ക് കയറി.
അടുക്കളയില്‍ ആകെ ഒന്ന് കണ്ണോടിച്ചിട്ട് പുലിമുരുകനില്‍ പയ്യന് പറയുന്ന പോലെ ഞാന്‍ പിറുപിറുത്തു..
കൊല്ലണം, പാറ്റയെ കൊല്ലണം.
പക്ഷേ എങ്ങനെ??
നേരെ അച്ചി വീട്ടിലേക്ക് ഫോണ്‍ ചെയ്തു, വാമഭാഗം ഫോണെടുത്തു. ആവശ്യം പറഞ്ഞു, സംഭവം ന്യായമാണെന്ന് മനസിലായപ്പോ ഭാര്യ പറഞ്ഞു:
"ഫ്രിഡ്ജിനു മുകളില്‍ ഹിറ്റ് ഇരിപ്പുണ്ട് ചേട്ടാ, എടുത്ത് പാറ്റയുടെ മേല്‍ അടിച്ചാ മതി"
അത് കേട്ടതും കൂടുതല്‍ ഒന്നും ചോദിക്കാതെ ഫോണ്‍ വച്ചു.അവള് പറയുന്ന പോലെ ഹിറ്റ് എടുത്ത് ഒരോ പാറ്റയുടെയും മുകളില്‍ അടിക്കുന്നതിലും നല്ലത് ചെരുപ്പ് എടുത്ത് അടിക്കുന്നതല്ലേ, ചത്തു എന്ന് ഉറപ്പിക്കാമല്ലോ.ഇങ്ങനെ കരുതി ഗൂഗിള്‍ ചെയ്ത് നോക്കി, അപ്പോ മനസിലായി, ഹിറ്റ് വെറുതെ അടിച്ചാ മതി, പാറ്റകള്‍ ചത്തോളും.
ഹരേ വാ.
ഹിറ്റുമായി ആദ്യം അടുക്കളയിലേക്ക്.
അവിടെയാണ് പാറ്റകളുടെ വാസസ്ഥാനം. കാലന് കയറുമായി വന്നത് കണ്ടിട്ടാകാം ഒറ്റ പാറ്റയും വെളിയില്‍ എങ്ങുമില്ല.ബംഗാളികള്‍ ഒക്കെ വന്നതോടെ പാറ്റകള്‍ക്ക് ഹിന്ദി ആയിരിക്കും കൂടുതല്‍ വശമെന്ന് കരുതി മൊഴിഞ്ഞു...
അരേ പാറ്റാസ്സ്, ബാഹര്‍ ആവോ, മേരാ ഹാത്ത് മേം ഹിറ്റ് ഹേ.
എന്ത് ഹേ?
ഒരു പാറ്റ പോലും പുറത്തേക്കില്ല.
ഒടുവില്‍ മുകളിലും താഴെയുമുള്ള കബോഡുകള്‍ തുറന്ന് നോക്കാന്‍ തീരുമാനമായി. താഴെ എല്ലാം തുറന്നു, പാറ്റ ഇല്ല.മുകളില്‍ ഒന്നൊന്നായി തുറന്നു, അവിടെയും പാറ്റ ഇല്ല. സാധനങ്ങള്‍ അടുക്കി വച്ചിരിക്കുന്നതിനു ഇടയില്‍ ഒരു പാറ്റ പോലും ഉള്ള ലക്ഷണമില്ല. ഇനി മുകളിലത്തെ ഒരു കബോഡ് കൂടിയെ തുറക്കാനുള്ളു, അതും തുറന്നു.അതില്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ കുത്തി നിറച്ചിരിക്കുകയാണ്.പെട്ടന്ന് അതില്‍ ഒരു ചെറിയ ശബ്ദം, പാറ്റകള്‍ പതിയെ സഞ്ചരിക്കുന്ന ശബ്ദം.അതോടെ എനിക്ക് ഒന്ന് മനസിലായി എല്ലാവരും പതുങ്ങി ഇരിക്കുവാ, പിന്നെ ഒന്നും നോക്കിയില്ല കാടടച്ച് ഹിറ്റ് അടിച്ചു.എല്ലാ കബോഡിലും മാറി മാറി അടിച്ചു.എന്നിട്ട് ഒരു നിമിഷം വെയിറ്റ് ചെയ്തു.
നിശബ്ദത.
ഒരു അനക്കവുമില്ല.
അടുത്ത നിമിഷം ബാഹുബലിയില്‍ മുകളിലോട്ട് അയച്ച അമ്പ് എല്ലാം താഴോട്ട് വന്ന പോലെ ചാടി ഇറങ്ങുന്ന പാറ്റകള്‍.ഒന്ന്, രണ്ട്, മുന്ന്...
അസംഖ്യം പാറ്റകള്‍.
ധൈര്യവാനായ ഞാന്‍ പിന്നെ അവിടെ നിന്നില്ല, ഒറ്റ ഓട്ടമായിരുന്നു.
ചാവട്ടെ, എല്ലാം ചത്തിട്ട് തിരികെ വരാം.
ഓഫീസില്‍ എത്തി ലിറ്റിയോട് എന്റെ ധീരസാഹസിക കഥ പറഞ്ഞു.
എല്ലാം കേട്ടിട്ട് ലിറ്റി പറഞ്ഞു:
"ഈ ലോകം പാറ്റകളുടെതാണ്. ശരിക്കും ദിനോസര്‍ ഉള്ള കാലത്ത് മുതല്‍ അവര്‍ ഇവിടെ ഉണ്ടായിരുന്നു.പെരിപ്ലാനേറ്റാ അമേരിക്കാനാ എന്നാണത്രേ ഇവയുടെ ശാസ്ത്രനാമം. ശരിക്കും അരുണ്‍ അവരുടെ ലോകാത്താ താമസിക്കുന്നത്. അരുണ്‍ അവരെ അല്ല, അവര്‍ അരുണിനെ ആണ് പുറത്ത് ചാടിക്കേണ്ടത്"
ശെടാ!!!
പുല്ല്, പറയണ്ടായിരുന്നു.
അത്ര വല്യ മഹാപാപമാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലാരുന്നു. പാറ്റ അല്ലേ, കൊന്നേക്കാം എന്ന് കരുതി വെറുതെ ഹിറ്റ് അടിച്ചതാ. ഇതിപ്പോ കൊലക്കുറ്റത്തിനു അകത്ത് കിടക്കേണ്ടി വരുമെന്നാ തോന്നുന്നത്.
വിഷമിച്ച് നിന്ന എന്നോട് ലിറ്റി പറഞ്ഞു:
"പോട്ടെ, നടന്നത് നടന്നു, ഇനി ആരോടും പറയണ്ടാ"
ശരിയെന്ന് വെറുതെ ഞാന്‍ തലയാട്ടി.
വൈകിട്ട് ഓഫീസീന്ന് വരുന്ന വഴി എന്റെ ഒരു ചങ്കിനെ വിളിച്ചു, കാര്യം പറഞ്ഞു.എല്ലാം കേട്ടിട്ട് അവന് പറഞ്ഞു:
"നീ പേടിക്കണ്ടാ, രാവിലെ അല്ലേ ഹിറ്റ് അടിച്ചത്, ഇപ്പോ വൈകുന്നേരം ആയില്ലേ, എല്ലാം ബോധം തിരികെ കിട്ടി പോയി കാണും, ഡോണ്ട് വറി"
ഫ്ലാറ്റില്‍ കേറി നോക്കിയപ്പോ അത് സത്യമാ, തറയില്‍ ഒരു പാറ്റ പോലും ഇല്ല. എല്ലാം പോയിരിക്കുന്നു. ലിറ്റി പറഞ്ഞത് ഓര്‍മ്മ വന്നു, ആ ഒരു അവകാശ വാദം വച്ച് നോക്കിയാല്‍ ഈ ഫ്ലാറ്റ് ആ പാറ്റകളുടെത് ആണ്, ഞാന്‍ ആണ് ഇവിടെ വലിഞ്ഞ് കേറി താമസിക്കുന്നത്. എന്തൊരു മനുഷ്യനാ ഞാന്‍, ശരിക്കും ഒരു മഹാപാപി തന്നെ.
എന്നിട്ടും എനിക്ക് സംശയം തീരുന്നില്ല.
വാടക് കൊടുക്കുന്നത് ഞാനല്ലേ? പാറ്റ അല്ലല്ലോ??
എന്തിരോ എന്തോ.
ഇങ്ങനെ ചിന്തിച്ച് നില്‍ക്കേ നേരത്തെ വിളിച്ച ചങ്കിന്റെ ഫോണ്‍ വന്നു:
"എന്തായി?"
"ഒന്നുമില്ല അളിയാ, നീ പറഞ്ഞതാ ശരി, അതൊക്കെ പോയി"
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
എന്നിട്ട് ഇത് വീണ്ടും പഴയ കബോഡില്‍ കേറി സുഖമായി ഇരിക്കുന്നോ എന്ന് അറിയാനായി ഞാന്‍ പതിയെ മുകളിലത്തെ കബോര്‍ഡില്‍ കയറി നോക്കി, അപ്പോ കണ്ട കാഴ്ച...
ദേ അവറ്റകളെല്ലാം കബോഡുകളിലായി ചത്ത് കിടക്കുന്നു.ദരിദ്രവാസി പാറ്റകള്‍, താഴെ ആയിരുന്നേല്‍ തൂത്ത് കളയാമായിരുന്നു. ഇതിപ്പോ ശവമഞ്ചല്‍ ഒരുക്കി ഒരോന്നിനെയായി താഴെ കൊണ്ട് വരണം. ചാവാന്‍ പോയ പാറ്റകള്‍ വരെ എനിക്ക് പണി തന്നിട്ടാ ചാവുന്നത്, ശെടാ.
ആകെ വിഷമം.
വേറെ വഴി ഇല്ലാതെ മുകള്‍ ഭാഗം ക്ലീനാക്കി, തുടര്‍ന്ന് താഴെയുള്ള കബോഡ് ക്ലീനാക്കി കൊണ്ടിരുന്നപ്പോ ദേ വേറൊരുത്തന്, ഒരു എലി.മൂക്കിന് ചുണ്ടത്തെ മീശ ഒന്ന് വിറപ്പിച്ചിട്ട് അവന് എന്നെ നോക്കി പറഞ്ഞു:
"ഹലോ"
ബ്ലഡി ഫൂള്‍!!!
എന്റെ ഫൂള്‍ കണ്ട്രോള് പോയി.
അതിനു ശേഷം അതിരാവിലെ വാലു കളഞ്ഞ് പ്രതിഷേധിച്ച ആ പഴയ പല്ലി കണ്ടത് ഒരു കിടിലന്‍ കാഴ്ച ആയിരുന്നു. ഈ പറക്കും തളിക പടത്തില്‍ എലിക്ക് പിന്നാലെ ഹരിശ്രീ അശോകന് പായുന്ന പോലെ, ചിരവയും എടുത്ത് പായുന്ന ഞാന്‍.അടുക്കളയിലും ഹാളിലും എല്ലാം ഓടിച്ച് അത് വെളിയില്‍ ചാടി, പുറകിനു ഞാനും.കുറേ ഓടിച്ച് കഴിഞ്ഞപ്പോ സെക്യൂരിറ്റി വിജയന് പറഞ്ഞു:
"സാറേ കൊല്ലണ്ടാ"
ഇനി കൊല്ലണമെന്ന് വിചാരിച്ചാ തന്നെ ഞാന്‍ നിന്നു തരാമെടാ പട്ടി, എന്ന രീതിയില്‍ എന്നെയും വിജയനെയും നോക്കി മൂക്കിന് ചുണ്ടത്തെ മീശ വിറപ്പിച്ചിട്ട് ആ എലി ഓടി പോയി.തിരികെ ഫ്ലാറ്റില്‍ കേറാന്‍ നോക്കവേ ഞെട്ടലോടെ ആ സത്യം മനസിലാക്കി, ഡോര്‍ ഓട്ടോ ലോക്ക് ആണ്.
ഇപ്പോ ഞാന്‍ പുറത്തും ബോധം പോയ പാറ്റകള്‍ അകത്തും.
ഫ്ലാറ്റ് ഉടമയെ വിളിച്ച് സ്പെയര്‍ താക്കോലു കൊണ്ട് വരാന്‍ അപേക്ഷിച്ച് വാതുക്കല് കുത്തി ഇരിക്കവേ ലിറ്റി പറഞ്ഞത് ഓര്‍മ്മ വന്നു...
ശരിക്കും അരുണ്‍ അവരുടെ ലോകാത്താ താമസിക്കുന്നത്. അരുണ്‍ അവരെ അല്ല, അവര്‍ അരുണിനെ ആണ് പുറത്ത് ചാടിക്കേണ്ടത്.
പ്രിയപ്പെട്ട ലിറ്റി,
അത് ലിറ്റിക്ക് മാത്രമല്ല, ആ പാറ്റകള്‍ക്കും അറിയാമായിരുന്നു.എന്ന് മാത്രമല്ല, അവരത് ഒരു എലിയെ വച്ച് വൃത്തിയായി ചെയ്യുകയും ചെയ്തു.ഒന്ന് ചോദിച്ചോട്ടെ, എന്തിരായിരുന്നു അതിന്റെ ശാസ്ത്രീയ നാമം??
ഓ, ഓര്‍മ്മ വന്നു...
പെരിപ്ലാനേറ്റാ അമേരിക്കാനാ!!!
നന്ദി.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
5 comments:
പാറ്റയിൽ നിന്നൊരു കഥയോ ?
ഭീകരാ.
ഇഷ്ടം.
ഒരിക്കൽ ഞങ്ങടെ വീട്ടിലും പാറ്റ കയറി.
കടയിൽ ചെന്നു നോക്കിയപ്പോ "ഓർഗാനിക് പ്ലാന്റ് ബേസ്ഡ് ബയോഡീഗ്രേഡബ്ലിൾ ഇക്കോ ഫ്രെൻഡ്ലി" പാറ്റ സ്പ്രേ ഇരിക്കുന്നു! അപ്പുറത്തുള്ള കെമിക്കൽ സ്പ്രേയെ പുച്ഛത്തോടെ നോക്കി ഇവനെ വാങ്ങി.
അടുക്കളയിലെ കാബിനറ്റുകളിലൊക്കെ അടിച്ചു. ഏതോ എണ്ണയുടെ മണം!
പിറ്റേന്ന് നോക്കിയപ്പോൾ നൂറുകണക്കിന് പാറ്റകൾ ചത്തുകിടക്കുന്നു. എല്ലാത്തിനേയും തൂത്ത് വൃത്തിയാക്കി.
മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഓരോന്നായി പിന്നേയും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
മരുന്നടി- തൂക്കൽ- മൂന്നാഴ്ച-മരുന്നടി അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
അങ്ങനെയൊരിക്കൽ ഓർഗാനിക് പാറ്റനാശിനി കടയിൽനിന്ന് അപ്രത്യക്ഷമായി. ഒന്നുരണ്ടാഴ്ച കാത്തിട്ടും സാധനം വന്നില്ല. അങ്ങനെ കെമിക്കലിനേത്തന്നെ പ്രയോഗിക്കാൻ തീരുമാനമായി.
അന്ന് മരുന്നടിച്ച് തൂത്തതിൽപ്പിന്നെ ഒരൊറ്റ പാറ്റയും വന്നിട്ടില്ല! അതിനുശേഷം ഓർഗാനിക് പാറ്റനാശിനിയേയും കണ്ടിട്ടില്ല.
വാൽ: ചിലന്തിയുള്ളിടത്ത് പാറ്റ വരില്ലെന്ന് ഒരു വിദ്വാൻ പറഞ്ഞുകേട്ടു. ഇനി ചിലന്തിവളർത്തൽ ഒന്നു പരീക്ഷിച്ചോളൂ :)
മേലിൽ പാറ്റകളെ ഉപദ്രവിക്കരുത്. വേണമെങ്കിൽ അടിച്ച് കൊന്നോളൂ.
Great Writeup Arun i am Working at an Event Company in Kerala and you can Contact for art works
കൊള്ളാം
Post a Comment