For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

പ്രണയിനി, നിനക്കായ്...


ഇനി എഴുതേണ്ടത് പ്രണയത്തെ കുറിച്ചാണ്, പ്രണയത്തെ കുറിച്ച് മാത്രം.രഘുരാമനു അറിയുകയില്ലായിരുന്നു, എങ്ങനെ തുടങ്ങണമെന്ന്.പ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാട് രംഗങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു.സുകന്യയെ ആദ്യമായി കണ്ടത്, അവളോട് ഒത്ത് സ്വപ്നങ്ങള്‍ പങ്ക് വച്ചത്, ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചത്, കോളേജ് വരാന്തയിലൂടെ കൈ കോര്‍ത്ത് നടന്നത്, അങ്ങനെ ഓര്‍ക്കാന്‍ ഒരുപാട് രംഗങ്ങള്‍.എങ്കിലും രഘുരാമന്‍റെ മനസ്സില്‍ പെട്ടന്ന് ഓടി വന്നത് മറ്റൊരു രംഗമായിരുന്നു...

ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പിന്നിലേക്ക് എടുക്കുന്ന ബസ്സ്.സൈഡ് സീറ്റില്‍ ഇരുന്ന് തന്നെ ഉറ്റു നോക്കുന്ന സുകന്യ.തിരിച്ച് മെയിന്‍ റോഡിലേക്ക് കയറാന്‍ ബസ്സ് വളയ്ക്കുകയാണ്.സുകന്യയുടെ കണ്ണുകള്‍ ബസ്സ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന തന്നിലേക്ക് തന്നെ.ആ കണ്ണുകളില്‍ ദൈന്യതയാണോ, പ്രതീക്ഷയാണോ, പ്രണയമാണോ എന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയുന്നില്ല.ആ ബസ്സ് അവളെയും കൊണ്ട് യാത്ര പുറപ്പെട്ടപ്പോള്‍ നിസ്സഹായകനായി രഘുരാമന്‍ അവിടെ നിന്നു.
ഇനി എന്ത്?
പഠിത്തം കഴിഞ്ഞതേ ഉള്ളു, പഠിക്കുന്ന കാലത്തെ പ്രണയമാണ്.അവസാന പരീക്ഷ ആയപ്പോഴേക്കും പ്രണയം രണ്ട് പേരുടെയും വീട്ടില്‍ അറിഞ്ഞു.സുകന്യയുടെ വീട്ടില്‍ എതിര്‍പ്പില്ലായിരുന്നു.പക്ഷേ രഘുരാമന്‍റെ വീട്ടില്‍ അവന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല.സമ്മതം നല്‍കേണ്ട അമ്മ, തന്നെ പഠിപ്പിച്ച കണക്കുകള്‍ പറഞ്ഞപ്പോ അവന്‍ ആദ്യം തളര്‍ന്നു.വീണ്ടും വാശി പിടിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു:
"പൈസ വേണ്ട ഒരു ജോലി വാങ്ങ്, എന്നിട്ട് വാ, നിനക്കായ് ഞങ്ങള്‍ പെണ്ണ്‌ ചോദിക്കാം"
ന്യായമായ കാര്യം.

അവസാന പരീക്ഷയുടെ അന്ന് ഈ കാര്യം പറയാന്‍ സുകന്യയുടെ അടുത്ത് ചെന്നപ്പോള്‍ അവള്‍ പതിവില്ലാതെ കലഹിക്കുകയായിരുന്നു.രഘുരാമനു വേറെ നല്ല പെണ്‍കുട്ടിയെ കിട്ടും എന്ന് അവള്‍ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അവന്‍ തിരികെ നടന്നു.പിന്നീട് രഘുരാമന്‍ സുകന്യയോട് മിണ്ടിയില്ല.പല പ്രാവശ്യം അവള്‍ മാപ്പ് ചോദിച്ച് അരികെ വന്നു, അവന്‍ കണ്ടില്ലെന്ന് നടിച്ചു.സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ കോളേജില്‍ എത്തിയപ്പോള്‍ വീണ്ടും കണ്ടു.
സുകന്യ ചോദിച്ചു:
"ഇപ്പോഴും പിണക്കമാണോ?"
രഘുരാമന്‍ മിണ്ടിയില്ല.
"ഞാന്‍ അന്ന് തമാശ പറഞ്ഞതാ" വീണ്ടും സുകന്യ.
രഘുരാമന്‍ കേട്ടില്ലെന്ന് നടിച്ചു.
ബസ്സില്‍ കയറവേ അവള്‍ ചോദിച്ചു:
"വരുന്നില്ലേ"
ഇല്ലെന്ന് തലയാട്ടി.
ബസ്സ് വളവ് തിരിയുവോളം അവള്‍ രഘുരാമനെ നോക്കി ഇരുന്നു, അവന്‍ അവളേയും.ബസ്സ് അകലവേ നെഞ്ചില്‍ രൂപം കൊള്ളുന്ന വിങ്ങല്‍ രഘുരാമനെ ആകെ തളര്‍ത്തി.തന്‍റെ പ്രണയിനിയാണ്, തന്‍റെ പ്രിയപ്പെട്ടവളാണ്‌ അകന്ന് പോകുന്നത്.വരുമെന്നും കാത്തിരിക്കണമെന്നും വാക്ക് കൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ല.അതിനൊരു ജോലി വേണം, തന്‍റെ പഠിത്തത്തിനു എത്രയും പെട്ടന്ന് ജോലി കിട്ടും.എന്നിട്ട് വേണം അച്ഛനെയും അമ്മയേയും കൂട്ടി അവളുടെ വീട്ടില്‍ ചെല്ലാന്‍.സുകന്യയെ കല്യാണം കഴിച്ച് തരണമെന്ന് താന്‍ തന്നെ അവളുടെ അമ്മയോട് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം പൂത്തിരി കത്തുന്നത് തനിക്ക് കാണണം.ഇനിയത്തെ ലക്ഷ്യം അത് മാത്രം.

ജോലിക്കായുള്ള ശ്രമം.
ആദ്യമെല്ലാം നല്ല ആവേശമായിരുന്നു.പിന്നെ പിന്നെ മനസ്സിലായി തന്നെ പോലെ ഒരുപാട് പേര്‌ ഇതേ ശ്രമത്തിലുണ്ട്.പലര്‍ക്കും പല ആവശ്യം.തോറ്റു കൊടുക്കാന്‍ രഘുരാമന്‍ തയ്യാര്‍ ആയിരുന്നില്ല.ശ്രമം, കഠിനമായ ശ്രമം.
ഫലം കണ്ടില്ല.
രഘുരാമന്‍ തളര്‍ന്ന് തുടങ്ങി.കര്‍ണ്ണന്‍റെ ജന്മമാണ്‌ താന്‍.ആയോധനകലകള്‍ എല്ലാം അറിഞ്ഞിട്ടും ആവശ്യസമയത്ത് ഉപകാരപ്പെടാതെ പോകുന്ന ജന്മം.സുകന്യയുടെ കൂട്ടുകാരികള്‍ വിളിച്ച് തുടങ്ങി, അവളുടെ വീട്ടില്‍ ആലോചന തുടങ്ങിയത്രേ.എത്രനാളായാണ്‌ ഒരുവാക്കും പറയാത്ത ഒരുവനായി കാത്തിരിക്കുന്നത്.സുകന്യ അവിടെ വിങ്ങി കരയുകയായിരുക്കും, അത് രഘുരാമനു അറിയാം, പക്ഷേ അവന്‍ നിസ്സഹായകനാണ്.അച്ഛന്‍, അമ്മ, പെങ്ങള്‍, തുടങ്ങി പ്രണയകാലത്ത് അവന്‍ കാണാത്ത തടസ്സങ്ങള്‍ അവനെ വരിഞ്ഞ് മുറുക്കി.തന്നെ കൊണ്ട് ഒരു ജോലി നേടി ഉടനെയൊന്നും അവളെ സ്വന്തമാക്കാന്‍ കഴിയില്ലെന്ന സത്യം അവനു മനസ്സിലായി.
പാവം, അവളെങ്കിലും രക്ഷപ്പെടട്ടേ!!
ഒടുവില്‍ കേട്ടു, അവളുടെ കല്യാണം തീരുമാനിച്ചു.മുംബൈയില്‍ ജോലി ചെയ്യുന്ന പയ്യന്‍.മനസ്സില്ലാമനസ്സോടെ ആണത്രേ അവള്‍ സമ്മതിച്ചത്.നിശ്ചയ ദിവസം തീരുമാനിച്ച് പോലും.
നന്നായി.
അവള്‍ രക്ഷപ്പെടട്ടേ.

ദിവസങ്ങള്‍ കഴിയവേ രഘുരാമന്‍റെ മനസ്സിനു ഒരു ചാഞ്ചാട്ടം.സുകന്യ, അവള്‍ തന്‍റെതാണ്.അവളെ നഷ്ടപ്പെട്ടാല്‍ പിന്നെ താന്‍ എങ്ങനെ ജീവിക്കും.രഘുരാമനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.അച്ഛനോടും അമ്മയോടും അവന്‍ കരഞ്ഞ് പറഞ്ഞു.അവര്‍ക്ക് അവനെ മനസ്സിലാകുന്നുണ്ടായിരുന്നില്ല, ആരും അവനെ മനസ്സിലാക്കിയില്ല.സുകന്യയുടെ അമ്മയെ വിളിച്ച് അവന്‍ അപേക്ഷിച്ചു, പക്ഷേ ആ അമ്മ നിസ്സഹായകയായിരുന്നു.
"എത്ര നാള്‍ അവളു കാത്തിരുന്നു, മോനു നേരത്തെ വിളിച്ച് കൂടായിരുന്നോ?"
അമ്മയുടെ ചോദ്യം.
രഘുരാമന്‍ ചൂളി പോയി.
എന്ത് മറുപടി പറയാന്‍??
സുകന്യയുടെ വാക്കുകള്‍ ഓര്‍മ്മ വന്നു...
"രഘു അമ്മയോട് ഒന്ന് സംസാരിക്കുമോ, ഞാന്‍ കാത്തിരിക്കാം, പ്ലീസ്സ്"
ചെയ്തില്ല, അന്ന് ആ വാക്കുകള്‍ കേട്ടില്ല, വിധി.
രഘുരാമന്‍റെ ഊണും ഉറക്കവും നഷ്ടമായി.സുകന്യ തനിക്ക് നഷ്ടപ്പെടുന്നു.ദൈവമേ, ഇനി എന്ത്? അവളില്ലാത്ത ഈ ലോകം.തന്നെ പ്രണയിച്ചവള്‍, തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചവള്‍, അവള്‍ പോകുകയാണ്, എന്നേക്കുമായി.
രഘുവിന്‍റെ അച്ഛനും അമ്മക്കും ഭയമായി.ഇങ്ങനെ പോയാല്‍ മകനെ തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് അവര്‍ ഭയന്നു.ഒരു ദിവസം അമ്മ അവനോട് പറഞ്ഞു:
"ജോലി കിട്ടുന്ന വരെ നോക്കേണ്ട, നിനക്ക് അത്ര ഇഷ്ടമാണേല്‍ നമുക്ക് ആലോചിക്കാം"
അമ്മയെ ഒരു നിമിഷം നോക്കിയട്ട് അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"വേണ്ടാ അമ്മേ, ഇന്ന് അവളുടെ നിശ്ചയമാ"

രഘുരാമന്‍റെ ജീവിതം മാറുകയായിരുന്നു.മിണ്ടാട്ടമില്ല, പഴയ കളിയും ചിരിയുമില്ല.ഒരുനാള്‍ സുകന്യയുടെ ഫോണ്‍ വന്നു:
"കല്യാണമാണ്, വരണം"
രഘുരാമന്‍ മിണ്ടിയില്ല.
"രഘുവിനു എല്ലാം ഒരു തമാശ ആയിരുന്നു, അല്ലേ?"
അവളുടെ ചോദ്യം.
നെഞ്ചില്‍ എന്തോ കൊളുത്തി വലിക്കുന്ന പോലെ.
"രഘു അമ്മയെ വിളിച്ചത് ഞാന്‍ അറിഞ്ഞു, അതും ഒരു തമാശ, അല്ലേ?"
ഒരു വിങ്ങള്‍ തൊണ്ട വരെ വന്നു, ആര്‍ത്തനാദം പോലെ അവന്‍ പറഞ്ഞു:
"അങ്ങനെ പറയല്ലേടാ...."
ബാക്കി പറയുന്നതിനു മുന്നേ അവള്‍ ഫോണ്‍ വച്ചു.എത്ര നേരം ആ ഫോണും പിടിച്ച് നിന്നെന്ന് രഘുവിനു അറിയില്ലായിരുന്നു.എപ്പോഴോ ഫോണ്‍ അവന്‍ താഴ്ത്തി വച്ചു.
അവന്‍റെ മനസ്സ് മന്ത്രിച്ചു...
"മോളേ, നിനക്ക് നല്ലത് വരട്ടെ"

സുകന്യയുടെ കല്യാണനാള്‍.
രാവിലെ രഘു അമ്പലത്തില്‍ പോയി അവള്‍ക്കായി പ്രാര്‍ത്ഥിച്ചു.കാറുമെടുത്ത് ഓഡിറ്റോറിയത്തിലേക്ക് പോയി.വിവാഹസ്ഥലം അടുക്കവേ അവന്‍ കാര്‍ നിര്‍ത്തി.വയ്യ, ആ കല്യാണം കാണാന്‍ വയ്യ.ഈശ്വരാ, എന്‍റെ പെണ്ണ്...
മരിക്കാനാണ്‌ തോന്നിയത്.പക്ഷേ മരിച്ചാല്‍ ദുഃഖിക്കുന്ന ഒരുപാട് മുഖങ്ങള്‍ ഓര്‍മ്മ വന്നു.
അച്ഛന്‍, അമ്മ, പെങ്ങള്‍, ബന്ധുക്കള്‍...
ദുഃഖിക്കട്ടെ, എല്ലാവരും ദുഃഖിക്കട്ടെ.രഘുവിനു എല്ലാവരോടും വെറുപ്പ് ആയിരുന്നു.എപ്പോഴോ സുകന്യയുടെ മുഖവും അവന്‍റെ മനസ്സില്‍ വന്നു.താന്‍ മരിച്ചാല്‍ ജീവിതകാലം മുഴുവന്‍ അവള്‍ വിഷമിക്കും, അത്...അത് മാത്രം രഘുവിനു ആലോചിക്കാന്‍ കഴിയില്ലായിരുന്നു.ഒരിക്കല്‍ അവള്‍ ചോദിച്ച ചോദ്യം അവന്‍ ഓര്‍ത്തു.ഏതോ മരണത്തെ കുറിച്ച് സംസാരിക്കവേ ആണ്‌ അവള്‍ അത് ചോദിച്ചത്...
"പ്രണയിക്കുന്നവരില്‍ ഒരാള്‍ മരിച്ചാല്‍, മറ്റേ ആള്‍ എന്ത് ചെയ്യും രഘു?"
അന്ന് ആ ചോദ്യം രഘുവിനു ഒരു തമാശ ആയിരുന്നു.മണ്ടി പെണ്ണിന്‍റെ സില്ലി ക്വസ്റ്റ്യന്‍.പക്ഷേ ഇന്ന് താന്‍ മരിച്ചാല്‍ അവള്‍ കരയുമോ?
തീര്‍ച്ചയായും കരയും, പുറമേ കരഞ്ഞില്ലെങ്കിലും അകമേ കരയും.കാരണം അവള്‍ സുകന്യയാണ്, തന്‍റെ പെണ്ണാണ്.
രഘു തന്‍റെ സുഹൃത്തിനെ വിളിച്ചു, താന്‍ ഓഡിറ്റോറിയത്തിനു അരികിലുണ്ടെന്ന് അറിയിച്ചു.ഒരു പക്ഷേ കല്യാണ ചെറുക്കനു വരാന്‍ പറ്റാതെ കല്യാണം മുടങ്ങിയാല്‍ സുകന്യയെ തനിക്ക് ലഭിക്കുമെന്ന് അവന്‍ വെറുതെ സ്വപ്നം കണ്ടു.മുഹൂര്‍ത്ത സമയം അടുക്കവേ നെഞ്ചിടിപ്പോടെ സുഹൃത്തിന്‍റെ ഫോണ്‍ പ്രതീക്ഷിച്ച് അവന്‍ ഇരുന്നു.ആരും വിളിച്ചില്ല.
എപ്പോഴോ സഹിക്കാന്‍ കഴിയാതെ അവന്‍ തിരികെ വിളിച്ചു.
"കല്യാണം ഭംഗിയായി കഴിഞ്ഞു, അവര്‍ ഊണു കഴിക്കുകയാ"
സുഹൃത്തിന്‍റെ മറുപടി.
ലോകം കീഴ്‌മേല്‍ മറിയുന്ന പോലെ രഘുവിനു തോന്നി.
പതിഞ്ഞ സ്വരത്തില്‍ അവന്‍ ചോദിച്ചു:
"അവള്‍...സുകന്യ?"
"അവള്‍ ഹാപ്പിയാടാ...ഷീ ഈസ്സ് വെരി ഹാപ്പി"
രഘുരാമന്‍ കണ്ണുകള്‍ മുറുകെ അടച്ചു.
നെഞ്ച് വിങ്ങുമ്പോഴും, കണ്ണുനീര്‍ ഒഴുകുമ്പോഴും അവന്‍ പ്രാര്‍ത്ഥിച്ചു...
ദൈവമേ, അവള്‍ക്ക് നല്ലൊരു ജീവിതം കൊടുക്കണേ.

അന്ന് മുതല്‍ രഘുരാമന്‍ മറ്റൊരു മനുഷ്യനായിരുന്നു.ചിരിച്ചും കളിച്ചും നടന്ന അവന്‍ തന്നിലേക്ക് മാത്രമായി ഒതുങ്ങി.വൈകുന്നേരം മദ്യത്തില്‍ അഭയം തേടി.എന്നും സുകന്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും, ചിങ്ങത്തിലെ മകം അവളുടെ പിറന്നാളാണ്, എല്ലാ വര്‍ഷവും അന്നേ ദിവസം അമ്പലത്തില്‍ പോയി അവള്‍ക്കായി പുഷ്പാജ്ഞലി നടത്തും, അവളുടെ വിവാഹ വാര്‍ഷികത്തിനു ബോധം പോകുവോളം കുടിക്കും.
കാലം കടന്ന് പോയി.
രഘുരാമന്‍റെ ജീവിതരീതി മാത്രം മാറിയില്ല.വീട്ടുകാര്‍ക്ക് എപ്പോഴോ അവനായി ഒരു ജീവിതം വേണമെന്ന് തോന്നി.അവര്‍ കണ്ട് പിടിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ അവന്‍ താലി ചാര്‍ത്തി.ദിവസങ്ങള്‍ കടന്ന് പോകവേ രഘുരാമന്‍ ആ പെണ്‍കുട്ടിയെ സ്നേഹിച്ച് തുടങ്ങി, അവളോട് ഒത്ത് ജീവിച്ച് തുടങ്ങി.വര്‍ഷങ്ങള്‍ കഴിയവേ അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വന്നു.സുകന്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം രഘുരാമന്‍ തന്‍റെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ത്ഥിച്ച് തുടങ്ങി.

കാലത്തിനൊപ്പം ടെക്നോളജിയും വളര്‍ന്നു.സോഷ്യല്‍ മീഡിയയില്‍ സുകന്യയുടെ പ്രൊഫൈല്‍ അയാള്‍ കണ്ടും.ഒരു ചിങ്ങത്തിലെ മകത്തിനു അയാള്‍ ഒരു മെസ്സേജ് അയച്ചു...
പിറന്നാള്‍ ആശംസകള്‍.
ഉടന്‍ മറുപടി വന്നു..
യൂ ആര്‍ മിസ്റ്റേക്കണ്‍ മിസ്റ്റര്‍ രഘുരാമന്‍, ഇറ്റ് ഈസ്സ് റ്റൂ വീക്ക്സ്സ് എഗോ.
അവള്‍ പറഞ്ഞത് ശരിയാണ്, രണ്ട് ആഴ്ച മുമ്പേ അവളുടെ ബര്‍ത്ത് ഡേ ആയിരുന്നു.പക്ഷേ ഇത് പിറന്നാള്‍ ആണ്, ചിങ്ങ മാസത്തിലെ മകം.വിശദമായി പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞില്ല, കാരണം രഘുരാമന്‍ മാനസികമായി തകര്‍ന്ന് പോയിരുന്നു, അതിനു കാരണം അവളുടെ സംബോധനയാണ്...
മിസ്റ്റര്‍ രഘുരാമന്‍!!!
താന്‍ അവള്‍ക്ക് അന്യനായിരിക്കുന്നു.

രഘുരാമന്‍റെ മകള്‍ മിടുക്കിയാണ്.രാത്രി ഉറക്കെ വായിച്ച് പഠിക്കുന്നത് അവള്‍ക്ക് ഒരു ശീലമാണ്.കട്ടിലില്‍ ഒരോന്ന് ആലോചിച്ച് കിടക്കവേ മകള്‍ പഠിക്കുന്നത് രഘുരാമന്‍ കേട്ടു...
"പഴയകാലം ഭൂതകാലം, നടക്കുന്ന കാലം വര്‍ത്തമാന കാലം, നടക്കാന്‍ പോകുന്ന കാലം ഭാവികാലം"
ഭൂതം, ഭാവി, വര്‍ത്തമാനം...
രഘുരാമന്‍ തന്‍റെ ജീവിതത്തെ പറ്റി ആലോചിച്ചു, തന്‍റെ കുടുംബത്തെ താന്‍ സ്നേഹിക്കുന്നു, തന്‍റെ മകളെ താന്‍ സ്നേഹിക്കുന്നു, തന്‍റെ ഭാര്യയേയും താന്‍ സ്നേഹിക്കുന്നു.അപ്പോഴാണ്‌ അയാള്‍ക്ക് അത് മനസ്സിലായത്.തന്‍റെ ഭാര്യയെ താന്‍ സ്നേഹിക്കുന്നു, എന്നാല്‍ പ്രണയിക്കുന്നില്ല.പ്രണയം അത് എല്ലാവരോടും തോന്നുന്ന വികാരമല്ല.
ഭൂതം, വര്‍ത്തമാനം, ഭാവി...
താന്‍ അവളെ പ്രണയിച്ചിരുന്നു.
താന്‍ അവളെ പ്രണയിക്കുന്നു.
താന്‍ അവളെ പ്രണയിക്കും.
അവളെ മാത്രം...
തന്‍റെ സുകന്യയെ.

രഘുരാമനു അവളെ കുറിച്ച് എഴുതണമെന്ന് തോന്നി.എന്ത് എഴുതണമെന്ന് അവനു അറിയില്ലായിരുന്നു.ഒന്ന് മാത്രം അറിയാം, ഇനി എഴുതേണ്ടത് പ്രണയത്തെ കുറിച്ചാണ്, പ്രണയത്തെ കുറിച്ച് മാത്രം.രഘുരാമനു അറിയുകയില്ലായിരുന്നു, എങ്ങനെ തുടങ്ങണമെന്ന്.പ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാട് രംഗങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു.സുകന്യയെ ആദ്യമായി കണ്ടത്, അവളോട് ഒത്ത് സ്വപ്നങ്ങള്‍ പങ്ക് വച്ചത്, ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചത്, കോളേജ് വരാന്തയിലൂടെ കൈ കോര്‍ത്ത് നടന്നത്, അങ്ങനെ ഓര്‍ക്കാന്‍ ഒരുപാട് രംഗങ്ങള്‍.എങ്കിലും രഘുരാമന്‍റെ മനസ്സില്‍ പെട്ടന്ന് ഓടി വന്നത് മറ്റൊരു രംഗമായിരുന്നു...

ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പിന്നിലേക്ക് എടുക്കുന്ന ബസ്സ്.സൈഡ് സീറ്റില്‍ ഇരുന്ന് തന്നെ ഉറ്റു നോക്കുന്ന സുകന്യ.

അയാള്‍ പതിയെ എഴുതി തുടങ്ങി...
'പ്രണയിനി, നിനക്കായ്...'

No comments:

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com