For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മറക്കില്ല നീലാംബരി




എനിക്ക് രാഷ്ട്രീയമില്ല, എങ്കിലും അധ്വാനിക്കുന്ന തൊഴിലാളി വിഭാഗത്തിലെ ഒരു കണ്ണിയാണ്‌ ഞാന്‍.ഇന്ന് ജീവിക്കാനായി അധ്വാനിക്കുന്നു, കൌമാരത്തില്‍ പ്രേമിക്കാനായി അധ്വാനിച്ചു, എന്നാല്‍ കുട്ടിക്കാലത്ത്....
അന്നും ഞാന്‍ അധ്വാനിച്ചിരുന്നു!!!
രാവിലെ പശൂനു പുല്ല്‌ പറിക്കാന്‍, വൈകിട്ട് കൂട്ടാന്‌ മത്തി വാങ്ങിക്കാന്‍, എന്ന് വേണ്ടാ എല്ലാത്തിനും ഞാനൊരുത്തന്‍ തന്നെ വേണം.
ഇതില്‍ ഏറ്റവും കഷ്ടം എന്തെന്നാല്‍ മാസത്തില്‍ ഇടക്ക് മണ്ണെണ്ണയും പഞ്ചസാരയും വാങ്ങാന്‍ റേഷന്‍കടയില്‍ പോകുന്നതായിരുന്നു.ഇന്നത്തെ കാലത്ത് ബീവറേജസിനു മുന്നിലെ ആള്‍കൂട്ടം പോലെയായിരുന്നു അന്നത്തെ കാലത്ത് റേഷന്‍കടക്ക് മുന്നിലെ ആള്‍കൂട്ടം.ഒരേ ഒരു വ്യത്യാസം ബീവറേജസിനു മുന്നില്‍ ക്യൂ ഉണ്ട്, അവിടെ ക്യൂ ഇല്ല.ചക്കരപാത്രത്തില്‍ ഈച്ച പൊതിയുന്ന പോലെ എല്ലാവരും ഒരു നില്‍പ്പാണ്.അതിന്‍റെ ഇടക്കൂടെ എങ്ങനേലും ആമ തലനീട്ടുന്ന പോലെ തല നീട്ടി റേഷന്‍ കാര്‍ഡ് കാട്ടി ഞാന്‍ പറയും:
"മാമാ, ഒരു കിലോ പഞ്ചാര"
ഒടുവില്‍ കാര്യം സാധിച്ചു വിജയശ്രീലാളിതനായി വീട്ടിലേക്ക്...

അങ്ങനെയിരിക്കെ ഒരുനാള്‍...
റേഷന്‍കടയില്‍ പതിവില്ലാതെ വന്‍തിരക്ക്.ആമ തല നീട്ടി അപേക്ഷിച്ചു:
"മാമാ, ഒരു ലിറ്റര്‍ മണ്ണെണ്ണ"
തിരക്ക് കാരണം റേഷന്‍ മാമന്‍ അത് അവഗണിച്ചു.ആമക്ക് സങ്കടമായി, ആമ പിന്നെയും അപേക്ഷിച്ചു:
"ഒരു ലിറ്റര്‍ മണ്ണെണ്ണ"
റേഷന്‍ മാമന്‍റെ കണ്ട്രോള്‌ പോയി, അയാള്‍ അലറി:
"ഇവിടെ മണ്ണെണ്ണയുമില്ല, എള്ളെണ്ണയുമില്ല, ഒന്ന് പോയേ.രാവിലെ ഒരോ ചീവീട് വന്നോളും"
ആള്‍കൂട്ടത്തിന്‍റെ പൊട്ടിച്ചിരി!!!
ചീവീടിന്‍റെ കണ്ണ്‌ നിറഞ്ഞു, സങ്കടവും ദേഷ്യവുമെല്ലാം മനസില്‍ ആര്‍ത്തിരമ്പി.രാവിലെ മണ്ണെണ്ണ വാങ്ങണമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അമ്മുമ്മ പറഞ്ഞ വാചകം മനസില്‍ ഓടിയെത്തി.നാട്ടുകാര്‍ കേള്‍ക്കെ ആ ഓര്‍മ്മയില്‍ ഞാനലറി:
"മണ്ണെണ്ണ കാണത്തില്ലെന്ന് അമ്മുമ്മ പറഞ്ഞായിരുന്നു, താനെല്ലാം ബ്ലാക്കില്‍ വില്‍ക്കുവല്ലിയോ?"
ടിഷ്യൂം....
പൊട്ടിച്ചിരിച്ച് കൊണ്ടിരുന്ന ആള്‍കൂട്ടം അന്തം വിട്ട് എന്നെ നോക്കി!!!
കന്നാസിലേക്ക് മണ്ണെണ്ണ അളന്നു കൊണ്ടിരുന്ന റേഷന്‍കടക്കാരന്‍ ശശി എന്ന 'റേഷന്‍ മാമന്‍' ഒരു നിമിഷം സ്റ്റക്കായി നിന്നു, കന്നാസിലേക്ക് വീണു കൊണ്ടിരുന്ന മണ്ണെണ്ണയും സ്റ്റക്കായി നിന്നു.തൊട്ടപ്പുറത്തെ പറമ്പില്‍ പുല്ല്‌ തിന്ന് നിന്ന പശു എന്താ സംഭവമെന്നറിയാന്‍ തലയുയര്‍ത്തി നോക്കി.ഇതെല്ലാം കണ്ടതോട് കൂടി എന്‍റെ ധൈര്യം പൂര്‍ണ്ണമായി ചോര്‍ന്നു.

ഒരു അരിശത്തിനു കിണറ്റില്‍ ചാടി...
ഇനി എന്ത് ചെയ്യും??
ഓടണോ വേണ്ടയോന്ന് ആലോചിച്ച് നിന്നപ്പോള്‍ റേഷന്‍മാമന്‍ അടുത്തേക്ക് വന്ന് ചോദിച്ചു:
"നീ എവിടുത്തെയാ?"
സത്യം പറയാന്‍ മനസ്സ് വന്നില്ല, നാട്ടുകാര്‌ പേടിക്കുന്ന പണിക്കത്തിയെ മനസില്‍ ഓര്‍മ്മ വന്നു, വച്ച് കാച്ചി:
"പണിക്കത്തിയുടെ കൊച്ചുമോനാ"
ആള്‍കൂട്ടത്തിനിടയില്‍ എന്നെ അറിയാവുന്നവര്‍ അത് കേട്ട് ഞെട്ടി, അവര്‍ പരസ്പരം നോക്കി മൂക്കത്ത് വിരല്‍ വച്ചു.ശരിക്കുള്ള അഡ്രസ്സ് പറയാതെ ബുദ്ധിപരമായി രക്ഷപെട്ട സന്തോഷത്തില്‍ അന്ന് ഞാന്‍ തിരികെ വീട്ടിലേക്ക് പോയി...

എല്ലാം സോള്‍വായെന്ന് വിശ്വസിച്ചിരുന്ന ആ വൈകുന്നേരം റേഷന്‍മാമന്‍ വീട്ടില്‍ വന്നു, എന്നിട്ട് അമ്മുമ്മയോട് ഒരു ചോദ്യം:
"എന്നാലും അമ്മ ഞാന്‍ ബ്ലാക്കില്‍ മണ്ണെണ്ണ വില്‍ക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ?"
പാവം അമ്മുമ്മ!!!
രഹസ്യമായി വീട്ടിനകത്തിരുന്ന് പറഞ്ഞത് എങ്ങനെ പരസ്യമായെന്ന് ആലോചിച്ച് അന്തം വിട്ട് നിന്നു.ആകെ കുളമായെന്ന് മനസിലായ ഞാന്‍ ആ നശിച്ച നിമിഷത്തെ പഴിച്ച് കൊണ്ട് തലയണയെടുത്ത് തലക്കടിച്ചു.
അമ്മുമ്മ രക്ഷപെടാന്‍ ഒരു ശ്രമം നടത്തി:
"ആരാ ശശി അങ്ങനെ പറഞ്ഞത്? ഞാന്‍ നിന്നെ കുറിച്ച് അങ്ങനെ പറയുമോ?"
ശശി കടുംവെട്ട് വെട്ടി:
"വേറെ ആരു പറഞ്ഞാലും ഞാന്‍ വിശ്വസിക്കത്തില്ലായിരുന്നു, ഇവിടുത്തെ കൊച്ചുമോനാ പറഞ്ഞത്"
"ആര്‌ മനുകുട്ടനോ?"
"ഉം..മാത്രമല്ല മനു പണിക്കത്തി തള്ളയുടെ കൊച്ചുമോനാണെന്നും പറഞ്ഞു"
കര്‍ത്താവേ!!!!
എന്‍റെ തലക്കകത്ത് ഒരു വെള്ളിടി വെട്ടി!!!
പാമ്പ് കടിക്കാനായി ഈ കാലമാടന്‍ ഇവിടെ വന്ന് ഇങ്ങനെ പറയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല, ഇനി എന്ത് ചെയ്യും??
"എടാ, കുരുത്തംകെട്ടവനേ!!!" അമ്മുമ്മയുടെ അലര്‍ച്ച.
അത് കേട്ടതും പശൂനു പുല്ല്‌ പറിക്കുന്ന പറമ്പിലൂടെ ഞാന്‍ ഒറ്റ ഓട്ടം വച്ച് കൊടുത്തു.ഓടിയ വഴി ഇനി പുല്ല്‌ കിളിച്ചില്ലെങ്കില്‍ പശു പട്ടിണി!!!

വര്‍ഷങ്ങള്‍ കഴിഞ്ഞു...
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം.
സുന്ദരനാവണം, പെണ്‍കുട്ടികളുടെ സ്വപ്ന കാമുകനാകണം, സമരം നടത്തണം, കോളേജിലെ ഹീറോ ആകണം എന്നിങ്ങനെയുള്ള മിനിമം മോഹങ്ങളുമായി ജീവിതം തള്ളി നീക്കുന്ന നാളുകള്‍.അന്ന് ഞങ്ങളുടെ കോളേജ് ബ്യൂട്ടി ഒരു നീലാംബരിയായിരുന്നു, അവള്‍ പഴയ പണിക്കത്തിതള്ളയുടെ കൊച്ചുമോളായിരുന്നു.നാട്ടുകാരന്‍ എന്ന പരിഗണനയില്‍ ഞാന്‍ അവളുമായി സൌഹൃദത്തിലായി, താമസിയാതെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായി.

അങ്ങനെയിരിക്കെ ഒരു നാള്‍....
അന്ന് കോളേജില്‍ സമരമായിരുന്നു.ഇംഗ്ലീഷ് ബുക്ക് പകര്‍ത്തി എഴുതുക എന്ന ഉദ്ദേശത്തില്‍ (സത്യമായും!) ഉച്ചയോടെ ഞാന്‍ നീലാംബരിയുടെ വീട്ടില്‍ പോയി.അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച, ആസ്മ കാരണം ശ്വാസം വലിക്കുന്ന പണിക്കത്തി തള്ളയുമായി കരഞ്ഞു കൊണ്ടിരിക്കുന്ന നീലാംബരി.
എന്‍റെ മനസ്സ് ആര്‍ദ്ദമായി!!!
"എന്താ നീലാ...."
അല്ലേലും അങ്ങനാ, സ്നേഹം കൂടിയാല്‍ മൊത്തം പേരും വായില്‍ വരൂല്ല.നീലാംബരിയെ 'നീലാ'ന്നും ഏകാംബരിയെ 'ഏകാ'ന്നും അറിയാതെ വിളിച്ച് പോകും.
"അമ്മുമ്മക്ക് വയ്യ, ഹോസ്പിറ്റലില്‍ പോണം"
സോ???
വാട്ട് ക്യാന്‍ ഐ ഡൂ ഫോര്‍ യൂ??
ഇംഗ്ലീഷിലെ ഏറ്റവും മാന്യമായ ആ ചോദ്യം ഞാന്‍ മലയാളികരിച്ചു:
"എനിക്ക് നിനക്കായി എന്ത് ചെയ്യാന്‍ കഴിയും?"
"നിനക്ക് എനിക്കായി അമ്മുമ്മയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ കഴിയും"
ഈശോയേ!!!!
വെറുതെ ചോദിച്ചത് കുരിശായി.
"പ്ലീസ് ഡാ, ഞാന്‍ കാശുമായി ഹോസ്പിറ്റലില്‍ വരാം" വശ്യമോഹിനിയുടെ അപേക്ഷ.
ചോരയും നീരും മജ്ജയും മാംസവുമുള്ള ഒരു ചെറുപ്പക്കാരനു എങ്ങനെ അത് തള്ളി കളയാന്‍ കഴിയും.ഒടുവില്‍ ഞാന്‍ ആ അപേക്ഷ ഏറ്റെടുത്തു.ആരോടെങ്കിലും കടം വാങ്ങിയ കാശുമായി നീലാംബരി വരുമ്പോഴേക്കും ഞാന്‍ പണിക്കത്തി തള്ളയെ ആശുപത്രിയില്‍ എത്തിക്കാമെന്ന് ഏറ്റു.

ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിരുന്നു ആ യാത്ര.അവരുടെ പറമ്പില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വരെ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.എന്നാല്‍ പഴകി കീറിയ ഡ്രസ്സും ധരിച്ച്, ഒരു വടിയും കുത്തി പിടിച്ച് പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന പണിക്കത്തി തള്ളയുടെ കൂടെ നടക്കാന്‍ ടിപ്പ് ടോപ്പ് സുന്ദരനായ എനിക്കൊരു വൈക്ലബ്യം.
ഇനി എന്ത് ചെയ്യും??
നടക്കുന്ന കൂട്ടത്തില്‍ ഇത് മാത്രമായി ചിന്ത.ഒടുവില്‍ പിന്നില്‍ പത്തടി മാറി നടക്കാന്‍ തീരുമാനമായി.അതായത് മുന്നില്‍ വടി പിടിച്ച് പോകുന്ന തള്ളയെ എനിക്ക് അറിയില്ല എന്ന രീതി.ഒരു പത്തിരുപത് അടി അങ്ങനെ നടന്നപ്പോള്‍ തള്ള നടപ്പ് നിര്‍ത്തി, എന്നിട്ട് ശ്വാസം ആഞ്ഞ് വലിച്ച് തിരിഞ്ഞ് നിന്ന് ഒരു ചോദ്യം:
"വടീം കുത്തി പിടിച്ച് ഞാന്‍ നടക്കുന്ന വേഗം പോലും നിനക്കില്ലല്ലോ? എന്താ, വല്ല മൂലക്കുരുവിന്‍റെ അസുഖമുണ്ടോ?"
മൂലക്കുരുവോ?? എനിക്കോ??
അത് നിങ്ങടെ കെട്ടിയോന്.
ഇങ്ങനെ മനസില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ വേഗം കൂട്ടി, ഇപ്പോ നടപ്പ് പത്തടി മുന്നില്‍.അങ്ങനെ നടന്ന് കൊണ്ടിരിക്കേ പിന്നില്‍ നിന്ന് തള്ളയുടെ ശബ്ദം കേട്ടു:
"വാണം വിട്ട പോലെ നീ ഇത് എവിടെ പോകുവാ, എന്നെ കൂടി കൊണ്ട് പോടാ"
നാശം പിടിക്കാന്‍!!!
ഇവരെന്നെ നാണം കെടുത്തിയേ അടങ്ങു.
അങ്ങനെ നടപ്പ് കൂടെയായി....

ഇച്ചിരി നടക്കും, പിന്നെ നിന്ന് കൊണ്ട് കുറേ കിതക്കും, പിന്നേം നടക്കും.അവര്‌ നടക്കുമ്പോള്‍ ഞാനും കൂടെ നടക്കും, നില്‍ക്കുമ്പോള്‍ കൂടെ നില്‍ക്കും, പിന്നേം നടക്കും.വഴിയെ പോകുന്നവരൊക്കെ എന്നെ നോക്കി കളിയാക്കി ചിരിച്ച് തുടങ്ങി.ഇടക്ക് എന്നോട് കുശലം ചോദിക്കാനാകണം, പണിക്കത്തി തള്ള ചോദിച്ചു:
"നീയേതാ?"
ങ്ങടെ കാലനാ!!!
വായില്‍ വന്ന മറുപടി വിഴുങ്ങി പിന്നേം നടപ്പ്.കവല എത്താറായപ്പോള്‍ ഞാന്‍ ആകെ പരവശനായി.എന്നെ അറിയാവുന്ന ഒരുപാട് പേരുണ്ടവിടെ, ആരേലും എന്തേലും ചോദിച്ചാല്‍ എന്ത് പറയണമെന്ന് ഒരു പിടിയുമില്ല.പെട്ടന്ന് ബസ്സ് കാത്ത് നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഒരു ചോദ്യം:
"അമ്മുമ്മയും കൊച്ചുമോനും എങ്ങോട്ടാ?"
ആ ചോദ്യത്തോടൊപ്പം ആളുകളുടെ കൂട്ടച്ചിരിയും.ചോദിച്ചത് സതീശനാണെന്ന് മനസിലായെങ്കിലും കേട്ടഭാവം നടിച്ചില്ല, അവന്‍ പഴയ കാര്യം ഓര്‍ത്ത് കളിയാക്കുവാ.
"ഹല്ല, അമ്മുമ്മയും കൊച്ചുമോനും എങ്ങോട്ടാ?" വീണ്ടും.
കണ്ട്രോള്‌ പോയപ്പോള്‍ അലറി പറഞ്ഞു:
"നിന്‍റെ അപ്പന്‍റെ പതിനാറടിയന്തിരത്തിന്"
ടം ഡ ഡേ...
സതീശന്‍ ആള്‍കൂട്ടത്തിലേക്ക് മുങ്ങി!!!
തുടര്‍ന്ന് ബസ്സ് കാത്ത് നില്‍പ്പ്....

ആദ്യം കണ്ട ബസ്സില്‍ കയറി.പണിക്കത്തി തള്ള മുമ്പിലും ഞാനങ്ങ് പുറകിലും.ടിക്കറ്റ് ചോദിച്ച കണ്ടക്ടറോട് അവര്‍ പറഞ്ഞു:
"പിന്നിലുള്ള പയ്യന്‍ എടുത്തോളും"
ആജാനബാഹുവായ കണ്ടക്ടര്‍ മുന്നില്‍ നിന്ന് അലറി ചോദിച്ചു:
"ആരാ ഈ തള്ളയുടെ പയ്യന്‍?"
ഗത്യന്തരമില്ലാതെ കൈ ഉയര്‍ത്തി കാട്ടി.ബസ്സിലിരുന്നവരെല്ലാം പണിക്കത്തി തള്ളയേയും എന്നെയും മാറി മാറി നോക്കുന്നു, ആകെ തൊലി ഉരിഞ്ഞ് പോകുന്ന അവസ്ഥ.മുന്നില്‍ നില്‍ക്കുന്ന ചില തരുണീമണികള്‍ ആക്കി ചിരിക്കുന്ന കൂടി കണ്ടപ്പോള്‍ പൂര്‍ത്തിയായി.
ചമ്മലോടെ പുറത്തേക്ക് നോക്കിയപ്പോള്‍ വിന്‍ഡോ സൈഡിലിരിക്കുന്ന അമ്മാവന്‍ ആക്കി നോക്കുന്നു, ഒടുവില്‍ വിക്കി വിക്കി പറഞ്ഞു:
"ആക്‌ച്വലി.. അമ്മയുമല്ല...അമ്മുമ്മയുമല്ല...ഞാന്‍ വേറെയാ..അവരും വേറെയാ..."
"ഉം..ഉം.."അമ്മാവന്‍ ചിരിച്ച് കൊണ്ട് തലയാട്ടി.
അപമാനത്തില്‍ തലകുനിച്ചിരുന്നപ്പോള്‍ സൈഡീന്ന് ഒരു ചോദ്യം:
"അമ്മയും മോനൂടെ എങ്ങോട്ടാ?"
"നിന്‍റെ അപ്പന്‍റെ...."ഇത്രേം പറഞ്ഞ് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ആജാനബാഹുവായ കണ്ടക്ടര്‍.മറുപടി മയത്തിലാക്കി:
"രണ്ട് ആശുപത്രി മുക്ക്"
അങ്ങനെ ആശുപത്രിയിലേക്ക്...

പണിക്കത്തി തള്ള ചെക്കപ്പിനു കയറി.അപമാനഭാരത്താല്‍ തളര്‍ന്ന് അവശനായ ഞാനൊരു ചാരുബഞ്ചില്‍ ഇരുപ്പുറപ്പിച്ചു.പെട്ടന്ന് ചെക്കപ്പ് മുറിയില്‍ നിന്ന് ഇറങ്ങി വന്ന സിസ്റ്റര്‍ ഒരു പേപ്പറുമായി എന്‍റെ മുന്നിലെത്തി, എന്നിട്ട് പറഞ്ഞു:
"അഡ്മിറ്റ് ചെയ്യണം"
"എന്നെയാണോ?"
"അല്ല, ഇയാടെ അമ്മുമ്മയെ"
അവര്‌ എന്‍റെ അമ്മുമ്മയല്ലെന്ന് അലറി പറയണമെന്ന് ഉണ്ടായിരുന്നു.പിന്നെ ആ സിസ്റ്ററിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലന്ന് തോന്നിയപ്പോള്‍ തലകുനിച്ചിരുന്നു.
"ഇതിലൊന്ന് ഒപ്പിട്ടേ" സിസ്റ്ററുടെ സ്വരം.
അവര്‍ നീട്ടിയ പേപ്പറില്‍ നോക്കി ചോദിച്ചു:
"എന്താ ഇത്?"
"അഡ്മിറ്റ് ചെയ്യാനുള്ള അനുവാദം വേണം"
അതില്‍ ഞാന്‍ എങ്ങനെ ഒപ്പിട്ട് കൊടുക്കും??
നീലാംബരി വരുന്ന വരെ ക്ഷമിക്കാന്‍ പറയാമെന്ന് തീരുമാനിച്ചു, അതിനാല്‍ ഞാന്‍ ചോദിച്ചു:
"അമ്മുമ്മയുടെ കൊച്ചുമോള്‌ വന്നിട്ട് ഒപ്പ് ഇട്ടാല്‍ പോരെ?"
സിസ്റ്റര്‍ എന്നെ അടിമുടി നോക്കിയട്ട് പറഞ്ഞു:
"കൊച്ചുമോന്‍ ഒപ്പിട്ടാലും മതി"
നാശം!!!

പണ്ട് ഗുളികന്‍ നാക്കില്‍ കേറിയ സമയത്താ പണിക്കത്തി തള്ളയുടെ കൊച്ചുമോനാണെന്ന് പറയാന്‍ തോന്നിയതെന്ന് എനിക്ക് ഉറപ്പായി.ഒടുവില്‍ പേപ്പര്‍ വാങ്ങി ഒപ്പിടണോ വേണ്ടായോന്ന് ആലോചിച്ച് നില്‍ക്കെ നീലാംബരി അവിടെയെത്തി.എന്നെയും സിസ്റ്ററിനേയും മാറി മാറി നോക്കിയട്ട് അവള്‍ ചോദിച്ചു:
"എന്താ..എന്ത് പറ്റി?"
മറുപടി സിസ്റ്ററുടെ വകയായിരുന്നു:
"കൊച്ചുമോള്‌ വന്നിട്ട് ഒപ്പിടാമെന്ന് മോന്‍ പറഞ്ഞു, കൊച്ചുമോന്‍ ഒപ്പിട്ടാ മതെയെന്ന് ഞാന്‍ പറഞ്ഞു.കൊച്ചുമോനായാലും കൊച്ചുമോളായാലും ഞങ്ങക്ക് ഒപ്പ് കിട്ടിയാ മതി.അത് കൊണ്ടാ കൊച്ചുമോള്‌ വരും മുമ്പേ കൊച്ചുമോനോട് ഒപ്പിടാന്‍ പറഞ്ഞത്.ഇനി വേണേല്‍ കൊച്ചുമോള്‍ ഒപ്പിട്ടോ.അല്ലേല്‍ കൊച്ചുമോന്‍ ഇട്ടാലും മതി.അത് കൊച്ചുമോനും കൊച്ചുമോളൂടെ തീരുമാനിച്ചോ"
നീലാംബരിയുടെ കണ്ണ്‌ തള്ളി!!!
അവള്‍ അമ്പരപ്പോടെ എന്നോട് ചോദിച്ചു:
"എന്താ മനു?"
"ഒന്നുമില്ല്ല, നീ ഇതിലൊരു ഒപ്പിട്"
അങ്ങനെ പണിക്കത്തി തള്ള അഡ്മിറ്റായി...

തുടര്‍ന്ന് അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നീലാംബരിക്ക് ഒപ്പം പോയി ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നെല്ലാം വാങ്ങി വന്നപ്പോഴേക്കും അവരുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി.അങ്ങനെ ഒരു ഉപകാരം ചെയ്ത മനസമാധാനത്തില്‍ വീട്ടിലേക്ക് യാത്രയായി...
വീട്ടിലെത്തിയപ്പോള്‍ മുന്നില്‍ ഉറഞ്ഞ് തുള്ളി അമ്മ:
"നീയിത് എന്ത് ഭാവിച്ചാ, ആ പണിക്കത്തി തള്ളയുടെ കൊച്ചുമോളുമായി ടൌണില്‍ കിടന്ന് കറങ്ങുന്നെന്ന് നാട്ടുകാര്‌ പറയുന്നല്ലോ?"
അതാണ്‌ എന്‍റെ നാട്ടുകാര്!!!
ഞാന്‍ പ്രായമായ ഒരു സ്ത്രീയുമായി ആശുപത്രിയില്‍ പോയതോ, അവരെ അഡ്മിറ്റ് ചെയ്തതോ ആരും കണ്ടില്ല.നീലാംബരിയോടൊത്ത് ഒരു രണ്ട് മിനിറ്റ് മെഡിക്കല്‍ ഷോപ്പില്‍ പോയത് എല്ലാവരും കണ്ടു.ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്ന കൊണ്ട് മിണ്ടാതെ മുറിയിലേക്ക് കയറി...

പിറ്റേന്ന് കോളേജില്‍ വച്ച് എന്നേ കണ്ടപ്പോള്‍ നീലാംബരി പറഞ്ഞു:
"മനു, ഇന്നലത്തെ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല"
അവള്‍ നടന്ന് നീങ്ങിയപ്പോള്‍ എന്‍റെ മനസ്സ് മന്ത്രിച്ചു...
ഇനി നീ മറന്നാലും ഞാന്‍ ഒരിക്കലും മറക്കില്ല.

55 comments:

അരുണ്‍ കരിമുട്ടം said...

ഇന്നത്തെ കാലത്ത് ബീവറേജസിനു മുന്നിലെ ആള്‍കൂട്ടം പോലെയായിരുന്നു അന്നത്തെ കാലത്ത് റേഷന്‍കടക്ക് മുന്നിലെ ആള്‍കൂട്ടം.ഒരേ ഒരു വ്യത്യാസം ബീവറേജസിനു മുന്നില്‍ ക്യൂ ഉണ്ട്, അവിടെ ക്യൂ ഇല്ല.ചക്കരപാത്രത്തില്‍ ഈച്ച പൊതിയുന്ന പോലെ എല്ലാവരും ഒരു നില്‍പ്പാണ്.

ആ കാലഘട്ടം നോക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ ഭാഗ്യവാന്‍മാര്‍!!!

ഇ.എ.സജിം തട്ടത്തുമല said...

അന്നത്തെ റേഷൻ കടയുടെ ഓർമ്മ മടങ്ങിവന്നു. ക്യൂ അല്ല. കൂടി നിൽക്കലാണ് റേഷൻ കടയുടെ ഒരു കൌതുകം. റേഷൻ കട മുതലാളി എന്നുപറഞ്ഞാൽ അന്ന് നാട്ടുപ്രമാണിയാണ്.

“അമ്മുമ്മയെ ആശുപത്രിയിൽ കൊണ്ടുപോയത് ആരും കണ്ടില്ല. നീലാംബരിയുമൊത്ത് മെഡിക്കൽ ഷോപ്പിൽ പോകുന്നത് മാത്രം എല്ലാവരും കണ്ടു.”ആ വരികൾ ഇഷ്ടമായി. ഇതുതന്നെ ലോകം.

വായന ഇത്രയും മാത്രം പറഞ്ഞ് അടയാളപ്പെടുത്തുന്നു.

Rakesh said...

അത് കേട്ടതും പശൂനു പുല്ല്‌ പറിക്കുന്ന പറമ്പിലൂടെ ഞാന്‍ ഒറ്റ ഓട്ടം വച്ച് കൊടുത്തു.ഓടിയ വഴി ഇനി പുല്ല്‌ കിളിച്ചില്ലെങ്കില്‍ പശു പട്ടിണി!!!

g8.

മുഫാദ്‌/\mufad said...

നാളുകള്‍ക്കു ശേഷമാണ് കായംകുളം സൂപര്‍ ഫാസ്റ്റില്‍ ടിക്കെറ്റ് എടുക്കാതെ കയറുന്നത്.വണ്ടി ഇപ്പോഴും നല്ല പോക്കാണല്ലേ.എന്ത് പറയാന്‍..?പതിവ് തെറ്റിച്ചില്ല.രസിപ്പിച്ചു.

കൂതറHashimܓ said...

രസായി വായിച്ചു

റ്റോംസ് | thattakam.com said...

വായന രസം തന്നു. പിന്നെ അരുണ്‍ ഇപ്പോള്‍ റേഷന്‍ കടകള്‍ എന്താണന്നു പുതിയ തലമുറകള്‍ ചോദിച്ചു തുടങ്ങും..?

mini//മിനി said...

ഇലക്ഷൻ കഴിഞ്ഞാൽ രണ്ട് രൂപക്ക് അരി തരാൻ കാത്തിരിക്കുന്ന ഇടമാണ് അത്. (റ്റോംസ്‌ന് മറുപടി)

mini//മിനി said...

ഇലക്ഷൻ കഴിഞ്ഞാൽ രണ്ട് രൂപക്ക് അരി തരാൻ കാത്തിരിക്കുന്ന ഇടമാണ് അത്. (റ്റോംസ്‌ന് മറുപടി)

Bijith :|: ബിജിത്‌ said...

ആരും ചൂണ്ടയില്‍ കൊത്താതിരുന്ന ആ കാലത്ത്, പേര് ദോഷം ആണെങ്കിലും ഒരു പെണ്ണിന്റെ കൂടെ ചേര്‍ത്ത് അരുണിന്റെ പേര് പറയിക്കാനുള്ള അടവായിരുന്നില്ലേ അതു...

Manoraj said...

അമ്മൂമ്മയും കൊച്ചുമോനും കൂടെ ഇതെങ്ങോട്ടാ :):)

ചിതല്‍/chithal said...

എടാ മനൂ, എന്നോടു് സത്യം പറ - നാട്ടുകാരു് നിന്നേം നീലാംബരിയേയും പറ്റി വീട്ടിൽ പറഞ്ഞതു് ശരിക്കു് നീ ഇഷ്ടപ്പെട്ടില്ലേ? സത്യമേ പറയാവൂ..
സമരദിവസം വരെ ഇംഗ്ലിഷ്‌ നോട്ട്‌ എഴുതാതെ ഒതുക്കിവച്ചു ല്ലേ? കിട്ടണം. ഇതിൽ കൂടുതൽ കിട്ടണം.

Rakesh KN / Vandipranthan said...

ഹഹഹ ഈ നാട്ടുകാരുടെ ഒരു കാര്യം... കൊള്ളാട്ടോ അരുണേട്ടാ !!

SHANAVAS said...

ഒരു കള്ളം പറഞ്ഞാല്‍ അത് മറയ്കാന്‍ ഒരു നൂറു കള്ളം പറയേണ്ടി വരും.പിന്നെ പെന്പിള്ളരെ വെട്ടിലാക്കാന്‍ വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോലത്തിടുകയും ചെയ്യരുത്.എന്തായാലും നന്നായി എഴുതി. ആശംസകള്‍.

Unknown said...

ഹ ഹ !
നല്ല രസം

ആ കൊച്ചുമോള്‍ ഇപ്പോള്‍ കൊച്ചു മോളൊക്കെ ആയി എവിടെയായാ കൊച്ചുമോനെ ? ഹി ഹി

Irshad said...

രാവിലെ നന്നായി ചിരിപ്പിച്ചു...

Anonymous said...

ente manu, enikku vayya, chirichu oopadu poyi....ande american boss nokkunnu ente chiri kandittu.

Typist | എഴുത്തുകാരി said...

അമ്മൂമ്മയെ നടന്നും ബസ്സിൽ കയറിയും ആശുപത്രിയിൽ കൊണ്ടുപോയതാരും അറിഞ്ഞില്ല. നീ‍ലാംബരിയോടൊത്ത് മരുന്നു വാങ്ങാൻ പോയതെല്ലാരും അറിഞ്ഞു. അതാണ് ലോകം.

ചെലക്കാണ്ട് പോടാ said...

യ്യോ...എനിക്കും വന്നു പഴയ റേഷന്‍കട ഓര്‍മ്മകള്‍....

Junaiths said...

ബ്ളുവാമ്പരി കഥൈ കൊള്ളാം..

കുഞ്ഞൂസ് (Kunjuss) said...

"ഞാന്‍ പ്രായമായ ഒരു സ്ത്രീയുമായി ആശുപത്രിയില്‍ പോയതോ, അവരെ അഡ്മിറ്റ് ചെയ്തതോ ആരും കണ്ടില്ല.നീലാംബരിയോടൊത്ത് ഒരു രണ്ട് മിനിറ്റ് മെഡിക്കല്‍ ഷോപ്പില്‍ പോയത് എല്ലാവരും കണ്ടു."
അതാണ്‌ മനൂ ലോകം...! അല്ലെങ്കില്‍ ലോകം അതേ കാണൂ...
രസകരമായി എഴുതി ട്ടോ... ആ വഴികള്‍ ഒക്കെ പരിചിതമായതിനാല്‍, യാത്രയില്‍ കൂടെയുണ്ടായിരുന്ന പോലെ...

sm sadique said...

പാവം പണീക്കത്തിതള്ള

ചാണ്ടിച്ചൻ said...

ഇനിയിപ്പോ എല്ലാരും മറന്നാലും ഈ കഥ ഞാനൊരിക്കലും മറക്കില്ല :-)

ആളവന്‍താന്‍ said...

നല്ല ഒഴുക്കായ്‌ വായിക്കാന്‍ പറ്റി. രസകരമായ സന്ദര്‍ഭങ്ങളും. പക്ഷെ ഒടുക്കം ഒരു ഗുമ്മില്ലാതെ പോയി.

നരിക്കുന്നൻ said...

ആരും കാണരുതെന്ന് കരുതിയല്ലേ അമ്മൂമ്മയോടൊപ്പം നടന്നത്.. അതോണ്ടാ ആരും അത് "ശ്രദ്ധി"ക്കാതിരുന്നത്.. പക്ഷേ, പാവം നീലായോടൊപ്പം നീയങ്ങനെ കറങ്ങുന്നത് കാണുമ്പോൾ അത് രണ്ട് മിനിട്ടാണെങ്കിലും സഹിക്കില്ലിഷ്ടാ.... അനുഭവങ്ങളോ കഥകളോ എന്ന് തിരിച്ചറിയാൻ കഴിയാത്ത എഴുത്ത്. കഥയിലുടനീളം ചിരി പടർത്തി....

Anonymous said...

"കൊച്ചുമോള്‌ വന്നിട്ട് ഒപ്പിടാമെന്ന് മോന്‍ പറഞ്ഞു, കൊച്ചുമോന്‍ ഒപ്പിട്ടാ മതെയെന്ന് ഞാന്‍ പറഞ്ഞു.കൊച്ചുമോനായാലും കൊച്ചുമോളായാലും ഞങ്ങക്ക് ഒപ്പ് കിട്ടിയാ മതി.അത് കൊണ്ടാ കൊച്ചുമോള്‌ വരും മുമ്പേ കൊച്ചുമോനോട് ഒപ്പിടാന്‍ പറഞ്ഞത്.ഇനി വേണേല്‍ കൊച്ചുമോള്‍ ഒപ്പിട്ടോ.അല്ലേല്‍ കൊച്ചുമോന്‍ ഇട്ടാലും മതി.അത് കൊച്ചുമോനും കൊച്ചുമോളൂടെ തീരുമാനിച്ചോ"

njangadeyum kannu thalli

ഷമീര്‍ തളിക്കുളം said...

ചെറുപ്പത്തില്‍ റേഷന്‍ കടയില്‍ പോകുക എന്നതു ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന ഒന്നായിരുന്നു.
അരിയും പഞ്ചസാരയും നിറച്ച സഞ്ചിയും തലയില്‍വെച്ചു, എത്ര പോയിരിക്കുന്നു...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

".ഇംഗ്ലീഷ് ബുക്ക് പകര്‍ത്തി എഴുതുക എന്ന ഉദ്ദേശത്തില്‍ (സത്യമായും!) ഉച്ചയോടെ ഞാന്‍ നീലാംബരിയുടെ വീട്ടില്‍ പോയി"

എന്തിനാ 'സത്യമായും' എന്ന് എടുത്തു പറയുന്നത്‌ ഞങ്ങള്‍ക്ക്‌ അല്ലാതെ തന്നെ വിശ്വാസമായി സത്യമായും !!
:)

നല്ലി . . . . . said...

നീലാംബരിയുമായി പോയ കാര്യം വീട്ടിലറിഞ്ഞതും, കൊച്ചുമോനും കൊച്ചുമോളൂടെ തീരുമാനിക്കാന്‍ പറഞ്ഞതും :-)

Bibinq7 said...

ഇനി ഞങ്ങളും മറക്കില്ലാ...... :)

കൊച്ചു കൊച്ചീച്ചി said...

"ഞാന്‍ പ്രായമായ ഒരു സ്ത്രീയുമായി ആശുപത്രിയില്‍ പോയതോ, അവരെ അഡ്മിറ്റ് ചെയ്തതോ ആരും കണ്ടില്ല.നീലാംബരിയോടൊത്ത് ഒരു രണ്ട് മിനിറ്റ് മെഡിക്കല്‍ ഷോപ്പില്‍ പോയത് എല്ലാവരും കണ്ടു"

മനുവളിയോ! അതിന് നാട്ടുകാരെ കുറ്റം പറയണ്ടാട്ടാ. നടക്കുമ്പൊ ഒന്നുകില്‍ തള്ളയുടെ പത്തടി മുന്‍പില്‍ അല്ലെങ്കില്‍ ഇരുപതടി പിന്നില്‍. ബസ്സില്‍ തള്ള മുമ്പില്‍ അളിയന്‍ പുറകില്‍. ആശൂത്രീലും "..ഞാന്‍ വേറെയാ..അവരും വേറെയാ..." എന്ന ഭാവം. പക്ഷേ ബ്ലൂസ്കൈയ്യത്തിയുമായി മെഡിക്കല്‍ ഷോപ്പീ പോയപ്പോഴോ?

ബന്ധങ്ങളിലെ ഊഷ്മളത നാട്ടാര്‍ക്കും കണ്ടാ മനസ്സിലാകും.

അത്യുഗ്രനായി എഴുതി കേട്ടോ. ഭാവനയില്‍നിന്ന് എഴുതിയതാണെന്ന് വായിച്ചാല്‍ ഒട്ടും പറയില്ല...:)

തൂവലാൻ said...

മുൻ പോസ്റ്റുകളുടെ അത്രെം ഇല്ലാട്ടൊ..അമ്മൂമ്മയെ ഇങ്ങനെ കളിയാക്കി എഴുതരുതായുരുന്നു.അവരും ഒരു മനുഷ്യ ജീവിയാണെന്ന നിലയിൽ എഴുതണമായിരുന്നു...തുറന്നു പറയട്ടെ എനിക്കിഷ്ടായില്ല..

sijo george said...

:)) ചിരിപ്പിച്ചു..

kambarRm said...

ഹ..ഹ...ഹ
രസികൻ വായന.
അഭിനന്ദനങ്ങൾ

അരുണ്‍ കരിമുട്ടം said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി :)

@ തൂവലാൻ : ഇത് വെറും സാങ്കല്‍പ്പികമായ കഥയാണു ട്ടോ.അങ്ങനൊരു അമ്മുമ്മയുമില്ല, ഇങ്ങനൊന്നും സംഭവിച്ചിട്ടുമില്ല.

:)

Unknown said...

രസിച്ചു ചിരിച്ചു വായിച്ചു.

നല്ല രസികന്‍ എഴുത്ത്‌.ഇഷ്ടപ്പെട്ടു.

രാജീവ് പണിക്കര്‍.. said...

പണിക്കത്തിയ്ക്കെന്താ കൊഴപ്പം?

കാര്യം കഥയൊക്കെ കൊള്ളാം...മനൂം നീലയും അമ്മയും അമ്മൂമ്മയും കൊച്ചുമോനും കൊച്ചുമോളും ഒക്കെ കൊള്ളാം.

പണിക്കത്തിയെപ്പറ്റി മാത്രം പറയരുത്‌!

പണിക്കത്തി.

http://www.panikkathy.blogspot.com/

ശ്രീജിത് കൊണ്ടോട്ടി. said...

:)

ഋതുസഞ്ജന said...

കിടു..കിടു..സൂപ്പെർ..എന്നാലും എന്നത്തേം അത്രേം വന്നില്ല... എന്നാലും ഒരുപാടു ചിരിച്ചു....

Arun Kumar Pillai said...

super arun chetta..

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്റെ ഒരു തമിഴനായ സുഹൃത്ത് ബീവരെജിന്റെ മുന്നിലെ ക്യൂ കണ്ടിറ്റ് ചോദിച്ചു ഇതിവിടത്തെ റേഷന്‍ കടയാണോ എന്ന്‍. ഇത് അതിലും വല്ല്യ സംഭവാ എന്നും പറഞ്ഞാ ഞാന്‍ മുങ്ങിയെ

Bindu said...

Super......Inna vayichathu...ennalum aa panikathi thalla ethanennu manasilakunnila..hmm

girish said...

nammude onattukara kkaralle mashe angane parayoo..........

നെല്‍സണ്‍ താന്നിക്കല്‍ said...

"മണ്ണെണ്ണ കാണത്തില്ലെന്ന് അമ്മുമ്മ പറഞ്ഞായിരുന്നു, താനെല്ലാം ബ്ലാക്കില്‍ വില്‍ക്കുവല്ലിയോ?" ........... പാവം റേഷന്‍ കടക്കാരന്‍



"പ്ലീസ് ഡാ, ഞാന്‍ കാശുമായി ഹോസ്പിറ്റലില്‍ വരാം" വശ്യമോഹിനിയുടെ അപേക്ഷ.
ചോരയും നീരും മജ്ജയും മാംസവുമുള്ള ഒരു ചെറുപ്പക്കാരനു എങ്ങനെ അത് തള്ളി കളയാന്‍ കഴിയും.ഒടുവില്‍ ഞാന്‍ ആ അപേക്ഷ ഏറ്റെടുത്തു.

ഇങ്ങനെ എല്ലാ അപേക്ഷയും ഏറ്റെടുക്കാന്‍ പോയാല്‍ ചോരയും നീരുമൊക്കെ വല്ല കള്ളിയങ്കാട്ടു നീലാംബരീം ചോര്‍ത്തി എടുക്കും

ഇഷ്ടിക ‍ said...

നിങ്ങളുടെ നാട്ടുകാരാണ് ശരിക്കും നാട്ടുകാര്‍. എന്നാല്ലും സതീശനോട് പറഞ്ഞത് അല്‍പ്പം കൂടിപ്പോയില്ലേ..

Sabu Kottotty said...

മറക്കാതിരുന്നാ മതി....

വീകെ said...

അമ്മൂമ്മയുടെ കൂടെ ഒരു പത്തടി മുൻ‌പിലോ പിറകിലൊ നടക്കാൻ കാണിച്ച ജാഗ്രത നീലാമ്പരിയോട് കാണിക്കാഞ്ഞതെന്താ.....!!? അതല്ലെ ഈ വക വർത്തമാനം ഒക്കെ ഉണ്ടായത്... എന്നാലും അങ്ങനെ പറഞ്ഞപ്പോൾ (സത്യമായിട്ടും) ‘ഒരിതൊക്കെ‘ തോന്നിയില്ലെ മനുവേ...!!

നന്നായിരിക്കുന്നു..
ആശംസകൾ....

The Admirer said...

:)). നന്നായി ചിരിപ്പിച്ചു.

ഹരി.... said...

ഞാന്‍ പ്രായമായ ഒരു സ്ത്രീയുമായി ആശുപത്രിയില്‍ പോയതോ, അവരെ അഡ്മിറ്റ് ചെയ്തതോ ആരും കണ്ടില്ല.നീലാംബരിയോടൊത്ത് ഒരു രണ്ട് മിനിറ്റ് മെഡിക്കല്‍ ഷോപ്പില്‍ പോയത് എല്ലാവരും കണ്ടു.

അത് അല്ലെങ്കിലും അങ്ങനെയാ.....

അനുഭവം ഗുരു.....:(

വീണ്ടും നന്നായി ചിരിപ്പിച്ചു അരുണ്‍ ഭായ്...ഭാവുകങ്ങള്‍

priyag said...

"ചെറുപ്പത്തില്‍ റേഷന്‍ കടയില്‍ പോകുക എന്നതു ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന ഒന്നായിരുന്നു."

എനിക്കും ഒട്ടും ഇഷ്ട്ടമാല്ലയിരുന്നു.

Anand said...

കൊള്ളാം നല്ല കഥ.ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു. ശുഭാശംസകള്‍

മാണിക്യം said...

"നീ എവിടുത്തെയാ?"
നാട്ടുകാര്‌ പേടിക്കുന്ന പണിക്കത്തിയെ മനസില്‍ ഓര്‍മ്മ വന്നു, വച്ച് കാച്ചി: "പണിക്കത്തിയുടെ കൊച്ചുമോനാ"

ആ പ്രെസെന്‍സ് ഓഫ് മൈന്‍ഡിന് കൊടു കാശ്!!
കഥ കലക്കന്‍! ...
മനസ്സറിഞ്ഞ് ഇന്ന് കുറെ ചിരിച്ചു,നന്ദി!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായി ചിരിച്ചു

Moloos said...

Ente chettaa...kalakki...

Kazhinja aazhcha ente oru friend aanu chettante bloginte link ayachu thannathu..annu muthal vaayikkan thudangiyatha.ippol vaayichu vaayichu 2009 il ezhuthiya blog vare ethy.enikkariyavunna ente friends nokke ee blognte link ayachu koduthittundu..

Njan irunnu chirikkunnathu kaanumbol adutha cubicle il ulla hindi kkaru enthina nee ingane chirikkunnathu ennu chodikkum.njan avarkku enganeya ithu explain cheythu kodukkuka...

Any way you are great...Keep on writing...:)

siya said...

അരുണ്‍ ,പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു .ഇന്ന് ഒന്ന് കൂടി വായിച്ചു .
ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്ന കൊണ്ട് മിണ്ടാതെ മുറിയിലേക്ക് കയറി...

എന്തോ ഈ വരികള്‍ ആണ് എന്റെ മനസ്സില്‍ പതിഞ്ഞത് .ഇതുപോലെ എനിക്കും ഒരുപാടു തവണ തോന്നിയിട്ടുണ്ടാവണം അതാവും ..
നന്നായി.. വളരെ നല്ല പോസ്റ്റ്‌ .!!!

Arun Anchalassery said...

എപ്പോഴും ഒരു 10 അടി തള്ളി നടക്കുന്നത് വളരെ വളരെ നല്ലതാണ്...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com