For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ക്ഷേത്രശില്പി തിരക്കിലാണ്‌


എന്‍റെ വീട്ടില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ്‌ കൃഷ്ണപുരം ഗ്രാമം, അവിടെയാണ്‌ എന്‍റെ അമ്മയുടെ കുടുംബവീട്.പഴയ ഒരു തറവാടാണ്, നാലുകെട്ടും കുര്യാലയും പറമ്പും പാടവുമെല്ലാമുള്ള ഒരു ടിപ്പിക്കല്‍ തറവാട്.അതിനോട് ചേര്‍ന്ന് കുടുംബ വകയായി ഒരു സര്‍പ്പക്കാവുണ്ട്.സര്‍പ്പദൈവങ്ങളുടെ പ്രതിഷ്ഠകള്‍ കൂടാതെ ആ കാവില്‍ നിലത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു കല്ല്‌ ഉണ്ട്.കുട്ടിക്കാലത്ത് എല്ലാവരും അതിനു മുമ്പില്‍ നിന്ന് തൊഴുന്നത് കണ്ട്, ഈ കല്ലിനു എന്താ പ്രത്യേകത എന്ന് ഞാന്‍ ആലോചിച്ച് ഇരിക്കേ അമ്മുമ്മ എന്നോട് പറഞ്ഞു:
"മനുക്കുട്ടാ, തൊഴുതോ, ദേവിയാ...."
ഒന്ന് നിര്‍ത്തിയട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ അമ്മുമ്മ ഒരു കാര്യം കൂടി പറഞ്ഞു:
"ഇരുപത് വര്‍ഷം മുമ്പ്, ഇവിടൊരു അമ്പലം പണിഞ്ഞ് ദേവിയെ പ്രതിഷ്ഠിച്ചോളാം എന്ന് പറഞ്ഞ് കാരണവന്‍മാരിട്ട കല്ലാ.ഇത്രനാളും ഒന്നും നടന്നില്ല, കുടുംബത്തില്‍ എല്ലാവരുടെയും ആഗ്രഹമാ, എന്നെങ്കിലും നടന്നാ മതിയാരുന്നു"
എനിക്ക് ആകെ വിഷമമായി...
അമ്മുമ്മ പലരോടും അമ്പലം പണിയണമെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുള്ളതാ, ചിലവും സമയ നഷ്ടവും ഓര്‍ത്താകാം ആര്‍ക്കും താല്പര്യമില്ലാരുന്നു.അല്ലേലും ഈ കാരണവന്‍മാര്‍ക്ക് ഒരു കല്ലും ഇട്ട്, ഒരു വാക്കും പറഞ്ഞിട്ടങ്ങ് പോയാ മതി, ആ വാക്ക് പാലിക്കാനായിട്ട് ഒരു അമ്പലം പണിഞ്ഞ് പ്രതിഷ്ഠ നടത്താന്‍ ആരെങ്കിലും മുന്‍കൈ എടുത്ത് വരുമോ, വന്നാല്‍ തന്നെ അതൊക്കെ അങ്ങനങ്ങ് നടത്താന്‍ പറ്റുമോ?
അത് കൊണ്ട് കൂപ്പു കൈയ്യോടെ ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു:
"ദേവീ, ആരും അമ്പലം പണിയുമെന്ന് തോന്നുന്നില്ല, ഞങ്ങളോട് ക്ഷമിക്കണെ"
ആ പ്രാര്‍ത്ഥന നടത്തുമ്പോള്‍ സത്യമായും എനിക്ക് അറിയില്ലാരുന്നു, പിന്നെയും ഒരു ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം, അവിടൊരു അമ്പലം പണിഞ്ഞ് പ്രതിഷ്ഠ നടത്താനുള്ള സൌഭാഗ്യം ദേവി എനിക്കായി കാത്ത് വച്ചിരിക്കുകയാണെന്ന്.
എന്നാല്‍ അതായിരുന്നു പരമമായ സത്യം!!

താവഴിയായി പലതായി പിരിഞ്ഞെങ്കിലും, അംഗസംഖ്യയിലും സമ്പത്തിലും തുല്യശക്തികളായി നില്‍ക്കുന്ന മൂന്ന് വലിയ കുടുംബങ്ങള്‍ ചേര്‍ന്നതായിരുന്നു എന്‍റെ അമ്മയുടെ കുടുംബം.ഐടി കമ്പനികളില്‍ ജോലിക്കാരെക്കാള്‍ കൂടുതല്‍ മാനേജരുമ്മാരാണ്‌ എന്ന് പറയുന്ന പോലെ, കുട്ടികളെക്കാള്‍ കൂടുതല്‍ കാരണവന്‍മാരായിരുന്നു മൂന്ന് കുടുംബത്തിലും ഉണ്ടായിരുന്നത്.
ഒരോ കാരണവന്‍മാരും എന്‍റെ അറിവില്‍ ഒരോ മൂര്‍ത്തികളാ!!!
ഉദാഹരണത്തിനു നമ്മള്‌, രക്തചാമുണ്ഡി, അഘോരന്‍ എന്നൊക്കെ പറയാറില്ലേ, അതേ പോലെ ഉറഞ്ഞ് തുള്ളുന്ന വകുപ്പായിരുന്നു അവരെല്ലാം.
കാവിലെയും കുര്യാലയിലേയും വാര്‍ഷിക പൂജക്ക് ഈ ജന്മങ്ങളെല്ലാം ഒത്ത് ചേരും, എന്നിട്ട് പ്രഖ്യാപിക്കും:
"നമുക്ക് ഒരു ട്രസ്റ്റ് ഉണ്ടാക്കണം, ആ ട്രസ്റ്റിനു ഒരു അക്കൌണ്ട് വേണം, ആ അക്കൌണ്ടില്‍ എല്ലാവരും പൈസ ഇടണം, എന്നിട്ട് അടുത്ത വാര്‍ഷികത്തിനു മുമ്പേ അമ്പലം പണിയണം"
ഇത് കേള്‍ക്കുമ്പോ എനിക്കങ്ങ് കോള്‍മയിര്‍ കൊള്ളും.
കാരണവന്‍മാര്‌ സംഭവം തന്നെ!!!
പക്ഷേ ഒന്നും സംഭവിക്കില്ല, അടുത്ത വര്‍ഷവും അവര്‍ ഇത് തന്നെ പ്രഖ്യാപിക്കും.ഒടുവില്‍ ഇത് കേട്ട് കേട്ട് എനിക്കങ്ങ് കോള്‍ മയി... [വേണ്ടാ, ഞാനയിട്ട് ഒന്നും പറയുന്നില്ല, നിങ്ങളങ്ങ് ഊഹിച്ചോ!!!]
പക്ഷേ എന്‍റെ ചേച്ചിയുടെ മകന്‍ അപ്പോ കുഞ്ഞാ, അവനു ശരിക്കും കോള്‍മയിര്‍ കൊണ്ടു, ഞാനായിട്ട് തിരുത്താന്‍ പോയില്ല, സത്യം മനസ്സിലാക്കുമ്പോ അവനായിട്ട് ഒന്നും പറയാതെ നമ്മളങ്ങ് ഊഹിച്ചോ എന്ന് കരുതാനുള്ള മാനസികാവസ്ഥ അവനു കൊടുക്കണേ കാവിലമ്മേ, എന്ന് മാത്രം പ്രാര്‍ത്ഥിച്ചു.

അങ്ങനെ കല്ല്‌ ഇട്ടിട്ട് വര്‍ഷം നാല്‍പ്പത്തിയഞ്ച് കഴിഞ്ഞു, ഞാന്‍ മുപ്പത് കഴിഞ്ഞ ഒരു യുവാവുമായി.ഇതിനിടക്ക് ജീവിതപ്രശ്നങ്ങളില്‍ പെട്ട് വലഞ്ഞ ചിലര്‍ ജ്യോത്സ്യന്‍മാരെ സമീപിക്കുകയും, അവരെല്ലാം കുടുംബ കാവില്‍ അമ്പലം പണിയണമെന്ന പോംവഴി നിര്‍ദ്ദേശിക്കുകയും ചെയ്തു.അങ്ങനെ പലരും കാരണവന്‍മാരെ സമീപിച്ചു.
ഒരാള്‍:
"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോനു ജോലിയാകുമത്രേ"
കാരണവന്‍ കണ്ണുരുട്ടി:
"അമ്പലം പണിഞ്ഞാല്‍ കുറേ മേശരിമാര്‍ക്കും, ആശാരിമാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു ജോലിയാകും, അല്ലാതെ നിന്‍റെ മോനു ജോലി ആവത്തില്ല"
അവരുടെ വാ അടഞ്ഞു.
മറ്റൊരാള്‍:
"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോള്‌ പ്രസവിക്കുമത്രേ"
ആ അപേക്ഷ കാരണവര്‍ തുറുപ്പിട്ട് വെട്ടി:
"മോള്‌ പ്രസവിക്കാന്‍ വേണ്ടി അമ്പലം പണിയണ്ടാ, ഗള്‍ഫിലുള്ള നിന്‍റെ മരുമോനോട് കുറേ ദിവസം നാട്ടില്‍ വന്ന് നില്‍ക്കാന്‍ പറഞ്ഞാ മതി"
ടപ്പ്!!
അവരുടെയും വാ അടഞ്ഞു.
ഒടുവില്‍ എനിക്ക് നന്നാവാന്‍ വേണ്ടി നോക്കിയപ്പോ ആരും സമ്മതിച്ചില്ലല്ലോ, അതു കൊണ്ട് ബാക്കിയുള്ളവര്‍ നന്നാവാന്‍ വേണ്ടി അമ്പലം പണിയേണ്ടാ എന്ന തീരുമാനത്തില്‍ എല്ലാവരും എത്തി ചേര്‍ന്നു.
ദേവീ സങ്കല്പത്തിലിട്ട ആ കല്ല്‌, ഇതെല്ലാം കേട്ടും കണ്ടും, മഴയും വെയിലും കൊണ്ട്, കാവില്‍ നിശബ്ദമായി കിടന്നു.

കൊല്ലവര്‍ഷം 1189 ധനുമാസം 17ആം തീയതി, അതായത് 2014 ജനുവരി 1.
രണ്ടാമത്തെ കുടുംബത്തിലെ മൂന്നാമത്തെ മാമന്‍റെ ഒന്നാമത്തെ പുത്രന്‍റെ ഒരു കോള്‍:
"മനു ചേട്ടനാണോ?"
"അതേ"
"ചേട്ടാ, നമുക്ക് അമ്പലം പണിയണം"
തുടര്‍ന്ന് അവന്‍ എന്നെ കുറേ അങ്ങ് പൊക്കി, അമ്പലം പണിയുന്ന കാര്യം ഞാന്‍ വിചാരിച്ചാല്‍ നടക്കുമെന്നും, ഞാന്‍ വിചാരിച്ചാലേ നടക്കു എന്നും, ഞാന്‍ നടക്കുമ്പോ വിചാരിക്കുമെന്നും ഒക്കെയുള്ള  അവന്‍റെ ഡയലോഗ് കേട്ട് അറിയാതെ ഞാനങ്ങ് പൊങ്ങി എന്ന് പറയുന്നതാണ്‌ അതിന്‍റെ സത്യം.അല്ലേലും പണ്ടേ ഞാന്‍ ഹനുമാന്‍സ്വാമിയുടെ ആരാധകനാ, ജാംബവാന്‍ കുറച്ചൊന്ന് പൊക്കിയപ്പോ കടലു ചാടി ലങ്കയിലെത്തിയ കക്ഷിയാ അദ്ദേഹം.അതേ മനോഭാവമുള്ള എനിക്ക് തോന്നി, എന്നാ പിന്നെ ഒരു കൈ നോക്കാം.
കേട്ടപ്പോഴേ അച്ഛന്‍ പറഞ്ഞു:
"മൂര്‍ത്തികള്‍ക്ക് ഇടയിലോട്ടാ ഇറങ്ങുന്നത്, കാര്യം നടക്കണേല്‍ ഉഗ്രമൂര്‍ത്തിയാകണം"
അച്ഛന്‍റെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു, കാരണവന്‍മാരെ വിളിച്ച് പറഞ്ഞു:
"അമ്പലം പണിയാന്‍ പോകുവാ"
ഒരു കാരണവര്‍ക്ക് സംശയം:
"അതിനു ഞങ്ങള്‌ സമ്മതിക്കേണ്ടേ"
"ഓ, എനിക്ക് അതിന്‍റെ ആവശ്യമില്ല"
ഞാന്‍ തീര്‍ത്ത് പറഞ്ഞു.
കാര്യം കേട്ട് അച്ഛന്‍ എന്നെ ഉപദേശിച്ചു:
"വെറുതെ ശത്രുത പിടിച്ച് പറ്റരുത്, ഉദാഹരണത്തിനു ഒരാള്‌ വെട്ടാന്‍ വന്നാല്‍ മാത്രം തിരിച്ച് വെട്ടാവൂ"
ആ ആജ്ഞയും ഞാന്‍ ശിരസ്സാ വഹിച്ചു, കാരണവന്‍മാരെ വിളിച്ച് പറഞ്ഞു:
"തടയാന്‍ വന്നാല്‍ ഞാന്‍ വീട്ടില്‍ കേറി വെട്ടും"
അത് കേട്ട് അമ്മ തലയില്‍ കൈ വച്ച് കരഞ്ഞപ്പോ അച്ഛന്‍ നിഷ്കളങ്കമായി പറഞ്ഞു:
"ഞാന്‍ വെറുതെ ഒരു ഉദാഹരണം പറഞ്ഞതാ"
"എന്നാലും അമ്മാവന്‍മാരെ വെട്ടി കൊണ്ട് വേണോ ഉദാഹരണം പറയാന്‍"
അമ്മയുടെ കരച്ചിലിനു ശക്തി കൂടി.
എന്തായാലും അതിനു ശേഷം അമ്പലക്കാര്യത്തില്‍ അച്ഛന്‍ പോലും എന്നെ ഉപദേശിക്കാന്‍ വന്നില്ല, മാത്രമല്ല യുവജനങ്ങളെല്ലാം അകമഴിഞ്ഞ രീതിയില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.അങ്ങനെ അമ്പലം പണിയാന്‍ തീരുമാനമായി, പക്ഷേ അതിനു പൈസ മാത്രം പോരായിരുന്നു, മറ്റ് പല കാര്യങ്ങളും വേണ്ടി വന്നു.

അഷ്ടമംഗല ദേവപ്രശ്നം.
ഇതാണ്‌ ആദ്യ പടി.ഇതിനായി നമ്മുടെ വീടിനെ പറ്റിയോ നാടിനെ പറ്റിയോ അറിവില്ലാത്ത രണ്ട് ജ്യോത്സ്യന്‍മാരെ കൊണ്ട് വരണം.കണ്ണൂര്‌ ഉള്ള രണ്ട് ജ്യോത്സ്യരെ ആയിരുന്നു ഞാന്‍ കൊണ്ട് വന്നത്.അവരോട് നാല്‍പ്പത്തിയഞ്ച് വര്‍ഷമായി കല്ലിട്ട് ദേവീ സങ്കല്പത്തില്‍ പൂജിച്ച് വരുന്ന കഥ മാത്രം ഞാന്‍ സൂചിപ്പിച്ചു.
അങ്ങനെ അവര്‍ കാവില്‍ വന്നു.വിളക്ക് കത്തിച്ച് വച്ച് പ്രശ്നം നോക്കാന്‍ തുടങ്ങി.കാരണവന്‍മാരും വല്യമ്മമാരും കുഞ്ഞമ്മമാരും അമ്മുമ്മമാരും മറ്റുള്ള ഐറ്റങ്ങളെല്ലാം തന്നെ ഭയഭക്തി ബഹുമാനത്തോടെ അവര്‍ക്ക് മുന്നില്‍ നിന്നു.
കവടി നിരത്തിയട്ട് ജ്യോത്സ്യന്‍ പറഞ്ഞു:
"ശരിയാണ്‌ കല്ലില്‍ ദേവീ സാന്നിദ്ധ്യം തെളിഞ്ഞു കാണുന്നു"
"ഏത് കല്ലിലാണ്‌ ജ്യോത്സ്യരേ?"
ചോദ്യം മുന്നിലിരുന്ന കാരണവരുടെ വകയായിരുന്നു.
ജ്യോത്സ്യന്‍മാര്‍ ചുറ്റും നോക്കി, കരിങ്കല്ല്, ഇഷ്ടിക, വെട്ടുകല്ല്‌ തുടങ്ങി ഒരുപാട് കല്ല്‌ ചുറ്റും കിടക്കുന്നു, ഇതില്‍ ഏത് കല്ലാണെന്ന അങ്കലാപ്പ് അവര്‍ക്ക്.രണ്ട് പേരും ദയനീയമായി എന്നെ നോക്കി, ആ നോട്ടം കണ്ട് എന്‍റെ നെഞ്ചൊന്ന് കാളി...
എന്‍റെ ഭഗവതി, ഗണപതിക്ക് വച്ചത് കാക്ക കൊണ്ട് പോയോ??
കൂട്ടത്തില്‍ ഒരു ജ്യോത്സ്യന്‍ മനോധൈര്യം സംഭരിച്ച് പറഞ്ഞു:
"നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന കല്ലില്‍ തന്നെ"
കിട്ടിയ അവസരത്തിനു യഥാര്‍ത്ഥ കല്ല്‌ ചൂണ്ടി ഞാന്‍ പറഞ്ഞു:
"അതായത് ഈ കല്ലില്‍"
എല്ലാവര്‍ക്കും സന്തോഷമായി.

ആദ്യത്തെ അബദ്ധത്തില്‍ നിന്നും ചുറ്റുമുള്ളതെല്ലാം കൂടിയ ഇനങ്ങളാണ്‌ എന്ന തിരിച്ചറിവില്‍ വളരെ സൂക്ഷ്മതയോടായിരുന്നു പിന്നീടുള്ള ജ്യോത്സ്യന്‍മാരുടെ നീക്കം.അവര്‍ പറഞ്ഞു:
"പരിഹാരക്രീയയുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ വഴിപാട് ചെയ്യണം, ആര്‌ പോകും?"
ആ ചോദ്യം കേട്ടതും എല്ലാവരുടെയും കണ്ണുകള്‍ എന്നിലേക്ക്...
മനു പോകും!!!
കൂട്ടത്തില്‍ ഒരു വല്യമ്മ മാത്രം വേണേല്‍ ഞാനൂടെ വരാം എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി, ആ നോട്ടം ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.കാരണം ഭൂതത്താന്‍മാര്‌ കെട്ടിയ വലിയ മതിലുള്ള ക്ഷേത്രത്തില്‍ പോലും ഈ വല്യമ്മ ചെന്നാല്‍ അവിടുള്ള ദൈവങ്ങള്‌ ഈ മതില്‌ ചാടി പിന്നിലുള്ള പാടത്ത് പോയി വെയില്‌ കൊണ്ട് നില്‍ക്കും.അമ്മാതിരി പരാതികളാ കൈയ്യിലുള്ളത്.ഒടുവില്‍ വല്യമ്മ തിരിച്ച് ബസ്സ് കേറി എന്ന് ഉറപ്പായാല്‍ മാത്രമേ ദൈവങ്ങള്‌ തിരിച്ച് മതില്‍ ചാടത്തുള്ളത്രേ.
അത് കൊണ്ട് ഞാന്‍ തന്നേ പോകാം എന്ന തീരുമാനമായി.
അവര്‍ ലിസ്റ്റ് തന്നു...
പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്ന് തുടങ്ങി അങ്ങ് തിരുപ്പതി വരെ നീളുന്ന ലിസ്റ്റ്.മൊത്തം വായിച്ചിട്ട് ഞാന്‍ ചോദിച്ചു:
"ഇതില്‍ കൈലാസം ഇല്ലല്ലോ?"
പരസ്പരം നോക്കി ചിരിച്ചിട്ട് അവര്‍ പറഞ്ഞു:
"ഹിമാലയസാനുക്കളിലെ മഞ്ഞ് വീഴ്ച കാരണം മനപൂര്‍വ്വം എഴുതാഞ്ഞതാ"
അവരുടെ വക ഒരു ഔദാര്യം!!!
നന്ദി രാജേട്ടാ, നന്ദി.

ഒരോ അമ്പലത്തില്‍ പോകുമ്പോഴും കുടുംബത്തിലെ എല്ലാവരും രഹസ്യമായി വരും, എന്നിട്ട് ഞാന്‍ അമ്പലത്തില്‍ പോകുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് അറിയാമെന്നും എന്നാല്‍ കൂട്ടത്തില്‍ ഇച്ചിരി പുണ്യം കൂടുതല്‍ കിട്ടാനാകും ഒരു പത്ത് രൂപ അവരുടെ പേരില്‍ ഇട്ടേക്കണേ എന്നും പറഞ്ഞ് അത് എന്നെ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കും.
തിരിച്ച് വരുമ്പോള്‍ ചോദിക്കും:
"യാത്ര സുഖമായിരുന്നോ? നന്നായി തൊഴാന്‍ പറ്റിയോ? കാണിക്ക ഇട്ടോ?"
"സുഖം, തൊഴുതു, ഇട്ടു" എന്‍റെ മറുപടി.
അത് കേള്‍ക്കുമ്പോള്‍ അവര്‍ പറയും:
"കണ്ടോ, ഞങ്ങള്‌ തന്ന പൈസ കൊണ്ട് പോയത് കൊണ്ടാ, സത്യമുള്ള പൈസയാ"
മറുപടി പറയാതെ ഞാന്‍ അടുത്ത അമ്പലം ലക്ഷ്യമാക്കി യാത്രയാകും.

അടുത്ത പടി ഹോമങ്ങളായിരുന്നു.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഹോമങ്ങള്‍, ഭക്തി സാന്ദ്രമായ നിമിഷങ്ങള്‍.കുറേ സ്വര്‍ണ്ണ രൂപങ്ങള്‍ മുന്നില്‍ നിരത്തി എന്തൊക്കെയോ പൂജകള്‍.മൂന്നാം ദിവസം വെളുപ്പിനെ ഈ സ്വര്‍ണ്ണരൂപങ്ങളെല്ലാം ഒരു ചുവന്ന പട്ടില്‍ കെട്ടി എന്‍റെ കൈയ്യില്‍ തന്നിട്ട് തന്ത്രി പറഞ്ഞു:
"സൂക്ഷിക്കണം"
ഒന്ന് തലയാട്ടിയട്ട് ഞാന്‍ പറഞ്ഞു:
"ഇന്ന് ഞയറാഴ്ചയാ, ബാങ്കിന്‍റെ ലോക്കറില്‍ നാളെ കൊണ്ട് പോയി സൂക്ഷിച്ചു വച്ചോളാമേ"
തന്ത്രി എന്നെ അടിമുടി ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു:
"ഇത് എന്താണെന്നാ കരുതിയത്?"
എന്താ??
"തന്‍റെ കുടുംബത്തില്‍ ഇത് വരെ മരിച്ച എല്ലാവരെയും ആവാഹിച്ചതാ ഇപ്പൊ തന്‍റെ കൈയ്യില്‍ ഇരിക്കുന്നത്"
എന്‍റമ്മേ!!!
എന്‍റെ ഉള്ളം കാലില്‍ നിന്ന് ഒരു പെരുപ്പ് മേലോട്ട് കയറി.
"സൂക്ഷിക്കണം, പിതാമഹന്‍മാര്‍ മാത്രമല്ല, ദുഷ്ടശക്തികളും പ്രേതഭൂത പിശാചുക്കളുമെല്ലാം ഇതിലുണ്ട്.എത്രയും വേഗം തിരുവനന്തപുരത്തുള്ള തിരുവല്ലത്ത് പോയി ഇത് സമര്‍പ്പിക്കണം"
അറിയാതെ തല കുലുക്കിയ എന്നെ നോക്കി അദ്ദേഹം പറഞ്ഞു:
"ഒരിക്കല്‍ കൂടി പറയുവാ, സൂക്ഷിക്കണം, അല്ലാതെ സ്വര്‍ണ്ണമാണെന്ന് കരുതി ലോക്കറില്‍ കൊണ്ട് പോയി വയ്ക്കരുത്"

അടിയന്‍!!!

വണ്ടി എടുത്ത് യാത്രയായ എന്നെ കൃത്യം ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോ പോലീസ്സ് തടഞ്ഞു.ഇന്‍സ്പെക്ടര്‍ എന്നെ അടി മുടി ഒന്ന് നോക്കി...
കാവി കൈലി, കളര്‍ഷര്‍ട്ട്, നെറ്റിയില്‍ കുറി, കൈയ്യില്‍ പൊതിഞ്ഞ് കെട്ടിയ പട്ട്.
"എന്തോന്നാടാ ഇത്?"
മടിക്കാതെ മറുപടി പറഞ്ഞു:
"കുടുംബത്തിലെ പിതാമഹന്‍മാരെ ആവാഹിച്ചതാ"
"എന്തോന്ന്?" ഇന്‍സ്പെക്ടര്‍ക്ക് അങ്കലാപ്പ്.
"അത് മാത്രമല്ല, ഭൂതപ്രേത പിശാചുക്കളുമുണ്ട്"
ഇന്‍സ്പെക്ടര്‍ ഉമിനീരിറക്കി, എന്നിട്ട് ചോദിച്ചു:
"സ്വാമി എങ്ങോട്ടാണാവോ?"
"തിരുവല്ലം"
"ഊളമ്പാറ അല്ലല്ലോ?"
"അല്ല"
"എന്നാ പോയ്ക്കോ"
അങ്ങനെ വണ്ടി തിരുവല്ലത്തേക്ക്...

വൈകിട്ട് തിരിച്ചെത്തിയപ്പോ തന്ത്രി പറഞ്ഞു:
"ഇനി ഇത്ര നാളും പിതൃക്കള്‍ക്കായി വിളക്ക് കത്തിച്ചിരുന്ന കൂടം തല്ലി പൊട്ടിച്ച് ചാക്കിലാക്കി ഒഴുകുന്ന വെള്ളത്തില്‍ കൊണ്ട് കളയണം"
രാത്രി വരെ കാത്ത് നിന്നു, രാത്രിയില്‍ ഇത് ഒറ്റക്ക് ചുമന്ന് ഹൈവേക്ക് സമീപമുള്ള തോട്ടില്‍ കളയാന്‍ പോയ സമയത്ത് തന്നെ പോലീസ്സ് ജീപ്പ് വന്ന് സഡന്‍ബ്രേക്കിട്ടു.
പുറത്തേക്ക് ഇറങ്ങിയ ഇന്‍സ്പെക്ടര്‍ എന്നെ കണ്ട് ഒന്ന് അമ്പരന്നു, അയാള്‍ കൈയ്യിലിരിക്കുന്ന ചക്ക് കെട്ട് കണ്ട് ചോദിച്ചു:
"എന്താ ഇത്?"
"പിതൃക്കളുടെ വാസസ്ഥലമായിരുന്നു, ഒഴുക്കി കളയാന്‍ വന്നതാ"
സഹികെട്ട് ഇന്‍സ്പെക്ടര്‍ ചോദിച്ചു:
"തനിക്ക് ഇത് തന്നാണോ പണി?"
ഒന്നും മിണ്ടിയില്ല, ചാക്ക് കെട്ട് വെള്ളത്തിലേക്ക് വലിച്ച് എറിഞ്ഞു.

ഇനി അമ്പലം പണിക്ക് കുറ്റിയടിക്കണം.സ്ഥാനം കാണാന്‍ വന്ന ആളോട് ഞാന്‍ ചോദിച്ചു:
"ഏകദേശം അമ്പലം പണിയാന്‍ എത്രരൂപയാകും"
"ഏകദേശം പണിയാന്‍ കുറച്ച് രൂപ മതി, പക്ഷേ മൊത്തം പണിയാന്‍ നല്ല രൂപയാകും"
അങ്ങേരുടെ മറുപടി.
എന്നേക്കാള്‍ വല്യ പെരുമ്പാമ്പോ??
ഞാന്‍ ചോദ്യം മാറ്റി ചോദിച്ചു:
"അമ്പലം പണിക്ക് എത്ര രൂപയാകും?"
"ഏഴ് കോല്‍ അമ്പലമാണേല്‍ ഒന്നര ലക്ഷം, ഒമ്പതു കോലിനു മൂന്നര, പന്ത്രണ്ടിനു ആറ്, പതിനഞ്ചിനു പത്ത്"
ഒന്ന് നിര്‍ത്തിയട്ട് അയാള്‍ ചോദിച്ചു:
"ഇവിടെ എത്ര കോലാ വേണ്ടത്?"
ബഡ്ജറ്റിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഇല്ലാത്തതിനാല്‍ പറഞ്ഞു:
"എല്ലാ കോലിനും ഒരു കുറ്റ് വീതം അടിച്ചോ, കാശ് അനുസരിച്ച് ചെയ്തേക്കാം"
"അത് പറ്റില്ല, ഒറ്റ കുറ്റിയേ അടിക്കു, എങ്ങോട്ടാ അടിക്കേണ്ടത്?"
എന്‍റെ നെഞ്ചത്തോട്ട് അടി!!!
പിന്നല്ല.
ഒടുവില്‍ കുറേ സംസാരത്തിനു ശേഷം ഒമ്പത് കോല്‍ അമ്പലത്തിനു കുറ്റിയടിച്ചു.

തുടര്‍ന്ന് കല്ലിടീല്‍ ചടങ്ങ്.
അമ്പലത്തിനു കല്ല്‌ ഇട്ട അന്ന് ക്ഷേത്രം പണിക്ക് വന്ന ആളിനോട് ഞാന്‍ പറഞ്ഞു:
"അടുത്ത മാസമാ പ്രതിഷ്ഠ, അതിനു മുമ്പേ പണി തീര്‍ത്ത് തരണം"
അയാള്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"കല്ല്‌ ഇടുന്നതിനു മുന്നേ പ്രതിഷ്ഠക്ക് ഡേറ്റ് എടുത്ത തന്നെ തന്തക്ക് വിളിക്കാത്തത് എന്‍റെ മര്യാദ, ഞാന്‍ ശ്രമിക്കാം"
ഉവ്വ.
അയാള്‍ വാക്ക് പാലിച്ചു...
തന്തക്ക് വിളിച്ചുമില്ല, പറഞ്ഞ ഡേറ്റില്‍ അമ്പലം പണി പൂര്‍ത്തിയാക്കുകയും ചെയ്തു.
പിന്നെ പൂജകള്‍...
എല്ലാ മനസ്സും ദേവിയിലേക്ക്...
വര്‍ഷങ്ങളായുള്ള പലരുടേയും ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം!!
ഒടുവില്‍ ദേവിയുടെ അനുഗ്രഹത്താല്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മ്മവും നടത്തി.ചുറ്റും നിന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു:
"അമ്മേ മഹാമായേ, എന്നും സര്‍വ്വ ഐശ്വര്യത്തോടെ ഇവിടെ വാഴണേ, എല്ലാവരേയും കാക്കണേ, അമ്മേ കാവിലമ്മേ, കാക്കണേ"
അമ്മ ചിരിച്ച് കൊണ്ടിരുന്നു...
എല്ലാം ശുഭമായി!!

അന്ന് അമ്പലത്തില്‍ നിന്ന് പോകുന്നതിനു മുമ്പേ തന്ത്രി പറഞ്ഞു:
"ഒരു ചടങ്ങ് കൂടി ബാക്കിയുണ്ട്, ഇത്രേം നാളും പൂജിച്ചിരുന്ന കല്ല്‌ പൊട്ടിച്ച് ഒഴുകുന്ന വെള്ളത്തില്‍ കളയണം"
പഴയ അനുഭവമുള്ളത് കൊണ്ട് രാത്രിയില്‍ ചേട്ടനേയും കൂട്ടിയാണ്‌ പോയത്.തോടിനു അരികില്‍ തന്നെ പോലീസ്സ് ജീപ്പ് കിടപ്പുണ്ടായിരുന്നു.അവരെ മൈന്‍ഡ് ചെയ്യാതെ കളയാന്‍ പോയപ്പോള്‍ ഇന്‍സ്പെക്ടര്‍ ചോദിച്ചു:
"നേരത്തെ പൂജിച്ച് കൊണ്ടിരുന്ന എന്തെങ്കിലുമാണോ?"
അത് കേട്ട് ചേട്ടനു അത്ഭുതം!!
ചാക്ക് കണ്ടപ്പോ തന്നെ ഉള്ളിലെന്താണെന്ന് കണ്ടു പിടിക്കുന്നോ??
സാറ്‌ ആള്‌ കൊള്ളാമല്ലോ!!!
ചേട്ടന്‍ ഭക്തിപൂര്‍വ്വം ചോദിച്ചു:
"സാറ്‌ സ്ക്കോട്ട്ലന്‍ഡ് യാര്‍ഡിലായിരുന്നോ, ചാക്ക് നോക്കി കണ്ട് പിടിക്കാന്‍?"
അതിനു മറുപടി കൊടുക്കാനായാവണം ഇന്‍സ്പെക്ടര്‍ ചേട്ടനെ അടുത്തേക്ക് വിളിപ്പിച്ചു.തോട്ടിലേക്ക് കല്ല്‌ അടങ്ങിയ ചാക്ക് വീണ ശബ്ദത്തില്‍ ഒരു അടിയുടെ ശബ്ദവും ചേട്ടന്‍റെ അലര്‍ച്ചയും മുങ്ങി പോയി.നാല്‍പത്തിയഞ്ച് വര്‍ഷം ദേവീസങ്കല്‍പ്പത്തില്‍ പൂജിച്ചിരുന്ന കല്ല്‌ അങ്ങനെ ഒഴുക്ക് വെള്ളത്തിലേക്ക് താണു പോയി.ഇതേ സമയം അങ്ങ് കാവില്‍, പുതിയതായി പണി കഴിപ്പിച്ച അമ്പലത്തില്‍, സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി കാവിലമ്മ ചിരിച്ച് കൊണ്ടിരുന്നു.

21 comments:

അരുണ്‍ കരിമുട്ടം said...


ഈ കഥക്ക് ഇടയില്‍ സ്വല്പം കാര്യം:
എന്‍റെ അമ്മയുടെ കുടുംബ വീടാണ്‌ പരവള്ളില്‍.പറമ്പും, വയലും, കാവും, കുളവും, എല്ലാമുള്ള ഒരു ടിപ്പിക്കല്‍ തറവാട്.താവഴിയായി പലതായി പിരിഞ്ഞെങ്കിലും സമീപപ്രദേശങ്ങളിലുള്ള പ്രമുഖമായ ഏതാനും കുടുംബങ്ങള്‍ കൂടി ചേരുമ്പോഴേ പരവള്ളില്‍ കുടുംബത്തിന്‍റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകു.
ഇത് കുടുംബാംഗങ്ങളുടെ കാര്യം.
ഇനി ധര്‍മ്മ ദൈവങ്ങളായി ഞങ്ങള്‍ ആരാധിക്കുന്നവരെ കൂടി അറിഞ്ഞാലേ കഥയുടെ വികാസത്തെ പറ്റി പറയാന്‍ എനിക്ക് സാധിക്കു....
യോഗീശ്വരനും, ബ്രഹ്മരക്ഷസ്സിനും, പിതൃക്കള്‍ക്കും ഉള്ള പ്രാര്‍ത്ഥനാ സ്ഥാനം കുടുംബത്തിലും, നാഗരാജാവ്, നാഗയക്ഷിയമ്മ, അഖിലസമസ്ത നാഗങ്ങള്‍ എന്നിവര്‍ക്കുള്ള സ്ഥാനങ്ങള്‍ കാവിലും ആയിരുന്നു.ഇത് കൂടാതെ നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവീ സങ്കല്‍പ്പത്തില്‍ ഒരു കല്ല്‌ ഇട്ട് പ്രാര്‍ത്ഥിച്ച് പോന്നിരുന്നു.ഇവിടെ ഒരു ദേവീക്ഷേത്രം നിര്‍മ്മിക്കുകയും, ഈ കഴിഞ്ഞ [2014] ജൂലൈ 7നു രാവിലെ 10.15നും 10.45നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍, ക്ഷേത്രതന്ത്രി സുകൃതാചാര്യ ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം നീലകണ്ഠന്‍ പോറ്റി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
ഈ മംഗള കര്‍മ്മത്തിനായി മുന്നിട്ട് ഇറങ്ങാനുള്ള സൌഭാഗ്യം അമ്മ എനിക്ക് തന്നതില്‍ നന്ദിയുണ്ട്, സന്തോഷമുണ്ട്, അഭിമാനമുണ്ട്.ഈ കര്‍മ്മവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളോട് ഞാന്‍ പറയുമ്പോള്‍ ഭക്തിയോടെ മാത്രമേ പറയാന്‍ പറ്റുകയുള്ളു, എന്നാല്‍ ഇതേ സംഭവങ്ങള്‍ ഈ കായംകുളം സൂപ്പര്‍ഫാസ്റ്റിലെ നായകനായ മനുവിന്‍റെ ജീവിതത്തിലാണ്‌ സംഭവിച്ചതെങ്കിലോ?
അതാണ്‌ ഈ കഥ.

ഒരു അറിയിപ്പ് കൂടി:
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.

ഹരി.... said...

തകര്‍ത്തു കളഞ്ഞു.... എവിടാ കുറ്റിയടിക്കണ്ടേ?..എന്റെ നെഞ്ചത്തോട്ട് അടിക്ക്... ഒരു ജഗതി സ്റ്റൈല്‍ ഡയലോഗ്...


കുറെ കാലമായി നിങ്ങള്ടെ ഒരു ബ്ലോഗ്‌ വായിച്ചിട്ട് എന്ന് ഇന്ന് വിചാരിച്ചതെയുള്ളൂ...ദേ കിടക്കുന്നു ഒരെണ്ണം അപ്പൊ തന്നെ..

ദീപ എന്ന ആതിര said...

"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോനു ജോലിയാകുമത്രേ"
കാരണവന്‍ കണ്ണുരുട്ടി:
"അമ്പലം പണിഞ്ഞാല്‍ കുറേ മേശരിമാര്‍ക്കും, ആശാരിമാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു ജോലിയാകും, അല്ലാതെ നിന്‍റെ മോനു ജോലി ആവത്തില്ല"

ഇത് കലക്കി ട്ടോ ഭായ് ..ഹഹഹഹ

Bindu said...

Ravile kure chirichu...ennalum ini varumbol ambalam onnu kananam ennu oragraham..

ഉണ്ടാപ്രി said...

എന്റ്റെ ദേവീ....ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി...

ശ്രീ said...

അടിപൊളി!

Anonymous said...

സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

Sreeja Praveen said...

തകര്‍ത്തുവാരി ട്ടോ..... അടിപൊളി.
കുറേ കാലമായി വായിക്കുന്നുണ്ടെങ്കിലും അഭിപ്രായം എഴുതുന്നത്‌ ആദ്യമായിട്ടാണ്.

ഇങ്ങനെ കുറേ കാലം മിണ്ടാതെ ഇരിക്കല്ലേ മാഷേ....
ഇനിയും വരട്ടെ പോസ്റ്റുകള്‍ തുരുതുരാ.... :)

Anonymous said...

തകർത്തു!

ajith said...

സൂപ്പര്‍...............ഫാസ്റ്റ്!

Junaiths said...

ഒരോ കാരണവന്‍മാരും എന്‍റെ അറിവില്‍ ഒരോ മൂര്‍ത്തികളാ!!! അതു വാസ്തവം..എല്ലാ വീട്ടിലും ഇതുതന്നാ സ്ഥിതി.. പിന്നെ ഹനുമാൻ, അതു നമ്മക്കറിയാവുന്ന കാര്യമല്ലേ മനുമോനേ

വീകെ said...

"അമ്പലം പണിഞ്ഞാല്‍ കുറേ മേശരിമാര്‍ക്കും, ആശാരിമാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു ജോലിയാകും, അല്ലാതെ നിന്‍റെ മോനു ജോലി ആവത്തില്ല"
ഇതാണ് ഇതിലെ വാസ്തവം. എന്തായാലും കുറച്ചു പേർക്ക് സുഖമായി ജോലി ചെയ്യാനുള്ള ഒരു സ്ഥാപനം ഉണ്ടാക്കിക്കൊടുത്തല്ലൊ... അതിന്റെ പുണ്യം കിട്ടും.
ആശംസകൾ...

Kannur Passenger said...

തകര്‍ത്തു, ആശംസകൾ... :)

പ്രവാസി said...

തനിക്ക് ഇത് തന്നാണോ പണി? :-P

Bipin said...

നഞ്ചെന്തിനാ നാനാഴി? വല്ലപ്പോഴുമേ എഴുതൂ എങ്കിലും പുറത്തു വരുന്ന സാധനം ഉഗ്രൻ.

ഹാസ്യം, നർമം സുന്ദരമായി കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ, അരുണ്‍. അതിനു അനുയോജ്യമായ ലളിത സുന്ദര ഭാഷയും ശൈലിയും.

25 വർഷത്തിനു ശേഷം അമ്പലം പണിയുന്ന കാര്യം ആദ്യമേ പറഞ്ഞു സസ്പെൻസ് കളയേണ്ടായിരുന്നു.

അമ്മാവന്മാരെ വിവരിച്ചത്, ജോലി കിട്ടാനും മോള് പ്രസവിക്കാനും അമ്മാവന്മാർ പറഞ്ഞ വഴികൾ, ജ്യോത്സ്യന്മാരുടെ പ്രകടനം, ആശാരിയുടെത്,പോലീസ് ഇൻസ്പെകറ്റരുടെത് തുടങ്ങി എല്ലായിടത്തും നർമവും ഹാസ്യവും ആവശ്യാനുസരണം ചേർത്ത് ഭംഗിയാക്കി.

തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ചു.

Echmukutty said...

കൊള്ളാം അഭിനന്ദനങ്ങൾ.. എല്ലാം കഴിഞ്ഞ് ചേട്ടൻ അടികൊണ്ടത് സഹിക്കാൻ കഴിഞ്ഞില്ല.. ഉം.. പോട്ടെ..

soulsearchingdays said...

Hi Arun, Kayamkulam is a gem in my memory, an integral,idyllic and beautiful part of my childhood. I am going to blog roll you not just because of that but because of your amazing posts and amazing sense of humour. And, yes you will always be the special blogger because you belong to my kayamkulam....
Though I keep coming to kerala I have not been to kayamkulam in so many years.. your posts are making me think of visiting.. where are you in kayamkulam.. anywhere near st. mary's school ???

Great to meet you . take care.

Hari Kumar said...

കുറെ നാളായല്ലോ അരുണേ, കാണാനില്ലല്ലോ. അമ്പലം പണിയുടെ തിരക്കിലായിരുന്നോ? അമ്പലം പണി കലക്കി. ട്രസ്റ്റ്‌ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കുക, ഞങ്ങൾ ഇതുപോലെ ഒരു ട്രസ്റ്റ്‌ ഉണ്ടാക്കി, പക്ഷെ ഇപ്പോൾ ഞങ്ങള്ക്ക് (ഡല്ഹി) കാവിൽ കയറണമെങ്കിൽ ട്രസ്റ്റ്‌ മെമ്പർമാരുടെ അനുവാദം വാങ്ങണം. സ്ഥാന മാനങ്ങൾ തന്നെയാണ് ഈ പേടിക്ക്‌ കാരണം. എന്തായാലും അരുണ്‍ നിർത്താതെ എഴുതണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

soulsearchingdays said...

Belated Happy Birthday :)

kichu... said...

Good one :)

Anonymous said...

kollam

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com