For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സൊബാസ്റ്റ്യന്‍ സാറിനു അയിത്തമില്ല


ഏമാന്‍മാര്‍ മാറി മാറി വരുന്ന പോലീസുകാരെക്കാള്‍ കഷ്ടമാണ്‌ പ്രോജക്റ്റ് മാനേജേഴ്സ്സ് മാറി മാറി വരുന്ന ഐ.ടി എഞ്ചിനിയറുടെ ലൈഫ്...
കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ പൊട്ടി!!
ചില മാനേജേഴ്സ്സ് കൊന്നു കൊലവിളിക്കും, മറ്റ് ചിലര്‍ ചിരിച്ചോണ്ട് കഴുത്ത് അറുക്കും, ഇനി ചില മാനേജറുമാര്‍ കുടത്തിലടച്ച ഭൂതത്തെ കിട്ടിയ മുക്കുവനെ പോലാ, തീരുമ്പോ തീരുമ്പോ പണി തരും.
മേല്‍ പറഞ്ഞവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു എന്‍റെ പ്രോജക്റ്റ് മാനേജര്‍, നമുക്ക് ഇദ്ദേഹത്തെ സൊബാസ്റ്റ്യന്‍ എന്ന് വിളിക്കാം...
സുന്ദരന്‍, സുമുഖന്‍, സുകുമാരന്‍, സര്‍വ്വോപരി സുനുഷ്കരന്‍..
അതേ, അതാണ്‌ സൊബാസ്യന്‍...
മിസ്റ്റര്‍ സൊബാസ്റ്റ്യന്‍!!!

ഇതിയാന്‍റെ ചില സ്വഭാവ സവിശേഷതകള്‍...
എന്തിനും ഏതിനും ഇദ്ദേഹത്തിനു സ്വന്തമായി ഒരു സിദ്ധാന്തമുണ്ട്, അത് മറ്റുള്ളവരെ അറിയിക്കാന്‍ ചറപറാന്ന് സംസാരിക്കുന്ന സ്വഭാവമില്ല.പറയാനുള്ള കാര്യത്തിന്‍റെ പോയിന്‍റ്‌ മാത്രമേ പറയു.ഇത് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സ്വല്പം ബുദ്ധിമുട്ടുമാണ്.നടുഭാവം പൂച്ച കൊണ്ട് പോയത് പോലാ, തലയും വാലും മാത്രമേ പറയൂ, ബാക്കി ഊഹിച്ച് എടുത്തോണം.
മറ്റൊരു സവിശേഷത ഇദ്ദേഹം ഭയങ്കര വര്‍ക്ക് ഹോളിക്കാണ്‌ എന്നതാണ്.വെളുപ്പാന്‍ കാലത്ത് നാലുമണിക്ക് തന്നെ ഓഫീസില്‍ ഹാജരാവുമത്രേ, തുടര്‍ന്ന് രാത്രി രണ്ട് മണി വരെ ജോലി തന്നെ ജോലി.രണ്ട് മണിക്ക് ഓഫീസ്സ് പൂട്ടി കാറുമെടുത്ത് തൃശുരിലേ വീട്ടിലേക്ക് ഒറ്റ പോക്കാ.കൊച്ചുവെളുപ്പാന്‍ കാലത്ത് കതകില്‍ തട്ടി ഭാര്യയേയും കൊച്ചിനേയും ഉണര്‍ത്തും, തുടര്‍ന്ന് താനിപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയിട്ട് അതേ കാറില്‍ തിരിച്ച് ഓഫീസിലേക്ക്...
കൃത്യം നാലുമണിക്ക് ഓഫീസില്‍ ഹാജര്‍.
ഇതാണ്‌ ദിനചര്യ!!!

വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും ലീവ് എടുക്കാത്തവര്‍ കാണില്ല, എന്നാല്‍ ഇദ്ദേഹം ലീവേ എടുക്കാറില്ല.അതിയാനു മുന്നൂറ്റി അറുപത്തിയഞ്ച് ദിവസത്തില്‍ കൂടുതല്‍ ലീവ് ബാലന്‍സ് ഉണ്ടെന്നാണ്‌ ജനസംസാരം.
അങ്ങനെയുള്ള ഇദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു ലീവെടുത്തു!!
അതും തിങ്കളാഴ്ച.
അത് ബൃഹത്തായ ഒരു സംഭവത്തിന്‍റെ തുടക്കമായിരുന്നു...

ആ തിങ്കളാഴ്ച.
ഓഫീസില്‍ ചെന്നപ്പോള്‍ ടീമിലുള്ളവരെല്ലാം കൂടി കുട്ടിം കോലും കളിക്കുന്നു.അപ്പോഴേ മനസിലായി, മാനേജര്‍ ഈസ് മിസ്സിംഗ്.
എവിടെ പോയോ എന്തോ??
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് മെയില്‍ ബോക്സ്സ് തുറന്നപ്പോ ഒരു മെയില്‍...
കാള്‍ മീ!!!
ആ ഇരുന്ന ഇരുപ്പില്‍ മൂന്ന് പ്രാവശ്യം ഉറക്കെ വിളിച്ചു:
"പ്രോജക്റ്റ് മാനേജരേ, പ്രോജക്റ്റ് മാനേജരേ, പ്രോജക്റ്റ് മാനേജരേ....."
ഇല്ല, ആരും വിളി കേള്‍ക്കുന്നില്ല.
സൌണ്ട്  മാറ്റി വീണ്ടും വിളിച്ചു:
"സൊബാസ്റ്റ്യന്‍, സൊബാസ്റ്റ്യന്‍, എടാ സൊബാസ്റ്റ്യാ......"
നോ ആന്‍സര്‍!!!
തിരിച്ച് മെയില്‍ അയച്ചു...
ഐ കാള്‍ഡ്, ബട്ട് നോ ആന്‍സര്‍.
അഞ്ച് മിനിറ്റിനകം അദ്ദേഹം എന്‍റെ ഫോണില്‍ വിളിച്ചു:
"മനു, ഞാനിന്ന് ലീവാ"
"എന്ത് പറ്റി സാര്‍?"
"കണ്ണ്‌ ദീനമാണെന്ന് തോന്നുന്നു, കണ്ണൊക്കെ ചുവന്നിരിക്കുന്നു, ഇന്ന് വന്നാല്‍ ശരിയാകില്ല"
അത് സത്യമാണ്.
ചുവന്ന കണ്ണുമായി അദ്ദേഹം വന്നാല്‍ ശരിയാകത്തില്ല.
അത് മറ്റൊന്നും കൊണ്ടല്ല, വന്നാല്‍ സാധാരണ മുങ്ങി നടക്കുന്നവര്‍ വരെ അദ്ദേഹത്തിന്‍റെ ക്യാബിനില്‍ ചെല്ലും, എന്നിട്ട് ചുവന്ന കണ്ണിലൊന്ന് നോക്കും, തുടര്‍ന്ന് 'ഇത് നോക്കിയാ പകരുന്ന രോഗമാ, അല്ലേ സാറേ' എന്നൊന്ന് ചോദിച്ചിട്ട് തിരിച്ച് പോകും.
പിറ്റേന്ന് അവരില്‍ നിന്നൊക്കെ ഒരു ഫോണ്‍ പ്രതീക്ഷിക്കാം:
"സാര്‍, കണ്ണൊക്കെ ചൊറിയുന്നു, ചെറിയ ചുവപ്പുമുണ്ട്, ഐ തിങ്ക്......!!!"
പ്രോജക്റ്റ് മാനേജര്‍ക്ക് വല്ലതും പറയാന്‍ പറ്റുമോ, താനല്ലേ കാരണം, ഒടുവില്‍ മനസില്ലാ മനസ്സോടെ അദ്ദേഹത്തിനു പറയേണ്ടി വരും:
"ലീവെടുത്തോളു."
ഒരാഴ്ച അവരങ്ങ് ആഘോഷിക്കും, ഫേസ്സ് ബുക്കില്‍ സ്റ്റാറ്റസ്സ് ചെയിഞ്ച് ചെയ്യും..
മദ്രാസ്സ് ഐ, പ്ലീസ്സ് ലൈക്ക് മീ, പ്ലീസ്സ് ഷെയര്‍ മീ!!
എല്ലാവരും ലൈക്ക് ചെയ്യും, മാക്സിമം ആള്‍ക്കാര്‍ ഷെയര്‍ ചെയ്യും, അങ്ങനെ ഐ.ടി കമ്പനികളിലെ എംപ്ലോയ്സ്സ് കൂട്ടത്തോടെ ലീവെടുക്കും.
ഇങ്ങനെയൊരു സിറ്റുവേഷന്‍ ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം ആ തീരുമാനമെടുത്തു:
"കണ്ണ്‌ ദീനമാണെന്ന് തോന്നുന്നു, കണ്ണൊക്കെ ചുവന്നിരിക്കുന്നു, ഇന്ന് വന്നാല്‍ ശരിയാകില്ല"
എ ഗ്രേറ്റ് ഡിസിഷന്‍!!

അങ്ങനെ ജോലി ആരംഭിച്ചു...
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണും, എച്ച്.ആര്‍ ഒരു പുതിയ എംപ്ലോയിയേയും കൂട്ടി എന്‍റെ അടുത്ത് വന്നു, എന്നിട്ട് പറഞ്ഞു:
"ന്യൂ ജോയിനാ, നിങ്ങടെ ടീമാ, പ്രോസസ്സ് ഒക്കെ ഒന്ന് പരിചയപ്പെടുത്താന്‍ സാര്‍ പറഞ്ഞു"
ഓക്കേ.
ആളെ പരിചയപ്പെട്ടു..
വണ്‍ മിസ്റ്റര്‍ ജയിംസ്.
അത്യാവശ്യം ഭേദപ്പെട്ട ഒരു കമ്പനിയില്‍ നിന്നാണ്‌ വരവ്.പ്രോജക്റ്റിനെ കുറിച്ചൊന്ന് പരിചയപ്പെടുത്തിയിട്ട് അദ്ദേഹത്തെ ഒരു സീറ്റില്‍ പ്രതിഷ്ഠിച്ചു.
വീണ്ടും ജോലിയില്‍ മുഴുകി.

അരമണിക്കൂര്‍ കഴിഞ്ഞ് ജയിംസ് അടുത്ത് വന്നു, എന്നിട്ട് ചോദിച്ചു:
"ആരാ നമ്മുടെ പ്രോജക്റ്റ് മാനേജര്‍?"
"മിസ്റ്റര്‍ സൊബാസ്റ്റ്യന്‍" ഞാന്‍ മറുപടി പറഞ്ഞു.
എന്നില്‍ നിന്ന് വ്യക്തമായ മറുപടി കേട്ടപ്പോള്‍ ജയിംസ് പറഞ്ഞു:
"താങ്ക്യൂ"
ആ താങ്ക്യൂ എനിക്കങ്ങ് ബോധിച്ചു, ജയിംസ്സ് ആളൊരു സംസ്ക്കാര സമ്പന്നന്‍ തന്നെ.ഞാന്‍ തിരികെ പറഞ്ഞു:
"വെല്‍കം"
അത് കേട്ടതും ഒന്ന് ചിരിച്ച് കാണിച്ചിട്ട് ജയിംസ് തിരികെ നടന്നു.ഇതാണ്‌ ഇംഗ്ലീഷിന്‍റെ ഒരു കുഴപ്പം, ഒരാളോട് 'വെല്‍കം' എന്ന് പറഞ്ഞാല്‍ അയാള്‍ അകത്തോട്ട് വരുമോ അതോ പുറത്തോട്ട് പോകുമോന്ന് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനിക്കാന്‍ പറ്റു.
ഇതിനെ ആരാണോ യൂണിവേഴ്സല്‍ ലാംഗേജ് ആക്കിയത്??
അമര്‍ഷം മറച്ച് വച്ച് വീണ്ടും വര്‍ക്കിലേക്ക്....

അരമണിക്കൂര്‍ കഴിഞ്ഞ് ജയിംസ് വീണ്ടും ആഗതനായി.
"മിസ്റ്റര്‍ മനു, വണ്‍ ഡൌട്ട്..."
"യെസ്സ്"
"വെര്‍ ഈസ്സ് സൊബാസ്റ്റ്യന്‍ സാര്‍?"
"സാര്‍ ഇന്ന് ലീവാണ്"
എന്‍റെ മറുപടി കേട്ടപ്പോള്‍ അവന്‍ പറഞ്ഞു:
"താങ്ക്യൂ!!!"
ഇക്കുറി ഞാന്‍ വെല്‍കം പറഞ്ഞില്ല, ഇനി ഞാന്‍ 'വെല്‍കം' എന്ന് പറഞ്ഞാല്‍ ഇവന്‍ തിരിച്ച് പോകുമോ അതോ എന്‍റെ മടിയില്‍ കയറി ഇരിക്കുമോന്ന് ആര്‍ക്ക് അറിയാം??
അവന്‍ തിരിച്ച് പോയി, ഞാന്‍ വീണ്ടും ജോലിയിലേക്ക്...

സമയം ഇഴഞ്ഞ് നീങ്ങി..
ജയിംസ്സ് വീണ്ടും വന്നു.
"മിസ്റ്റര്‍ മനു, വണ്‍ മോര്‍ ഡൌട്ട്..."
നാശം!!!
എന്താണാവോ??
"സൊബാസ്റ്റ്യന്‍ സാര്‍ എന്തിനാണ്‌ ലീവെടുത്തത്?"
"അങ്ങേര്‍ക്ക് കണ്ണ്‌കടിയാ" ഞാന്‍ പിറുപിറുത്തു.
"സോറി" ജയിംസ് അത് വ്യക്തമായി കേട്ടില്ല.
"ഐ മീന്‍ ക്ലയിന്‍റ്‌ മീറ്റിംഗ്"
ഓഹോ??
യെസ്സ്, മീറ്റിംഗ്സ്സ് ആന്‍ഡ് മീറ്റിംഗ്സ്സ്.
ഇന്ന് അമേരിക്ക, നാളെ ദുഫായ്, പിന്നെ ചാലക്കുടി, പേരാമ്പ്ര,..എക്സട്രാ...എക്സട്രാ...
മീറ്റിംഗ്സ്സ് ആന്‍ഡ് മീറ്റിംഗ്സ്സ്, ലോട്ട്സ്സ് ഓഫ് മീറ്റിംഗ്സ്സ്!!
ജയിംസിനു പ്രോജക്റ്റ് മാനേജരെ കുറിച്ചൊരു മതിപ്പായി..
ഭയങ്കരന്‍, ആളൊരു സംഭവം തന്നെ!!

ചൊവ്വാഴ്ചയായി...
സൊബാസ്റ്റ്യന്‍ സാര്‍ അന്നും ലീവ്, കണ്ണിലെ ചുവപ്പ് മാറിയില്ലത്രേ.
ഉച്ചക്ക് ജയിംസ് ചോദിച്ചു:
"സാര്‍ വന്നില്ലല്ലേ?"
"ഇല്ല"
"ക്ലയിന്‍റ്‌ മീറ്റിംഗിനു പോയതായിരിക്കും, അല്ലേ?"
"അതേ...അതേ..."
"ഇന്ന് എവിടെയാ മീറ്റിംഗ്?"
"ഉഗാണ്ടയില്"
അവനു സന്തോഷമായി, അവന്‍ പറഞ്ഞു:
"താങ്ക്യൂ!!!"
ഉവ്വ, വരവ് വച്ചിരിക്കുന്നു.
അവന്‍ പോയി.

ബുധനാഴ്ച പ്രോജക്റ്റ് മാനേജര്‍ വന്നു.ഓടി റൂമിലെത്തി ഞാന്‍ നോക്കി, ഇല്ല, കണ്ണിനു ചുവപ്പില്ല.അപ്പോ ഇനി പകരില്ലല്ലോ എന്ന എന്‍റെ ചോദ്യത്തിനു ചിരിച്ച് കൊണ്ട് അദ്ദേഹം മറുപടി നല്‍കി:
"നിങ്ങളൊക്കെ കരുതുന്ന പോലെ കണ്ണുദീനം നോക്കിയാ പകരില്ല, അത് സ്പര്‍ശനത്തിലൂടെ മാത്രമേ പകരു"
അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
അതായത് പ്രോജക്റ്റ് മാനേജര്‍ കണ്ണ്‌ തുടച്ച് കൈ കൊണ്ട് നമ്മളെ സ്പര്‍ശിച്ചാല്‍, രോഗാണുക്കള്‍ നമ്മളിലും എത്താന്‍ ചാന്‍സ് കൂടുതലാണ്.അതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തെ സ്പര്‍ശിക്കാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചു, അതേ പോലെ മറ്റുള്ളവരെ സ്പര്‍ശിക്കാതിരിക്കാന്‍ പ്രോജക്റ്റ് മാനേജരും ശ്രദ്ധിച്ചു.
മീറ്റിംഗുകള്‍ ഒന്നൊന്നായി നടന്നു.
ഒടുവില്‍ പുതിയ ടീം അംഗമായ ജയിംസിനെ പരിചയപ്പെടുന്ന മീറ്റിംഗായി...

കോണ്‍ഫ്രണ്‍സ്സ് റൂമില്‍ ഞാനും ജയിംസും ഇരിക്കുന്നിടത്തേക്ക് പ്രോജക്റ്റ് മാനേജര്‍ കടന്ന് വന്നു.വന്നപാടെ ഓര്‍ക്കാതെ കൈ നീട്ടി അദ്ദേഹം പറഞ്ഞു:
"ഞാന്‍ സൊബാസ്റ്റ്യന്‍"
ജയിംസ് അദ്ദേഹത്തിനു ഷെയ്ക്ക് ഹാന്‍ഡ് നല്‍കി പറഞ്ഞു:
"ഞാന്‍ ജയിംസ്"
അത് കണ്ട് നിന്ന എനിക്കൊരു ഉള്‍ക്കിടിലമുണ്ടായി...
ജയിംസ് സൊബാസ്റ്റ്യന്‍ സാറിനെ സ്പര്‍ശിച്ചിരിക്കുന്നു!!!
അപകടം!!!
ഞാനത് പ്രോജക്റ്റ് മാനേജറുടെ ശ്രദ്ധയില്‍ പെടുത്തി:
"സാര്‍, ജയിംസ് സാറിനെ തൊട്ടു"
അബദ്ധം മനസിലാക്കിയ പ്രോജക്റ്റ് മാനേജര്‍ ഒരു നിമിഷം തലയില്‍ കൈ വച്ചു, എന്നിട്ട് ജയിംസിനോടായി ചോദിച്ചു:
"ഷെയ്ക്ക് ഹാന്‍ഡ് തന്നാരുന്നു, അല്ലേ?"
"സോറി" അവനു ആ ചോദ്യം മനസിലായില്ല.
"ജയിംസ് എന്നെ തൊട്ടായിരുന്നു, അല്ലേ?" മാനേജര്‍ ചോദ്യം സിംപിളാക്കി.
"തൊട്ടായിരുന്നു സാര്‍"
"എങ്കില്‍ ടൊയിലറ്റില്‍ പോയി പെട്ടന്ന് കൈ സോപ്പിട്ട് തേച്ച് കഴുകി കൊള്ളു"
മാനേജരുടെ ഉപദേശം.
ജയിംസ്സ് ഒന്ന് ഞെട്ടി, അവന്‍ അമ്പരപ്പോടെ എന്നെ നോക്കി...
അവന്‍ ഇത്രയും നാളത്തെ എക്സ്പീരിയന്‍സിനിടക്ക് ഒരുപാട് പ്രോജക്റ്റ് മാനേജേഴ്സിനെ കണ്ടിട്ടുണ്ട്, തൊട്ടിട്ടുണ്ട്.പക്ഷേ തൊട്ടതിന്‍റെ പേരില്‍ കൈ സോപ്പിട്ട് കഴുകേണ്ടി വരുന്നത് ആദ്യമായിട്ടാ.
ഇതെന്താ ഇങ്ങനെ??
അയിത്തമാണോ??
അമ്പരന്നുള്ള ആ നോട്ടത്തിനുള്ളിലെ ചോദ്യത്തിനുള്ള ഉത്തരം പിന്നെ പറയാമെന്ന് ഞാന്‍ കണ്ണടച്ച് കാണിച്ചു, അയാള്‍ കൈ കഴുകി തിരികെ വന്നു.
മീറ്റിംഗ് തുടര്‍ന്നു...

മീറ്റിംഗ് തീര്‍ന്നു സൊബാസ്റ്റ്യന്‍ സാര്‍ ഇറങ്ങിയതിനു പിന്നാലെ ജയിംസ് എന്‍റെ അരികില്‍ വന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്താ ഇങ്ങനെ?"
"എന്ത്?"
"പുള്ളിക്കാരനെ തൊട്ടതിനു സോപ്പിട്ട് കൈ കഴുകാന്‍ പറഞ്ഞത്...?!!"
ഞാന്‍ ചുറ്റും നോക്കി, അടുത്തൊന്നും ആരുമില്ല, പറ്റിയ അവസരം.
പതിഞ്ഞ സ്വരത്തില്‍ ഞാന്‍ മറുപടി നല്‍കി:
"ജയിംസിനോടായത് കൊണ്ട് ഞാന്‍ സത്യം പറയാം, നമ്മടെ സൊബാസ്റ്റ്യന്‍ സാര്‍ ഉണ്ടല്ലോ, നമുക്കൊന്നും തൊടാന്‍ കൊള്ളാവുന്ന വ്യക്തിയല്ല.അബദ്ധത്തില്‍ തൊട്ടാല്‍ ഞങ്ങളെല്ലാം സോപ്പിട്ട് കൈ കഴുകാറുണ്ട്"
റിയലി??
അവനു അമ്പരപ്പ്.
"യെസ്സ്, റിയലി....ശരിക്കും ഡെറ്റോളിട്ടാ കഴുകേണ്ടത്, തത്ക്കാലം സോപ്പായാലും മതി"
ഞാന്‍ തറപ്പിച്ചു പറഞ്ഞു.
പ്രോജക്റ്റ് മാനേജരെ കുറിച്ചുള്ള ചീട്ടു കൊട്ടാരം തകര്‍ന്ന് അടിഞ്ഞ വേദനയില്‍ ജയിംസ്സ് ആ റൂമില്‍ നിന്ന് ഇറങ്ങി, വല്ലാത്തൊരു ആത്മനിര്‍വൃതിയില്‍ ഞാനും..

പിറ്റേന്ന് മുതല്‍ പ്രോജക്റ്റ് മാനേജരെ തൊടാതിരിക്കാന്‍ ജയിംസ് കഴിവതും ശ്രദ്ധിക്കുമായിരുന്നു.ഒരിക്കല്‍ ഏതോ വര്‍ക്ക് കംപ്ലീറ്റ് ആക്കിയതിനു പ്രോജക്റ്റ് മാനേജര്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നത് കണ്ട് അവന്‍ എന്നോട് രഹസ്യമായി ചോദിച്ചു:
"ഞാന്‍ ഡെറ്റോള്‌ കൊണ്ട് വന്നിട്ടുണ്ട്, വേണോ?"
വേണ്ട, ഞാന്‍ സോപ്പിട്ട് കഴുകി കൊള്ളാം!!
പൊട്ടന്‍.
സത്യം മനസിലാക്കാത്ത വിഡ്ഡി.
അവനോട് ആ നിമിഷം പോലും സത്യം പറയാതിരുന്നത് അപകടമായി പോയെന്ന് എനിക്ക് ബോധ്യം വന്നത് പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ്.
ശരിക്കു പറഞ്ഞാല്‍ ഓഫീസിലെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷ വേളയില്‍..

ക്രിസ്തുമസ്സ് -  ന്യൂ ഇയര്‍ ആഘോഷം.
എല്ലാ സ്റ്റാഫും അവരുടെ കുടുംബവും പങ്കെടുക്കുന്ന ആഘോഷ വേള.അതിനിടയില്‍ എപ്പോഴോ ജയിംസിന്‍റെ വൈഫ് മറ്റൊരു സ്റ്റാഫിന്‍റെ വൈഫിനോട് പറഞ്ഞു...
ഇവരുടെ പ്രോജക്റ്റ് മാനേജരെ തൊട്ടാ സോപ്പിട്ട് കൈ കഴുകണം!!
കാത് കാതിനോട് കിന്നാരം പറഞ്ഞു, ആ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.ഗായത്രി എന്നെ മാറ്റി നിര്‍ത്തി ചോദിച്ചു:
"സൊബാസ്റ്റ്യന്‍ സാറിനെ തൊട്ടാ നിങ്ങളൊക്കെ സോപ്പിട്ട് കൈ കഴുകുമോ?"
എന്‍റമ്മേ!!!
എന്‍റെ നട്ടെല്ലില്‍ കൂടി ഒരു എലിവാണം പാഞ്ഞു പോയി!!!
"നിന്നോട് ആര്‌ പറഞ്ഞു?"
"അതിവിടെ അങ്ങാടി പാട്ടാ" അവളുടെ മറുപടി.
എന്‍റെ കാര്യത്തിലൊരു തീരുമാനമായി.

അപ്പോഴാണ്‌ സൊബാസ്റ്റ്യന്‍ സാറിന്‍റെ ഭാര്യയും രണ്ട് വയസ്സുകാരന്‍ മകനും ഞങ്ങളുടെ അടുത്തേക്ക് വന്നത്.ആ പയ്യനെ കണ്ടപ്പോള്‍ ജയിംസിന്‍റെ ഭാര്യക്ക് ഒരു സംശയം, അവരത് തുറന്ന് ചോദിച്ചു:
"എപ്പോഴും സോപ്പിട്ട് കഴുകുന്ന കൊണ്ടായിരിക്കും മോന്‍റെ കൈയ്യൊക്കെ വെളുത്തിരിക്കുന്നത്, അല്ലേ?"
ഒരു ഒടുക്കത്തെ സംശയം തന്നെ!!
എന്‍റെ കഞ്ഞിയില്‍ പാറ്റ ഇട്ടിട്ടേ ഈ പെണ്ണുമ്പിള്ള അടങ്ങത്തുള്ളന്നാ തോന്നുന്നത്.കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ച് എടുക്കാന്‍ പറ്റത്തില്ലെന്ന് പറയുന്നത് എത്ര സത്യമാ.എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ, സാറിന്‍റെ ഭാര്യക്ക് സംശയമൊന്നും തോന്നല്ലേ.
പ്രാര്‍ത്ഥന ഫലിച്ചു, ആ സാധു സ്ത്രീ മറുപടി പറഞ്ഞു:
"അയ്യോ, എപ്പോഴുമൊന്നും കഴുകാറില്ല.പിന്നെ അദ്ദേഹത്തെ തൊടുമ്പോ മാത്രം കൈ കഴുകിപ്പിക്കും"
നല്ല  മറുപടി, ശുദ്ധമായ പാല്‍ പോലെ വെളുത്തത്!!
സാറിനെ തൊടുമ്പോ മാത്രമേ കൈ കഴുകത്തൊള്ളത്രേ.
ഇത് കേട്ടതും താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ ജയിംസ് തല ഉയര്‍ത്തി അവന്‍റെ ഭാര്യയെ നോക്കി, അവള്‍ തല കുലുക്കി...
നിങ്ങളൊരു ഭയങ്കരന്‍ തന്നെ!!

സംഭവത്തിന്‍റെ ഗതി കണ്ട് തലയില്‍ കൈ വച്ചിരുന്ന എനിക്ക് അരികിലേക്ക് അതേ പോസില്‍ പ്രോജക്റ്റ് മാനേജര്‍ വന്നിരുന്നു.കാര്യങ്ങളൊക്കെ അറിഞ്ഞുള്ള വരവാണ്, ഞാന്‍ തല തിരിച്ച് നോക്കാന്‍ പോയില്ല.അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയില്ല, നേരെ നോക്കി ഇരുന്ന് ചോദിച്ചു:
"എന്നെ തൊട്ടാ കൈ കഴുകണമെന്ന് മനു ആരോടെങ്കിലും പറഞ്ഞോ?"
"അത് സാറല്ലേ പറഞ്ഞത്?" എന്‍റെ നിഷ്കളങ്കമായ ചോദ്യം.
പിന്നെ സാറിനു ചോദ്യമില്ല, അദ്ദേഹം എഴുന്നേറ്റ് പോയി.
ആ മനസ്സ് വിഷമിച്ചോ എന്തോ??
അദ്ദേഹത്തെ ഒന്ന് സന്തോഷിപ്പിക്കണമെന്ന് എനിക്ക് തോന്നി, കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചാല്‍ ഏത് അച്ഛന്‍റെയും അമ്മയുടെയും മനസ്സ് സന്തോഷിക്കും എന്ന സാമാന്യ തത്വത്തില്‍ മനസ്സ് അര്‍പ്പിച്ച് സാറിന്‍റെ മോനെ ഞാന്‍ എടുത്തു...
ആ നിമിഷം തന്നെ അവനെന്‍റെ ദേഹത്ത് പുണ്യാഹം തളിച്ചു.
ദുഷ്ടന്‍!!
മാനേജരുടെ മോന്‍ തന്നെ...
വെറുതെ പണി തരും!!!
സ്ത്രീ ജനങ്ങളുടെ ചിരി ഉയര്‍ന്നപ്പോള്‍ ഞാനവനെ താഴെ നിര്‍ത്തി.അപ്പോള്‍ നിഷ്കളങ്കമായ ചിരിയോടെ അവന്‍ ചോദിച്ചു:
"ഇഷ്ടപ്പെട്ടോ?"
ഏതാണ്ട് വല്യ പുണ്യപ്രവര്‍ത്തി ചെയ്ത പോലാ അവന്‍റെ ചോദ്യം.
ഇഷ്ടപ്പെട്ടോന്ന്??
ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...ഒരുപാട് ഇഷ്ടപ്പെട്ടു!!
"സോറി, അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വൈഫിന്‍റെ ക്ഷമാപാണം.
അതിനു എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിച്ച് നിന്നപ്പോള്‍ ഗായത്രി സഹായത്തിനെത്തി:
"ഇതൊന്നും ചേട്ടനു പുത്തരിയല്ല, നാട്ടിലുള്ള കുട്ടികളൊക്കെ ചേട്ടന്‍റെ മേത്താ മൂത്രമൊഴിക്കുന്നത്"
അവളെന്താണാവോ ഉദ്ദേശിച്ചത്??
ഓഫീസില്‍ കൂട്ടച്ചിരി.
അവള്‍ തിരുത്തി:
"എല്ലാ കുട്ടികളുമില്ല, ചേട്ടന്‍ എടുക്കുന്നവര്‍ മാത്രം"
വീണ്ടും ചിരി.
അത് കേട്ടതും പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി....
ശരിയാണ്‌, വളരെ ശരിയാണ്...
ഇവിടം കൊണ്ട് നിര്‍ത്തിക്കോണം.

ടൊയിലറ്റില്‍ കേറി കൈയ്യും ദേഹവും തുടച്ച് കൊണ്ടിരുന്നപ്പോള്‍ സംഭവിച്ചതൊന്നും അറിയാതെ ജയിംസ് അവിടേക്ക് വന്നു.രംഗം ഒന്ന് നോക്കിയട്ട് അവന്‍ ചോദിച്ചു:
"എന്നാ പറ്റി?"
"ഹേയ്, നമ്മടെ സൊബാസ്റ്റ്യന്‍ സാറിന്‍റെ മോനേ ഒന്ന് എടുത്തതാ"
എന്‍റെ മറുപടി കേട്ടതും അവന്‍ ചോദിച്ചു:
"അപ്പോ സാറിന്‍റെ മോനേ എടുത്താലും സോപ്പിട്ട് കഴുകണോ?"
നാക്കില്‍ ചൊറിഞ്ഞ് വന്നത് വിഴുങ്ങി ഞാനവനെ രൂക്ഷമായൊന്ന് നോക്കി, അത് മനസിലാക്കാതെ അവന്‍ വീണ്ടും ചോദിച്ചു:
"എന്‍റെ കൈയ്യില്‍ ഡെറ്റോളുണ്ട്, വേണോ?"
ഇവന്‍ പൊട്ടനാണോ അതോ ബുദ്ധിമാനോ??
എനിക്കാകെ സംശയമായി.
എങ്കിലും പറഞ്ഞു:
"വേണ്ടാ"

കുറ്റബോധം കൊണ്ട് നീറിയ മനസ്സുമായി പ്രോജക്റ്റ് മാനേജരുടെ അടുത്തേക്ക്.
സത്യം ബോധിപ്പിച്ചു, എന്നിട്ട് പറഞ്ഞു:
"ഒരു തമാശയായി കരുതിയതാ, ഇങ്ങനാവുമെന്ന് നിരീച്ചില്യ"
അദ്ദേഹം ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"നിങ്ങക്ക് ഒക്കെ ഒരു വിചാരമുണ്ട് ഞാന്‍ നിങ്ങളെ മനപൂര്‍വ്വം ദ്രോഹിക്കുന്നതാണെന്ന്.സത്യം പറഞ്ഞാ എനിക്കും മാനേജ്മെന്‍റീന്ന് പ്രഷറുണ്ട്.അവരെയും കുറ്റം പറയേണ്ടാ, അവര്‍ക്ക് ക്ലൈന്‍റീന്ന് നല്ല പ്രഷര്‍ കാണും."
അത് കേട്ടതും സ്വഭാവികമായി ഉണ്ടായ ഒരു സംശയം ഞാന്‍ ചോദിച്ചു:
"അപ്പോ ക്ലയിന്‍റിനു മാത്രം ഒരു കുഴപ്പവുമില്ല, അല്ലേ സാര്‍?"
പ്രോജക്റ്റ് മാനേജര്‍ സ്വയമൊന്ന് ചിരിച്ചു, എന്നിട്ട് ചോദിച്ചു:
"നമ്മളെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പ്രോഡക്റ്റ്സ്സ് അല്ലേ അവര്‍ ഉപയോഗിക്കുന്നത്, അതില്‍ കൂടുതല്‍ എന്ത് കുഴപ്പം വരാനാ?"
അതിനു എനിക്ക് മറുപടി ഇല്ലെന്ന് കണ്ടപ്പോ അദ്ദേഹം പറഞ്ഞു:
"ഈ ലോകത്ത് പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യനില്ല മനു"
സത്യം.
പ്രശ്നങ്ങള്‍ മനുഷ്യന്‍റെ കൂടെപിറപ്പാണ്.

ആ കൂടികാഴ്ച പിരിയുന്നതിനു മുമ്പ് സത്യന്‍ അന്തിക്കാടിന്‍റെ പടത്തില്‍ മോഹന്‍ലാല്‍ ഉപദേശിക്കുന്ന പോലെ ഒരു ഉപദേശവും അദ്ദേഹം തന്നു.ഈ പുതുവര്‍ഷ വേളയില്‍, അയിത്തമില്ലാത്ത സൊബാസ്റ്റ്യന്‍ സാറിന്‍റെ ആ ഉപദേശം ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്ക് വയ്ക്കുന്നു...

"പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും കാണും, ഒളിച്ചോടുന്നത് ഭീരുത്വമാ, തല്ലി തോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നത് മണ്ടത്തരവും, ഏറ്റവും ബെസ്റ്റ് ചിരിച്ചോണ്ട് നേരിടുന്നതാ, അപ്പോ വിജയം നമുക്ക് തന്നെയാവും"

വിജയങ്ങള്‍ നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്...
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.


36 comments:

അരുണ്‍ കരിമുട്ടം said...

"പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും കാണും, ഒളിച്ചോടുന്നത് ഭീരുത്വമാ, തല്ലി തോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നത് മണ്ടത്തരവും, ഏറ്റവും ബെസ്റ്റ് ചിരിച്ചോണ്ട് നേരിടുന്നതാ, അപ്പോ വിജയം നമുക്ക് തന്നെയാവും"

വിജയങ്ങള്‍ നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്...
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.

hshshshs said...

Good one !

കൊച്ചു കൊച്ചീച്ചി said...

""ജയിംസിനോടായത് കൊണ്ട് ഞാന്‍ സത്യം പറയാം, നമ്മടെ സൊബാസ്റ്റ്യന്‍ സാര്‍ ഉണ്ടല്ലോ, നമുക്കൊന്നും തൊടാന്‍ കൊള്ളാവുന്ന വ്യക്തിയല്ല.അബദ്ധത്തില്‍ തൊട്ടാല്‍ ഞങ്ങളെല്ലാം സോപ്പിട്ട് കൈ കഴുകാറുണ്ട്""

ഇത്തരക്കാര്‍ അര്‍ഹിക്കുന്ന ടൈപ്പ് മാനേജര്‍മാര്‍ എങ്ങനത്തെയാണെന്നോ?

"ചില മാനേജേഴ്സ്സ് കൊന്നു കൊലവിളിക്കും, മറ്റ് ചിലര്‍ ചിരിച്ചോണ്ട് കഴുത്ത് അറുക്കും, ഇനി ചില മാനേജറുമാര്‍ കുടത്തിലടച്ച ഭൂതത്തെ കിട്ടിയ മുക്കുവനെ പോലാ, തീരുമ്പോ തീരുമ്പോ പണി തരും."

വെറുതേ മാനേജര്‍മാരെ പറയല്ലേ, മനൂ. അവരും അഷ്ടിക്കു വേലചെയ്യുന്ന സാദാ മനുഷ്യരുതന്നെ.

അപ്പൊ പുതുവല്‍സരാശംസകള്‍ അങ്ങോട്ടും.

ajith said...

ഹഹ
മാനേജര്‍മാര്‍ക്കറിയാം അവരുടെ പാട്

വായിക്കാന്‍ രസമുണ്ടായിരുന്നു

മനോജ് ഹരിഗീതപുരം said...




ക്രിസ്തുമസ് ആശംസകൾ....

mini//മിനി said...

വളരെ നന്നായി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു കിടിലൻ പോസ്റ്റ് നല്ല അരുൺ ടച്, പുറമെ അതിനുള്ള മേമ്പൊടി ഉപദേശവും കലക്കി അഭിനന്ദനങ്ങൾ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.

Hashiq said...

ഇതാണ്‌ ഇംഗ്ലീഷിന്‍റെ ഒരു കുഴപ്പം, ഒരാളോട് 'വെല്‍കം' എന്ന് പറഞ്ഞാല്‍ അയാള്‍ അകത്തോട്ട് വരുമോ അതോ പുറത്തോട്ട് പോകുമോന്ന് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനിക്കാന്‍ പറ്റു.
ഇതിനെ ആരാണോ യൂണിവേഴ്സല്‍ ലാംഗേജ് ആക്കിയത്?? ആരാ ? !!
Good Post !!

Villagemaan/വില്ലേജ്മാന്‍ said...

കാലത്തേ കുറെ ചിരിപ്പിച്ചല്ലോ!

പുതുവത്സരാശംസകള്‍.

ഉദയപ്രഭന്‍ said...

നര്‍മഭാവന കലക്കി.

വീകെ said...

ഈ ഐടി.ക്കാർക്കൊക്കെ ബുദ്ധിയുണ്ടെങ്കിലും മൂളയില്ലെന്നു മനസ്സിലായി...! ഹാ.. ..ഹാ...

‘കൃസ്തുമസ്സ് & പുതുവലസരാശംസകൾ...’

jayanEvoor said...

കണ്ണുകടി! കണ്ണുകടി!

പ്രോജക്റ്റ് മാനേജരോട് കണ്ണുകടി!

അതല്ലേ, ആ പാവത്തിനെ ഇങ്ങനെ....!!?

(അപ്പോ കമ്പനി അടുത്താഴ്ച മാറും അല്ലേ!? :D)

Manoraj said...

രസകരമായ പോസ്റ്റ് അരുണ്‍.. കൃസ്തുമസ് പുതുവത്സരാശംസകള്‍.. പിന്നെ ഇങ്ങിനെ ഓണം, വിഷു, കൃസ്തുമസ്, ശങ്കരാന്തി എന്നിവയ്ക്ക് മാസം പോസ്റ്റിട്ട് മാവേലിയാവല്ലേ.. ഇടക്കിടെ പോസ്റ്റിടൂ.. എന്നാലല്ലേ ഭാവം വരൂ :)

ജയന്‍ ഡോക്ടറേ.. ഇപ്പൊ മനസ്സിലായി എങ്ങിനെയാ തൃപ്പൂണിത്തുറയിലേക്ക് സ്ഥലം മാറ്റം കിട്ടിയതെന്ന് :)

Admin said...

ഇങ്ങേരെന്നെ ചിരിപ്പിച്ച് കൊല്ലും

സുകന്യ said...

അല്ലാ അരുണേട്ടാ എന്തുവാ ഈ "സുനുഷ്കരന്‍" ??? കേട്ടിട്ട് പുഷ്കരന്റെ ചേട്ടനെ പോലെ തോന്നുന്നു :P എന്നെത്തെയും പോലെ മനോഹരമായ ഒരു പോസ്റ്റ്‌ .. ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുന്നു !!!

ചെലക്കാണ്ട് പോടാ said...

ആശംസകള്‍ പുതുവത്സരത്തിന്റെ

ചിതല്‍/chithal said...

പുതിയ മാനേജ്മെന്റ് തന്ത്രം എനിക്കിഷ്ടപ്പെട്ടു. എന്റെ ടീമിന്റെ അടുത്തു് ഒന്നു് പയറ്റി നോക്കാം. എന്നിട്ടു് വിശേഷം പറയാം.

അപ്പൊ നാട്ടിലെ കുട്ടികൾ ഒക്കെ എവിടാ മൂത്രമൊഴിക്കുന്നേന്നാ പറഞ്ഞേ?

എല്ലാവർക്കും പുതുവൽസരാശംസകൾ!

Anonymous said...

Kidilan

ചാണ്ടിച്ചൻ said...

സംഭവം കിടിലന്‍......
ഒരു ചെറിയ ത്രെഡ് വെച്ച് വല്യ നര്‍മം എഴുതാനുള്ള അയൂനിന്റെ കഴിവിനെ വീണ്ടും അഭിനന്ദിക്കുന്നു....

അഭി said...

ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.

കല്യാണിക്കുട്ടി said...

"പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും കാണും, ഒളിച്ചോടുന്നത് ഭീരുത്വമാ, തല്ലി തോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നത് മണ്ടത്തരവും, ഏറ്റവും ബെസ്റ്റ് ചിരിച്ചോണ്ട് നേരിടുന്നതാ, അപ്പോ വിജയം നമുക്ക് തന്നെയാവും"


:-)


happy newyear..........................

babuttan.... said...

:)..... Nice one. Best wishes for 2013.. May god give more time to keep posting in 2013..

Jay said...

Kollallo Arun chettaaaa...

G.MANU said...

A very good new year post Arun....

ശ്രീ said...

പോസ്റ്റ് സ്ഥിരം ശൈലിയിലേയ്ക്കെത്തിയില്ലേ എന്നൊരു സംശയം.

പുതുവത്സരാശംസകള്‍! :)

Jenish said...

കൊള്ളാം.. ഇഷ്ടപ്പെട്ടു...

Empty Bottle(കാലിക്കുപ്പി) said...

Happy New year....
Happy ആയത് ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ്.ഒരു കോമഡി പടം കണ്ടു ചിരിക്കുന്നത് പോലെ പല തവണ ചിരിച്ചു.സൊബാസ്റ്റ്യന്‍ സാറിന്‍റെ മകനോട്‌ പറഞ്ഞ പോലെ ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...ഒരുപാട് ഇഷ്ടപ്പെട്ടു!! ഈ പോസ്റ്റ്‌ .ഒരുപാട് ഇഷ്ടപ്പെട്ടു!!

Sukanya said...

ചിരിച്ചുകൊണ്ടിരിക്കാന്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ ഉണ്ടല്ലോ. ഇപ്പോള്‍ പക്ഷെ മിന്നിമായുന്നു എന്നുമാത്രം. സജീവമായി ഇവിടെ ഈ പുതുവര്‍ഷത്തില്‍ ഉണ്ടാവണം.

Unknown said...

ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രശ്നങ്ങൾക്കൊക്കെ പോംവഴി കണ്ടെത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ അല്ലേ ഭായ് നന്നായവതരിപ്പിച്ച നല്ലൊരു പ്രശ്നസംഹാരി..!

Anonymous said...

Good one Arun.... Kure chirikkan patty... Thanks!!!

Satheesan OP said...

:D :D

Echmukutty said...

നട്ടെല്ലീക്കൂടി ഒരു എലിവാണം പാഞ്ഞുപോയോ...

കൊള്ളാം ഇങ്ങനെ ചിരിപ്പിക്കുന്നതിനു ഒത്തിരി നന്ദി കേട്ടോ... പിന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം വളരെ ഇഷ്ടമായി

hi said...

happy new year :)

Sreepriya said...

ചിരിച്ചു ചിരിച്ചു വയ്യാ...... നന്നായിട്ടുണ്ട് അരുണ്‍... ഇതുപോലെ വീണ്ടും വീണ്ടും വായനാനുഭവം തരുമല്ലോ...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com