For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ?!


"ന്‍റെ പ്പൂപ്പാക്ക് ഒരു ആന ഉണ്ടാര്‍ന്നു"
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഇമ്മാതിരി ഡയലോഗ് വീശിയാണ്‌ ഞാന്‍ ഒരു ഹീറോ ആയി വിലസിയത്.കുറേ നാള്‍ കഴിഞ്ഞ് ആനയുടെ മാര്‍ക്കറ്റ് പോയപ്പോ വീട്ടില്‍ ടീ.വി ഉണ്ടെന്ന് പറഞ്ഞ് ചെത്തി നടന്നു.പിന്നെ ബി.എസ്സ്.എ - എസ്സ്.എല്‍.ആര്‍ സൈക്കിളിലായി വിലസല്.കാലം എന്നെ ബൈക്കില്‍ കേറ്റി, താമസിയാതെ അതിന്‍റെ മാര്‍ക്കറ്റും പോയി. അപ്പോഴായിരുന്നു അവന്‍ വന്നത്..
പിന്നീടുള്ള ചുവടു വയ്പ്പുകളിലെ എന്‍റെ സന്തത സഹചാരി...
നാല്‌ വീലും, പോരാഞ്ഞതിനു സ്റ്റെപ്പിനിയുമുള്ള ഒരു ജഗജില്ലി..
ഒരു പച്ച കാറ്.
അങ്ങനെ അന്ന് മുതല്‍ ഞാനൊരു കാര്‍ മുതലാളിയായി.

പുതുപ്പെണിനെ മണിയറയില്‍ കേറ്റുന്ന പോലെ മുല്ലപ്പൂ വിതറിയ തറയില്‍ അതിനെ പാര്‍ക്ക് ചെയ്തു.പകരം പുത്തനച്ചി പുരപ്പുറം തൂക്കുന്ന പോലെ പ്രത്യേകിച്ച് കംപ്ലയിന്‍റൊന്നുമില്ലാതെ അത് എന്നെ വഹിച്ച് നടന്നു.
കാലം കടന്ന് പോയി...
നീണ്ട പത്ത് വര്‍ഷം.
എ ലോങ്ങ് ടെന്‍ ഇയേഴ്സ്സ്!!!
വാര്‍ദ്ധക്യത്തില്‍ അസ്ഥിക്ഷയം വന്നത് കൊണ്ടാകാം, മച്ചാനു ആകെ മിസ്സിംഗ്.
ആദ്യം ഏ.സി കേടായി, അത് ഞാന്‍ ക്ഷമിച്ചു, കേരളത്തിലെ കാലാവസ്ഥയില്‍ എന്തിനാ ഏ.സി?
പിന്നെ ബാറ്ററി വീക്കായി, അത് ഒരു പ്രോബ്ലമല്ലായിരുന്നു, ചാര്‍ജ്ജ് ചെയ്താല്‍ ശരിയാകുമല്ലോ!!
നാലു വീലും മൊട്ടയായി, അതെനിക്ക് ഒരു ലോട്ടറിയായിരുന്നു, ഇപ്പോ മുടി ചീകാന്‍ കണ്ണാടിയില്‍ നോക്കണ്ട, ടയറില്‍ നോക്കിയാ മതി.
ഇനി എന്ത് എന്ന് ഞാന്‍ കുറേ ആലോചിച്ചു, പക്ഷേ ഒന്നും സംഭവിച്ചില്ല‍, കാര്‍ സുഗമമായി ഓടി.
അങ്ങനെയിരിക്കെ ഒരു നാള്‍....

അന്നൊരു തിങ്കളാഴ്ചയായിരുന്നു.
ആ വിക്കെന്‍ഡിനു ഞാന്‍ നാട്ടില്‍ പോയിരുന്നില്ല, എന്നാല്‍ ഞയറാഴ്ച വൈകിട്ട് ഗായത്രിയുടെ അച്ഛന്‍ വിളിച്ച് പിറ്റേന്ന് ഗായത്രിയെയും കുഞ്ഞിനേയും അത്യാവശ്യമായി നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞു.ഓഫീസിലെ തിരക്ക് കാരണം മറ്റ് വഴി ഇല്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്കുള്ള ട്രെയിനിനു അച്ഛന്‍ സൌത്ത് റെയില്‍ വെ സ്റ്റേഷനില്‍ എത്താമെന്നും, ഞാന്‍ അവരെ അവിടെ എത്തിച്ചാല്‍ തിരികെ പത്തിന്‍റെ ട്രെയിനിനു അവരെയും കൊണ്ട് അച്ഛന്‍ പോയ്ക്കൊള്ളാമെന്നും പിന്നെ എനിക്ക് ഓഫീസില്‍ പോകാമെന്നും തീരുമാനമായി.
അങ്ങനെയാണ്‌ ഞാന്‍ ആ യാത്രക്ക് തയ്യാറായത്.

രാവിലെ മുതല്‍ ഒരു ചാറ്റമഴ!!!
എങ്കിലും എട്ടര ഒമ്പത് ആയപ്പൊഴേക്കും പച്ച കാറില്‍ ഇടപ്പള്ളിയില്‍ നിന്ന് സൌത്ത് റെയില്‍ വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഞാന്‍ യാത്ര തിരിച്ചു.
ചങ്ങമ്പുഴ പാര്‍ക്ക് - മാമംഗലം - പാലാരിവട്ടം - കലൂര്‍ - നോര്‍ത്ത് പാലം - പിന്നെ ചിറ്റൂര്‍ റോഡ് വഴി സൌത്ത് റെയില്‍ വേ സ്റ്റേഷന്‍.
തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ കൃത്യം പതിനെട്ട് മിനിറ്റ്.
എങ്ങനെ പോയാലും ഒമ്പത് അമ്പതിനുള്ളില്‍ സൌത്തിലെത്തും.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അച്ഛന്‍ വിളിച്ചു:
"എവിടായി മോനേ?"
അച്ഛന്‍ പേടിക്കാതിരിക്കാന്‍ കള്ളം പറഞ്ഞു:
"പാലാരിവട്ടം"
തുടര്‍ന്ന് സൈഡിലിരുന്ന ഗായത്രിയെ കണ്ണടച്ച് കാണിച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു.

രാവിലത്തെ ട്രാഫിക്കില്‍ വണ്ടിക്ക് ഒച്ചിന്‍റെ വേഗം.സൈഡില്‍ കൂടി നടന്ന് പോകുന്നവരൊക്കെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നു.പത്ത് മിനിറ്റ് കഴിഞ്ഞ് അച്ഛന്‍ വീണ്ടും വിളിച്ചു:
"എവിടായി?"
സത്യസന്ധയായ ഗായത്രി മറുപടി നല്‍കി:
"പാലാരിവട്ടം"
"ഇപ്പഴുമാ വട്ടത്തിലാണോ?" അച്ഛന്‍റെ മറുചോദ്യം.
തെറ്റ് മനസിലാക്കിയ ഗായത്രി തിരുത്തി:
"അത് മുമ്പേ ചേട്ടന്‍ കള്ളം പറഞ്ഞതാ"
ശ്ശെ..
മാനം പോയി.
അച്ഛന്‍ എന്നെ പറ്റി എന്ത് കരുതി കാണുമോ എന്തോ??
കാര്‍ വീണ്ടും മുന്നോട്ട്.

കലൂര്‍ പള്ളിക്ക് മുന്നില്‍ വന്‍ ആള്‍കൂട്ടം.
പുണ്യാളനെ തൊഴാനും കാണിക്ക ഇടാനും മെഴുകുതിരി കത്തിക്കാനുമായി ചാറ്റ മഴ വക വയ്ക്കാതെ ആളുകള്‍ തിരക്ക് കൂട്ടുന്നു.വണ്ടിയുടെ സ്പീഡ് പിന്നെയും കുറഞ്ഞു...
അച്ഛന്‍റെ ഫോണ്‍:
"എവിടാ?"
ഗായത്രി മാത്രമല്ല സത്യസന്ധതയെന്ന് തെളിയിക്കാന്‍ ഞാന്‍ മറുപടി നല്‍കി:
"കലൂര്‍ പള്ളി"
"നേരമില്ലാത്ത നേരത്ത് നിങ്ങള്‌ പള്ളീലും കയറിയോ?" അച്ഛന്‍റെ മറുചോദ്യം.
ഒന്നും പറഞ്ഞില്ല.
ഫോണ്‍ കട്ട് ചെയ്ത് ട്രാഫിക്ക് മാറുന്ന നോക്കി അക്ഷമനായി കാത്തിരിക്കെ ഗായത്രി ചോദിച്ചു:
"പുണ്യാളനു പെട്ടന്ന് പോയൊരു കാണിക്ക ഇട്ടാലോ?"
എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ ഹൈവേക്ക് നടുക്ക് കാര്‍ നിര്‍ത്തി കാണിക്ക ഇടാനുള്ള ആ ആപ്ലിക്കേഷന്‍ സ്വീകരിക്കാന്‍ എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ എന്‍റെ അച്ഛന്‍റെ വകയല്ലല്ലോ, മാത്രമല്ല എനിക്ക് തലക്ക് ഓളവുമില്ല, സോ, അത് കേട്ടില്ലെന്ന് നടിച്ചു.
അതൊരു വലിയ തെറ്റായിരുന്നു!!!
ഒരുപക്ഷേ അപ്പോ പുണ്യാളനു കാണിക്ക ഇട്ടിരുന്നെങ്കില്‍ തുടര്‍ന്നുണ്ടാവാന്‍ പോകുന്ന സംഭവവികാസങ്ങളില്‍ നിന്ന് പുണ്യാളന്‍ എന്നെ രക്ഷിച്ചേനെ, പക്ഷേ വരാനുള്ളത് വഴിയില്‍ തങ്ങത്തില്ലല്ലോ?
സൌത്ത് ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്...

കലൂര്‍ ബസ്സ് സ്റ്റാന്‍ഡും കഴിഞ്ഞ് നോര്‍ത്ത് പാലം ആകാറായി.പാലത്തിന്‍റെ പണി നടക്കുന്നതിനാല്‍ നിശ്ചിത സമയത്തേക്ക് ഒരു വശത്തൂന്ന് വണ്ടി കയറ്റി വിടും, അതിനു ശേഷം മറു സൈഡീന്ന് വണ്ടി വിടും, ഇതാണ്‌ നിയമം.
നമ്മുടെ സൈഡീന്ന് വണ്ടി കേറ്റി വിടാനായി കാത്തിരുപ്പ്.
വീണ്ടും അച്ഛന്‍റെ ഫോണ്‍:
"മോനേ, ട്രെയിന്‍റെ സമയമാകുന്നു, നിങ്ങളെവിടാ?"
പാവം!!
വെളുപ്പാന്‍ കാലത്ത് ട്രെയിന്‍ കേറി വന്ന്, എട്ട് മണി മുതല്‍ കാത്തിരിക്കുവാ.പത്തിന്‍റെ ട്രെയിന്‍ കിട്ടിയില്ലേല്‍ പിന്നെ രണ്ട് മണിക്കേ ട്രെയിനുള്ളു.മനസ്സിലെ ടെന്‍ഷന്‍ മറച്ച് വച്ച് മറുപടി നല്‍കി:
"പേടിക്കേണ്ടാ, ദേ നോര്‍ത്ത് പാലം കേറി ഇറങ്ങിയാ പിന്നെ പെട്ടന്നെത്താം"
തുടര്‍ന്ന് സംസാരിക്കാന്‍ തുനിഞ്ഞപ്പോ മുന്നില്‍ നിന്ന പോലീസുകാരന്‍ അലറി:
"വണ്ടി എടടാ!!!"
ഞങ്ങടെ സൈഡീന്ന് വണ്ടി പോകാനുള്ള സിഗ്നല്‍ ആയിരിക്കുന്നു, എങ്കിലും അയാള്‍ പറഞ്ഞ രീതി എനിക്ക് ഇഷ്ടമായില്ല.അതിന്‍റെ അമര്‍ക്ഷം എന്‍റെ നോട്ടത്തില്‍ ഉണ്ടായിരുന്നു, അത് കണ്ടാകാം അയാള്‍ പിന്നെയും അമറി:
"കണ്ണുരുട്ടാതെ വണ്ടി എടടാ!!"
ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്ന പോലീസുകാരെ എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടമാ, അതു കൊണ്ട് ഒന്നും മിണ്ടാതെ ഞാന്‍ കാര്‍ മുന്നോട്ടെടുത്തു...
കാര്‍ നോര്‍ത്ത് പാലത്തിലേക്ക് ഇരച്ച് ഇരച്ച് കയറി...

കാറ്‌ പാലത്തിന്‍റെ മുകളിലെത്താറായപ്പോള്‍ എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല.
"മഴയാണോ മഞ്ഞാണോ?" ഞാന്‍ ഗായത്രിയോട് ചോദിച്ചു.
"അല്ല ചേട്ടാ, നമ്മടെ കാറീന്ന് പുകയാ" ഗായത്രിയുടെ പരിഭ്രാന്തി കലര്‍ന്ന് മറുപടി.
അപ്പൊഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്, എഞ്ചിന്‍റെ ചൂട് മാക്സിമമാണ്, റേഡിയേറ്ററിന്‍റെ ഫാന്‍ കംപ്ലയിന്‍റായി എഞ്ചിന്‍ ചൂട് കൂടി, ബോണറ്റിന്‍റെ അവിടുന്ന് ഉയര്‍ന്ന പുകയാണ്‌ എന്‍റെ കാഴ്ചയെ മറക്കുന്നത്.
ഈശ്വരാ!!!!
പെട്ടന്നുള്ള വെപ്രാളത്തില്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചു.
"അയ്യോ, പാലത്തിന്‍റെ കൈവരിയാ" ഗായത്രിയുടെ അലര്‍ച്ച.
പാലത്തീന്ന് താഴോട്ട് വീഴാതിരിക്കാന്‍ റിവേഴ്സ്സ് ഇട്ട് പിന്നിലേക്ക് എടുത്തു.ഇടത്തോട്ട് തിരിച്ചതിനാല്‍ കാര്‍ പിന്നിലേക്ക് വന്നത് റോഡിനു കുറുകേ ആയി.ഇരു സൈഡിലേക്കും ഒരു വണ്ടിക്കും പോകാന്‍ കഴിയാത്ത വിധം കുറുകെ വന്ന് നിന്ന നിമിഷം തന്നെ കാര്‍ ഓഫായി.
സ്വിച്ച് ഒന്ന് തിരിച്ച് നോക്കി...
ഇല്ല, വണ്ടിക്ക് അനക്കമില്ല.
ഒന്നൂടെ തിരിച്ചു..
ഇല്ല, അറിഞ്ഞ മട്ടില്ല..
ഈശ്വരാ, പണി പാളി!!!

നല്ല തിരക്കുള്ള ഒരു തിങ്കളാഴ്ച, ചാറ്റ മഴ പെയ്യുന്ന എറണാകുളം സിറ്റിയില്‍, നഗരത്തിന്‍റെ മര്‍മ്മ കേന്ദ്രങ്ങളില്‍ ഒന്നായ നോര്‍ത്ത് പാലത്തിനു കുറുകേ, ഒരു വണ്ടിക്കും മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ജഗജില്ലിയായ ഒരു പച്ച കാറ്‌ വഴി മുടക്കി കിടക്കുവാണെന്നും, അതിന്‍റെ സാരഥി ഞാനാണെന്നുമുള്ള നഗ്നസത്യം ഒരു തരിപ്പായി കാലിലൂടെ പടര്‍ന്ന് കയറി...
പറക്കും തളിക സിനിമയിലെ പാട്ട് മറ്റൊരു വിധത്തില്‍ മനസ്സില്‍ ഓടി വന്നു...

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേ
കടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു  ശിവനേ
ഗതി കെട്ടൊരു വട്ടനു വീര പൊട്ടനു ഇഷ്ടം വന്നതു പോലെയിതാ
ഒരു കാറുകാരനൊരു കാറു വാങ്ങി അതൊരു അസ്സല്‍ സംഭവമായി"

ബോണറ്റില്‍ നിന്ന് ഉയരുന്ന പുക കണ്ടപ്പോ പാട്ടിന്‍റെ ബാക്കി കൂടി ഓര്‍മ്മ വന്നു...

"ഇത് പറക്കും തളിക ...
മനുഷ്യനെ കറക്കും തളിക..."

ഈശ്വരാ!!!

"ഭാഗ്യം!! കുഴപ്പമില്ലാതെ കാറ്‌ നിന്നല്ലോ" ഗായത്രിയുടെ കമന്‍റ്.
അതിനു ശേഷം താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി...
ഞാന്‍ എന്ത് പറയാന്‍??
ശരിക്കും പറഞ്ഞാ ഇതില്‍ കൂടുതല്‍ ഇനി എന്ത് കുഴപ്പം വരാനാ??
ചോദിച്ചില്ല, പതിയെ പുറത്തിറങ്ങി.

അച്ഛന്‍റെ ഫോണ്‍:
"മോനേ, എവിടായി?"
പാതളത്തില്!!!
വായി വന്ന മറുപടി വിഴുങ്ങി, എന്നിട്ട് പറഞ്ഞു:
"വന്നോണ്ട് ഇരിക്കുവാ"
പോ...പോ...!!!! പുറകിലൊരു ബസ്സിന്‍റെ ഹോണടി, തല തിരിച്ച് നോക്കിയപ്പോ ഡ്രൈവര്‍ വിളിച്ച് ചോദിച്ചു:
"കാറ്‌ കുറുകെ ഇട്ടാണോടാ, ഫോണ്‍ ചെയ്ത് കളിക്കുന്നത്?"
അണ്ണന്‍ ചൂടിലാ, ഫോണ്‍ കട്ട് ചെയ്തിട്ട് സമാധാനിപ്പിക്കാന്‍ പറഞ്ഞു:
"വണ്ടി ഓഫായി"
"ഓണാക്കി മുന്നോട്ട് എടടാ"
"കൈവരിയാ"
"എന്നാ പിന്നോട്ട് എടടാ"
"കൈവരിയാ"
"ങാഹാ, ഇവനിന്ന് വാങ്ങിക്കും" അയാള്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി.
അതോടെ ഒന്ന് ഉറപ്പായി...
ഞാനിന്ന് വാങ്ങിക്കും!!!

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേ
കടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു  ശിവനേ"
ഈശ്വരാ!!!

അടിക്കാന്‍ വന്ന അയാള്‍ പുക കണ്ട് ഒന്ന് നിന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്താ പുക, കാറിലിരുന്നാണോ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത്?"
വളിച്ച തമാശ ആസ്വദിക്കാന്‍ പറ്റാത്ത നേരമായിട്ടും ഞാന്‍ മറുപടി നല്‍കി:
"അല്ല, സ്റ്റീം ബാത്താ"
രൂക്ഷമായി എന്നെയും കാറും ഒന്ന് നോക്കിയട്ട് അയാള്‍ ചോദിച്ചു:
"ബ്ലോക്കായത് കണ്ടില്ലേ?"
പറക്കും തളികയിലെ ഹരിശ്രീ അശോകന്‍റെ ഡയലോഗ് എടുത്തിട്ട് അലക്കി:
"കഴിഞ്ഞാഴ്ച കലൂര്‍ സ്റ്റാന്‍ഡില്‍ ഉണ്ടാക്കിയ ബ്ലോക്കിന്‍റെ അത്രയില്ല"
മറുപടിയായി ദിലീപിന്‍റെ ഡയലോഗ് ഡ്രൈവറും പറഞ്ഞു:
"അന്ന് തന്‍റെ മുഖത്തിന്‍റെ ഷേപ്പ് മാറ്റിയ വീരപ്പന്‍ കുറുപ്പിന്‍റെ അനിയന്‍മാരാ ഇവിടുത്തെ പോലീസുകാര്‍, അവരിപ്പോ വരും"
അത് ശരിയായിരുന്നു...
അവര്‍ പാലം കേറി വരുന്നുണ്ടായിരുന്നു...
മഴ നനയാതിരിക്കാന്‍ കോട്ടിട്ട രണ്ട് പോലീസുകാര്‍...
അവരുടെ ലക്ഷ്യം ഞാനും എന്‍റെ കാറും ആയിരുന്നു.

അമല്‍ നീരദിന്‍റെ സിനിമ പോലെ സ്ലോ മോഷനില്‍ നടന്ന് വന്നപാടെ മുതിര്‍ന്ന പോലീസുകാരന്‍ ചോദിച്ചു:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ കാര്‍!!!
വി ആര്‍ ഡൂയിംഗ് എ കാര്‍!!!
ആ രംഗമോര്‍ത്തപ്പോള്‍ അറിയാതെ ചിരി വന്നു, അത് മറച്ച് പറഞ്ഞു:
"ഓടിച്ച് വന്നപ്പോള്‍ സ്റ്റക്കായതാ"
ഞാന്‍ പാലത്തിനു കുറുകെ എങ്ങനെയാ കാര്‍ ഓടിച്ചതെന്ന് മനസിലാകാതെ അയാളൊന്ന് അമ്പരന്നു, തുടര്‍ന്ന് അയാള്‍ ആകാശത്തൂന്ന് വല്ലതും പൊട്ടി വീണതാണോ എന്ന സംശയത്തില്‍ മുകളിലേക്ക് നോക്കി.
രണ്ടാമത്തെ പോലീസുകാരന്‍ ചൂടനായിരുന്നു, ഇയാളായിരുന്നു കണ്ണുരുട്ടാതെ എന്ന് പറഞ്ഞ് എന്നെ പേടിപ്പിച്ചത്, അയാള്‍ക്ക് പറ്റുന്നതില്‍ വെച്ച് മാക്സിമം സഭ്യമായ ഭാഷയിലാണ്‌ അയാള്‍ തുടങ്ങിയത് തന്നെ...
"പന്ന പു...."
ഇത്രയുമായപ്പോഴാണ്‌ മുന്നിലത്തെ ഡോര്‍ തുറന്ന് ഗായത്രിയും മോളും പുറത്തിറങ്ങിയത്, അവരെ കണ്ടതും അണ്ണന്‍ മാന്യനായി:
"പു...പു...പുറോബിളം എന്താ?"
"കാര്‍ സ്റ്റക്കായി" എന്‍റെ മറുപടി.
"സാര്‍, നോര്‍ത്ത് പാലത്തില്‍ കാറ്‌ സ്റ്റക്കായതാണ്" അയാള്‍ വയര്‍ലെസ്സിലൂടെ മെസ്സേജ് പാസ്സ് ചെയ്തു.
കേരളം മുഴുവന്‍ അത് കേള്‍ക്കുമെന്നും അങ്ങനെ എന്‍റെ കാര്‍ ഒരു ആഗോള സംഭവമാകുമെന്നും ഓര്‍ത്തപ്പോള്‍ ഞാന്‍ കോള്‍ മയിര്‍ കൊണ്ടു (നന്നായി വായിക്കണേ!!).
അപ്പോഴാണ്‌ അച്ഛന്‍റെ ഫോണ്‍:
"മോനേ, നോര്‍ത്ത് പാലത്തില്‍ കേറണ്ട.ഏതോ വിവരക്കേട് അവിടെ കാറ്‌ കുറുകേ ഇട്ടെന്ന്.ചിറ്റൂര്‍ റോഡും എം.ജിറോഡും ഫുള്‍ സ്റ്റക്കാണേന്ന്"
ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല, പിന്നെ പതിയെ പറഞ്ഞു:
"ആ വിവരക്കേട് ഞാനാണച്ഛാ"

സമയം ഇഴഞ്ഞ് നീങ്ങി.
പത്തിന്‍റെ ട്രെയിന്‍ പോയി കാണും, ഇനി ഞങ്ങക്ക് തിരക്ക് കൂട്ടിയിട്ട് ഒരു കാര്യവുമില്ല.രണ്ട് മണിക്കേ അടുത്ത ട്രെയിനുള്ളു, കാത്തിരിക്കുന്നവരുടെ ആസനത്തില്‍ ആല്‌ കിളിക്കാനുള്ള സമയമുണ്ട്.ട്രാഫിക്ക് ബ്ലോക്ക് കാരണം ഓഫീസില്‍ വരാന്‍ താമസിക്കുമെന്ന് പറയാന്‍ പ്രോജക്റ്റ് മാനേജരെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"മനു, നോര്‍ത്തില്‍ ആരോ കാര്‍ കുറുകെ ഇട്ട കാരണം ഞാനും എം.ജി റോഡില്‍ സ്റ്റക്കാ.പിന്നെ കൈയ്യില്‍ ലാപ്പ്ടോപ്പുള്ളതു കൊണ്ട് എന്‍റെ പണി നടക്കും.ഇങ്ങനുള്ള സന്ദര്‍ഭങ്ങളില്‍ മനുവും ഒരു ലാപ്പ്ടോപ്പ് കരുതുന്നത് നല്ലതാ"
പിന്നേ, നന്നായിരിക്കും!!!
നോര്‍ത്ത് പാലത്തിനു കുറുകേ കാറ്‌ ഇട്ടിട്ട് ലാപ്പ്ടോപ്പില്‍ പണി ചെയ്യാന്‍ എനിക്കെന്താ വട്ടാണോ???
നിരുത്സാഹപ്പെടുത്തിയില്ല, മറുപടി പറഞ്ഞു:
"നെക്സ്റ്റ് ടൈം അങ്ങനെ ചെയ്യാം സാര്‍"
"ഗുഡ്"
അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.
"അപ്പോ ഇതൊരു സ്ഥിരം ഏര്‍പ്പാടാക്കാനാണോ തന്‍റെ പ്ലാന്‍?"
ചോദ്യം അടുത്ത് നിന്ന പോലീസുകാരന്‍റെ വകയാണ്.
മറുപടിയായി ഒരു വളിച്ച ചിരി ചിരിച്ചു.

"ഏലൈസ ഏലൈസ...
ഏലൈസ ഏലൈസ....."

പുറകില്‍ കിടക്കുന്ന വണ്ടികള്‍ താഴെയുള്ള പമ്പിലേക്ക് കേറ്റിയിട്ട് പോലീസുകാരും നാട്ടുകാരും കൈ വച്ചു (എന്നെയല്ല, കാറിനെ!!).
കാര്‍ പതിയെ താഴേക്ക്...
ഇടക്ക് ആ പോലീസുകാരനു വീണ്ടും സംശയം:
"എന്നാലും താന്‍ എങ്ങനാ ഈ കാര്‍ അങ്ങനെ നിര്‍ത്തിയത്?"
നാളെ കാണിച്ച് തരാമെന്ന് മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്ത കൊണ്ട് മിണ്ടാതെ നിന്നു.
ആരൊക്കെയോ മൊബൈലില്‍ പിടിക്കുന്നത് കണ്ടു, ഏതെങ്കിലും ഫെയ്സ്സ് ബുക്ക് പിരാന്തനായിരിക്കും, ഇനി ഇത് നെറ്റിലും വരുമല്ലോ ഈശ്വരാ!!
കാര്‍ താഴെയെത്തി.
ട്രാഫിക്ക് പതിയെ പഴയ പടിയായി.
ഒരു ഓട്ടോ പിടിച്ച് ഗായത്രിയെയും കുഞ്ഞിനെയും കൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി.രണ്ട് മണിക്കേ ട്രെയിനുള്ളു എന്ന് അറിയാമെങ്കിലും വെറുതെ ചോദിച്ചു:
"ട്രെയിനു സമയമാകുന്നതേ ഉള്ളല്ലോ, അല്ലേ അച്ഛാ?"
അച്ഛന്‍ മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് രൂക്ഷമാക്കി  നോക്കി, എന്നിട്ട് അവരുമായി അകത്തേക്ക് കയറി, ചുറ്റുപാടും ഒന്നു നോക്കിയിട്ട് ഞാന്‍ പുറത്തേക്കും നടന്നു.

തിരികെ കാറിന്‍റെ അരികിലെത്തിയപ്പോ അതവിടെ തളര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു.
'മനു, ഇനി എനിക്ക് വയ്യടാ!!, ഇനി നിന്‍റെ കൂടെ ഞാന്‍ നിന്നാ ശരിയാവില്ല'
അത് എന്നോട് മന്ത്രിക്കുന്ന പോലെ എനിക്ക് തോന്നി.വേദനയോടാണെങ്കിലും ഞാന്‍ ആ തീരുമാനമെടുത്തു, കാറ്‌ മാറ്റണം.
എക്സ്ചേഞ്ച് ഓഫറില്‍ കാറ്‌ കൊടുത്തപ്പോ എന്‍റെ മനസ്സ് ഒന്ന് പിടഞ്ഞു.പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്നില്‍ നിന്ന് അകന്ന് പോകുന്നു.എന്‍റെ വിജയങ്ങള്‍ എന്നോടൊപ്പം ആഘോഷിച്ച, എന്‍റെ വിഷമങ്ങള്‍ ആരും കാണാതെ കരഞ്ഞ്  തീര്‍ക്കാന്‍ എന്നെ സഹായിച്ച എന്‍റെ കാറ്, അത് എന്നെ വിട്ട് പോകുന്നു...
മറ്റൊരു വീട്ടിലേക്ക്, മറ്റൊരു ആളുടെ അടുത്തേക്ക്...
ഒരുപക്ഷേ ജീവിതത്തില്‍ എവിടേലും വച്ച് കണ്ട്മുട്ടിയെന്ന് വരാം, അതേ പോലെ കണ്ടില്ലെന്നും വരാം.
അതൊരു നഗ്നസത്യമാണ്.

ഒരു സംശയം..
യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ??
ഉണ്ടെങ്കില്‍ ഒരു പക്ഷേ എന്‍റെ കാറ്‌ എന്നോട് പറയുമായിരുന്നു...

"യുഗത്തിന്‍ വഴിത്താരയില്‍ നാം കൊളുത്തിയ സ്നേഹദീപം
കാലത്തിന്‍ കുത്തൊഴുക്കില്‍ അണയാതിരിക്കട്ടെ..."

അതിനാലാവാം എന്‍റെ മനസ്സ് മന്ത്രിച്ചു...
പ്രിയപ്പെട്ട സുഹൃത്തേ, നിനക്ക് വിട.
മറക്കില്ല നിന്നെ ഞാന്‍, ഒരിക്കലും, ഒരിക്കലും....

ദിവസങ്ങള്‍ കഴിഞ്ഞു.
പുതിയ സുഹൃത്ത്, നാല്‌ വീലും സ്റ്റെപ്പിനിയും, പോരാത്തതിനു പവര്‍ സ്റ്റിയറിംഗുമുള്ള ഒരു ജഗജില്ലി, ഒരു സില്‍വര്‍ കളര്‍ കാര്‍ എന്‍റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സുദിനമായി.ഗണപതി ഭഗവാനു ഒരു തേങ്ങ അടിച്ച്, ശാസ്തിവിനൊരു ശരണം വിളിച്ച്, സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കരിമുട്ടത്തമ്മയെ കൈ കൂപ്പി തൊഴുത്, ഞാന്‍ കാറിന്‍റെ കീ തിരിച്ചു.
വണ്ടി സ്റ്റാര്‍ട്ടായി.
പിന്നെ അത് എന്നെയും വഹിച്ച് കൊണ്ട് നിരത്തിലേക്ക് ഇറങ്ങി.
ഒരു പുതിയ ബന്ധത്തിന്‍റെ തുടക്കം....

35 comments:

അരുണ്‍ കരിമുട്ടം said...

ഒരു സുഹൃത്ത് പോയ വിഷമത്തില്‍...
മറ്റൊരു സുഹൃത്ത് വന്ന സന്തോഷത്തില്‍...
പുതിയ പോസ്റ്റ്.

Unknown said...

ഈ പച്ചമനുഷ്യന്റെ പച്ച കാര്‍ ഇഷ്ട്ടായി

ചിരി മായും മുന്‍പേ കമന്റുന്നു

ആശംസകള്‍

jayanEvoor said...

യന്ത്രങ്ങൾക്ക് ഹൃദയമുണ്ട്.
ആദ്യത്തെ യന്ത്രൻ രണ്ടാമത്തെ യന്ത്രനോട് അവന്റെ ഹൃദയത്ത്ലിള്ളതെല്ലാം വെളിപ്പെടുത്തിക്കാണും!

ഓണർ ജാഗ്രതൈ!!!

ajith said...

ദൈവമെ, ചിരിച്ച് ചിരിച്ച് മനുഷ്യന്‍ കരഞ്ഞുപോകും

വായിക്കുമ്പോള്‍ ഓരോ ദൃശ്യവും മനസ്സില്‍ കണ്ടോണ്ടാണ് വായിച്ചത്. കാരണം കഴിഞ്ഞ അവധിയ്ക്ക് എറണാകുളം സിറ്റിയില്‍ പലതവണ കാറുമായി പോകേണ്ടിവന്നു.


മനോജ് ഹരിഗീതപുരം said...

തള്ള്..തള്ള്..തള്ള്..തള്ള്.കന്നാസുവണ്ടി

Manoraj said...

വെറൈറ്റി... തിങ്കളാഴ്ച കലൂര്‍ പള്ളിയില്‍ കാണിക്കയിടാന്‍ ഭക്തജനതിരക്കെന്നത് വേണ്ടായിരുന്നു. ചൊവ്വാഴ്ച എന്നാക്കിയാല്‍ അതിനൊരു റിയാലിറ്റി തോന്നിയേനേ :)

Rajeev Elanthoor said...

എന്റെമ്മോ ചിരിച്ചു വട്ടായി.. എല്ലാം നേരില്‍ കണ്ട പോലെ..
നന്നായിരിക്കുന്നു പച്ച വണ്ടിയുടെ കഥ..

Unknown said...

നന്നായിരിക്കുന്നു പച്ച വണ്ടിയുടെ പച്ചയായ കഥ

Arun Kumar Pillai said...

ഹ ഹ ഹ അച്ഛന്റെ ഫോണിൽ ക്കൂടിയുള്ള

"ഏതോ വിവരക്കേട് റോഡിനു കുറുകേ... "

ഡയലോഗ് പൊട്ടിച്ചിരിപ്പിച്ചു...


സുകന്യ said...

" നോര്‍ത്ത് പാലത്തിനു കുറുകേ കാറ്‌ ഇട്ടിട്ട് ലാപ്പ്ടോപ്പില്‍ പണി ചെയ്യാന്‍ എനിക്കെന്താ വട്ടാണോ??? " ഹ ഹ ഹ ഇത് കിടു ആയിട്ടുണ്ട് കേട്ടോ :)

Villagemaan/വില്ലേജ്മാന്‍ said...

കാറ് എക്സേന്ജ് എടുത്തിട്ട് അവര്‍ അത് മറ്റൊരു ഭാഗ്യവാന് കൊടുത്തു . അയാള്‍ അടുത്ത ദിവസം സൌത്ത് പാലത്തില്‍ വെച്ച് ഇതേപോലെ സ്ടക്കായി .

സ്ലോമോഷനില്‍ വന്ന പോലീസുകാരോട് ഇതിനകം സംസാരിക്കാന്‍ പഠിച്ച കാര്‍ പറക്കും തളികയിലെ ഹരിശ്രീ അശോകന്‍റെ ഡയലോഗ് എടുത്തിട്ട് അലക്കി:
"കഴിഞ്ഞ ദിവസം നോര്‍ത്ത് പാലത്തില്‍ അരുണ്‍ ഉണ്ടാക്കിയ ബ്ലോക്കിന്‍റെ അത്രയില്ല"


പോസ്റ്റ്‌ അടിപൊളി മാഷെ !

Binitha said...

യന്ത്രങ്ങൾക്ക് ഹൃദയമുണ്ട്.....

Kannur Passenger said...

പിന്നേം കലക്കി അരുണേട്ടാ .. :)

രണ്ടു കണ്ണുള്ളവര് കൂരിരുട്ടില് ജീവിക്കുമ്പോള് ഈ ഒറ്റക്കണ്ണന് ഒരുപാട് പറയാനുണ്ട്, പാതി വെളിച്ചം കൂടി അണയുന്നതിനു മുമ്പ്..!!!

binithadivya said...

യന്ത്രങ്ങൾക്ക് ഹൃദയമുണ്ട്.....

ചെലക്കാണ്ട് പോടാ said...

നന്നായി അരുണ്‍ ഭായി...

കുറേ നാളുകയളായി നമ്മുടെയൊപ്പമുള്ള വസ്തുക്കള്‍ മാറ്റി വാങ്ങുമ്പോള്‍ വിഷമമുണ്ടാകുന്നത് സ്വാഭാവികമാണ്..

അപ്പോള്‍ നിങ്ങളാമല്ലേ കൊച്ചി മെട്രോ ഇത്രേം വൈകിക്കാന്‍ കാരണം...

ഷിനു.വി.എസ് said...

എന്‍റെ പൊന്നണ്ണാ..നിങ്ങളെ സമ്മതിക്കണം ..
"ഞാന്‍ പുതിയ ഒരു കാറ് വാങ്ങി" എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ഒരു പോസ്റ്റ്‌ ..
എന്തെല്ലാം കാണണം ദൈവമേ ..!!
എന്തായാലും സംഗതി കലക്കി ..:)

Admin said...

പുതിയ പോസ്റ്റ് വന്നപ്പോ തന്നെ കണ്ടിരുന്നെങ്കിലും ഫോണ്‍ റൂട്ട് ചെയ്ത് മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അഹങ്കാരം ഉള്ളത് കൊണ്ട്, ഗൂഗിള്‍ റീഡറില്‍ വായിക്കാമെന്ന് കരുതി പിന്നേയ്ക്ക് മാറ്റി വെച്ചതായിരുന്നു. പക്ഷേ ബസ്സിലിരുന്ന് റീഡര്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ് വായിക്കുന്ന പരിപാടി ഇതോടെ നിര്‍ത്തി. മൊബൈലില്‍ നോക്കിയിരുന്ന് ചിരിക്കുന്ന എന്നെ നോക്കി ചിരിച്ച മറ്റു യാത്രക്കാര്‍ കാരണം വായന പകുതി വെച്ച് നിര്‍ത്തേണ്ടി വന്നു. കിടിലന്‍ പോസ്റ്റ്...

Admin said...
This comment has been removed by the author.
Unknown said...

തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക ...


http://ekalavyanv.blogspot.in/

വേമ്പനാട് said...

nannayi... ithupoloru suhruthu enikkum undu.. manasanuvadhikkathathu kaaranam ippozhum koode nirthunnu.... vayyandaayi adhehathinu... enkilum local ezhunnallippinokke kondupovum...thanks for the post

Nidhil Ramesh said...

Blog ezhuthan preripich... enne polullavare vazhi thetticha thaangal
http://nidhilramesh.blogspot.in/
ente blog vaayikkanam...
plz njan kaalu pidikkunnathaayi sangalppikkam...

Rockerz said...

|വയ്യ മനുഷ്യാ.. ചിരിച്ചു ചിരിച്ചു ചാകാറായി...
ഇങ്ങള് നമ്മുടെ നാടിന്റെ അഭിമാനം ആണേ..

രാഗേഷ് said...

വെറും വയറ്റില്‍ മനുഷ്യനെ ചിരിപ്പിച്ച് കൊന്നു. :)

echimi said...
This comment has been removed by the author.
echimi said...

" നോര്‍ത്ത് പാലത്തിനു കുറുകേ കാറ്‌ ഇട്ടിട്ട് ലാപ്പ്ടോപ്പില്‍ പണി ചെയ്യാന്‍ എനിക്കെന്താ വട്ടാണോ??? " kidilan :D

Echmukutty said...

എന്തു പറയാനാ?
ചിരി വരുന്നതുകൊണ്ട് ഒന്നും പറയാന്‍ വയ്യ.

കേമമായിഎഴുതി. അഭിനന്ദനങ്ങള്‍ കേട്ടൊ.

Nidhil Ramesh said...

നാലു വീലും മൊട്ടയായി, അതെനിക്ക് ഒരു ലോട്ടറിയായിരുന്നു, ഇപ്പോ മുടി ചീകാന്‍ കണ്ണാടിയില്‍ നോക്കണ്ട, ടയറില്‍ നോക്കിയാ മതി.....

Unknown said...

Sneham niranja Arun... Sathyathil njaan oru blog thudangiyathe thaangalude ee blog-le krithikal vaayichittanu. Thaankalude reethi valare decent aanu dwayaartha prayogangalo ashleelangalo illa.. thudakkam muthal odukkam vare ore vegathayil aswadyathayode pokaan kazhiyunnu.
Nandi.. thaankale bhagawan anugrahikkatte..
Snehapurvam...

Unknown said...

അല്ലാ .. ആ "പച്ച "കാര്‍ വാങ്ങിയത് ആരാണ്?
അവനെ ഒന്ന് നേരില്‍ കാണാന്‍ ആയിരുന്നു...

ചിതല്‍/chithal said...

കലക്കൻ! പുതിയ സുഹൃത്ത് മിടുക്കനാണെന്നു് വിശ്വസിക്കുന്നു.

അല്ല, പുതിയ സുഹൃത്ത് പെൺ-സുഹൃത്താണോ? ഐ മീൻ, എന്താ സുഹൃത്തിന്റെ പേരു്?

Anonymous said...

yanthrathinu hridyam undayalum preshnamanu ennu enthiran cinemayil shankar sir kanichu thannalloo.... athu kondu yenthrathinu heart venoo..?

Rakesh KN / Vandipranthan said...

Athethu car? ithethu car? modelukal paranje pattoo

ശ്രീ said...

അതേതായിരുന്നു ആ പച്ചകാര്‍?

രസകരമായി തന്നെ വിവരിച്ചു. അപ്പോ പുതു വര്‍ഷത്തില്‍ പുതിയ കാറിലാണോ യാത്രകള്‍?

ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ !

Aadu Thoma said...

Thakarthu chetta :) Sadhanam kidu aayittundu :)

Unknown said...

വളരെ നന്നായിരിക്കുന്നു. ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നു വെള്ളം വന്നു...കുറേ നാളുകള്‍ക്ക് ശേഷമാണു ഇങ്ങനെ ചിരിക്കാന്‍ ഇടവന്നത്...താങ്ക്സ്... :)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com