For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ആഫ്റ്റര്‍ ദി അപ്രൈസല്‍
രാവിലെ എഴുന്നേല്ക്കുക, ഓഫീസില്‍ പോകുക, ജോലി ചെയ്യുന്നതായി അഭിനയിക്കുക, തിരികെ വീട്ടില്‍ വരിക, കൂട്ടത്തില്‍ എല്ലാ മാസ അവസാനവും ബാങ്കില്‍ ശമ്പളം വന്നെന്ന് ഉറപ്പു വരുത്തുക.ഒരു ശരാശരി ഐടി എഞ്ചിനിയറെ പോലെ ഇതൊക്കെ ആയിരുന്നു എന്റെ മോഹവും...
..തൊട്ട് അപ്പുറത്തുള്ള ടീം 'ഔട്ടിംഗ്' എന്ന ഓമന പേരില്‍ ഗോവക്ക് പോകുന്ന വരെ!!
എല്ലാ വര്‍ഷവും എല്ലാ ടീമിനും കമ്പനി ഒരു നിശ്ചിത തുക ഔട്ടിംഗിനായി നല്കുന്നു എന്നത് അന്ന് ആദ്യമായാണ് ഞാന്‍ അറിഞ്ഞത്.
ഗോവ, ഊട്ടി, കാശ്മീര്‍...
അങ്ങനെ നയനമനോഹരമായ പ്രദേശങ്ങളിലൂടെ പ്രദക്ഷിണത്തിനു ഒരു സുവര്‍ണ്ണാവസരം.
ഹായ്, ഹായ്, ഹായ്...
എനിക്കും ഔട്ടിംഗിനു പോകണം.
എങ്ങനെയും ഈ ലക്ഷ്യം സഫലമാക്കുക എന്ന ഉദ്ദേശത്തോടെ ടീമിലൊരു കോളിളക്കമുണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ആദ്യപടിയായി ഹേമയോട് വിഷമം അവതരിപ്പിച്ചു:
"അറിഞ്ഞോ, ലവര് ദേ ഗോവേ പോണ്, നമ്മള് മാത്രം ഇങ്ങനേ..."
ഇത്രേം കേട്ടതും ഹേമയുടെ കണ്ണൊന്ന് ചുരുണ്ടു, പിരികമൊന്ന് വളഞ്ഞു, ചെവിയൊന്നു കൂര്‍ത്തു. വിശ്വാസം വരാതെ അവള് ചോദിച്ചു:
"സത്യമാണോ മനു?"
സത്യം, പരമമായ സത്യം!!!
പോരെ പൂരം???
ഹേമ ഇതൊരു വിഷയമാക്കി, ടീമിലുള്ളവരുടെ ചെവിയിലെല്ലാം കൊടുങ്കാറ്റായി ആ വാര്‍ത്തയെത്തി...
അറിഞ്ഞോ, ലവര് ദേ ഗോവേ പോണ്!!!!
മൌസ് മൌസിനോട് പറഞ്ഞു, കീ ബോര്‍ഡ് കീ ബോര്‍ഡിനോട് പറഞ്ഞു, മോണിറ്റര്‍ മോണിറ്ററോട് പറഞ്ഞു, അങ്ങനെ എല്ലാവരും ആ വാര്‍ത്ത അറിഞ്ഞു...
ലവര് ദേ ഗോവേ പോണ്!!!!
പൊട്ടാന്‍ ഉള്ളതാണെങ്കില്‍ പൊട്ടട്ടേന്ന് കരുതി വെറുതെ കത്തിച്ച് ഇട്ടട്ട്, താഴെ ക്യാന്റീനില്‍ പോയി ചായ കുടിച്ച് വന്ന എന്നോട് തമിഴന് പ്രഭാത് ചോദിച്ചു:
"അറിഞ്ഞോ, ലവര് ദേ ഗോവേ പോണ്...??"
കത്തിച്ച് ഇട്ടത് നല്ല രീതിയില്‍ പൊട്ടിയെന്ന് മനസിലായ ഞാന്‍, ആ ചോദ്യം കേട്ടതും ഒന്നും അറിയാത്ത പോലെ തിരികെ ചോദിച്ചു:
"അതിന്?"
"അല്ല, നമ്മള് മാത്രം ഇങ്ങനെ......??"
അവന്റെ ആ ചോദ്യം കേട്ടതും എന്റെ ആഗ്രഹം സഫലമാകുമെന്ന് ഉറപ്പായി.ആദ്യമായി എന്റെ ടീമംഗങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്നു, എല്ലാവരുടെ മനസിലും ഒരാഗ്രഹം മാത്രമാകുന്നു...
എങ്ങനെയും ഔട്ടിംഗിനു പോണം!!!
ടീമംഗങ്ങള്‍ക്കിടയില്‍ ഇതൊരു സംസാരം ആയെങ്കിലും, പ്രോജക്റ്റ് മാനേജരോട് കാര്യം അവതരിപ്പിക്കാന്‍ ആരും മുതിര്‍ന്നില്ല.അതിനൊരു കാരണമുണ്ട്, ഞങ്ങള്‍ ഈ വിവരം അറിഞ്ഞതിന്റെ അടുത്ത ആഴ്ചയായിരുന്നു ഞങ്ങളെല്ലാം കാത്തിരുന്ന അപ്രൈസല്‍...
ഈ സമയത്ത് പ്രോജക്റ്റ് മാനേജരുടെ അടുത്ത് 'എന്താ ഞങ്ങളെ ഔട്ടിംഗിനു കൊണ്ട് പോകാത്തതെന്ന്' ഒച്ച വെച്ച് ചോദിക്കാന്‍ ആരും തയ്യാറാവില്ല.
കാരണം അപ്രൈസല്‍!!!
ഈ അപ്രൈസല്‍ എന്തെന്ന് അറിയാത്തവര്‍ക്കായി അതിനെ കുറിച്ച് രണ്ട് വാക്ക്...
നിങ്ങളൊരു കര്‍ഷകനാണെന്ന് കരുതുക, നിങ്ങളുടെ പ്രോജക്റ്റ് മാനേജര്‍ ഒരു ജന്മിയാണെന്നും കരുതുക, കമ്പനിയുടെ ക്ലൈന്റ് മറ്റൊരു കച്ചവടക്കാരനാണെന്നും കരുതുക.ഇനി കച്ചവടക്കാരന് പറഞ്ഞതനുസരിച്ച്, ജന്മി ആജ്ഞാപിച്ചത് കൊണ്ട്, ഒരു വര്‍ഷം കഷ്ടപ്പെട്ട് വിതച്ച്, കൊയ്ത് നിങ്ങള്‍ പത്ത് പറ നെല്ല് ഉണ്ടാക്കിയതായി കരുതുക.അതില്‍ ഒമ്പത് പറയും കച്ചവടക്കാരനായ ക്ലൈന്റിനു കൊടുത്തിട്ട്, ബാക്കി ഒരു പറക്ക് പ്രോജക്റ്റ് മാനേജരായ ജന്മി നല്ല സദ്യ ഉണ്ടാക്കി കഴിച്ചെന്നും കരുതുക.
അങ്ങനെ അരിയെല്ലാം തിന്ന് തീരുമ്പോള്‍ ജന്മി നമ്മളോട് ചോദിക്കും:
"കഴിഞ്ഞ ഒരു വര്‍ഷം നീ എന്താ ചെയ്തത്?"
ദാറ്റ് മീന്‍സ്...
വാട്ടീസ് യുവര്‍ ഔട്ട്പുട്ട് ഇന്‍ ലാസ്റ്റ് ഇയര്‍??
നീ എന്നാ ഉണ്ടാക്കി??
തന്റെ കഴിവ് വിവരിക്കാന്‍ കിട്ടിയ സന്ദര്‍ഭമോര്‍ത്ത് സന്തോഷത്തില്‍ നമ്മള് മറുപടി പറയും:
"ഞാന്‍ പത്ത് പറ നെല്ലുണ്ടാക്കി"
ഉടന്‍ വരും അടുത്ത ചോദ്യം:
"എന്നിട്ട് ആ നെല്ല് എന്തിയേ?"
"അത് ക്ലൈന്റിനു കൊടുത്തു"
"ആര്?"
"സാറ്."
ഈ മറുപടി കേള്‍ക്കുന്നതോടെ പ്രോജക്റ്റ് മാനേജര്‍ ഒരു ചോദ്യമുണ്ട്:
"ക്ലൈന്റ് ആവശ്യപ്പെട്ട നെല്ല് കൊടുത്തത് ഞാന്‍, കഴിഞ്ഞ ഒരു വര്‍ഷം നീ എന്താ ചെയ്തത്?"
അതായത്...
നീ എന്നാ ഉണ്ടാക്കി??
കൃത്യം ഈ പോയിന്റിലാണ് ഞാന്‍ മനസ്സ് കൊണ്ട് പ്രോജക്റ്റ് മാനേജരെ തന്തക്ക് വിളിക്കുന്നത്.
ഞാന്‍ മാത്രമല്ല, എല്ലാവരും!!!
അന്നും..ഇന്നും..
ഇങ്ങനെ സംഭവ ബഹുലമായ അപ്രൈസല്‍ മുന്നിലുള്ളപ്പോള്‍ 'ഔട്ടിംഗിനെ' കുറിച്ച് ആരും അങ്ങോട്ട് കേറി ചോദിക്കാന്‍ മുതിരാത്തത് സ്വാഭാവികം.ആശകള്‍ കടിച്ചമര്‍ത്തി ആ തിങ്കളാഴ്ച ലീവുമെടുത്ത് നാട്ടില്‍ പോയിട്ട്, തിരികെ ചൊവ്വാഴ്ച വന്ന എന്നെ എതിരേറ്റത് പ്രഭാതായിരുന്നു, അതും സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയുമായി...
"മനു നീ അറിഞ്ഞോ, ഔട്ടിംഗിനു കൊണ്ട് പോകാമെന്ന് സാറ് സമ്മതിച്ചു"
ങ്ങേ!!!!
സത്യമോ??
മോനേ, മനസിലൊരു ലഡു പൊട്ടി മോനേ!!!
വിശ്വാസം വരാതെ തിരികെ ചോദിച്ചു:
"സത്യമാണോടാ?"
"സത്യം, മാത്രമല്ല നമ്മുടെ ടീമിലെ പെണ്‍കുട്ടികളും നമ്മുടെ കൂടെ ഔട്ടിംഗിനു വരുന്നത്രേ"
ഹായ്..ഹായ്...
എന്താ ഈ കേള്‍ക്കുന്നത്??
മോനേ, മനസില്‍ വേറൊരു ലഡു പൊട്ടി മോനേ!!!
സന്തോഷിച്ച് നിന്ന് എന്നോട് വീണ്ടും അവന് പറഞ്ഞു:
"നിന്റെ നാട്ടിലോട്ട് ഔട്ടിംഗ് നടത്താനാ സാറിന്റെ തീരുമാനം"
ഠോ!!!!
ഇക്കുറി ലഡുവല്ല, ബോംബാ പൊട്ടിയത്!!!!
എന്തിര്???
കേട്ടത് സ്വപ്നമാകണേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് അറിയാതെ ചോദിച്ചു:
"നീ വല്ലതും പറഞ്ഞാരുന്നോ?"
"പറഞ്ഞു, നിന്റെ നാട്ടില്‍ ഔട്ടിംഗിനു വരുന്നതിനെ പറ്റി. എന്തേ? നിനക്ക് സന്തോഷമായില്ലേ?"
പിന്നേ, സന്തോഷമായി...
മോനേ, മനസിലൊരു ബോംബ് പൊട്ടി മോനേ!!!
എങ്ങനെ സന്തോഷിക്കാതിരിക്കും?
ഒരു കാലത്തും ഇവനൊന്നും നാട്ടില്‍ വരില്ലാന്ന് കരുതി നാട്ടിലെനിക്ക് ഇരുപത്തിയഞ്ച് ഏക്കര്‍ പാടമുണ്ടെന്നും, രണ്ട് ഹോട്ടലുണ്ടെന്നും, സ്വന്തമായൊരു ഹൌസിംഗ് ബോട്ടുണ്ടെന്നും വെറുതെ വച്ച് കാച്ചിയിട്ടുണ്ട്.അതെല്ലാം പ്രതീക്ഷിച്ചായിരിക്കും പ്രോജക്റ്റ് മാനേജര്‍ എന്റെ നാട്ടിലോട്ടുള്ള ഔട്ടിംഗ് പ്ലാന്‍ ചെയ്തത്.
ഇനി എന്നാ ചെയ്യും???
രാജി വക്കണോ അതോ തൂങ്ങി ചാവണോ??
ഇങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടി നിന്ന എന്റെ അടുത്ത് വന്ന ഹേമ പറഞ്ഞു:
"എടാ പതിനൊന്നരക്കാ നിന്റെ അപ്രൈസല്‍ മീറ്റിംഗ്, സാറവിടെ കാത്തിരിക്കുന്നു, പെട്ടന്ന് ചെല്ല്"
ഈശോയേ...
കൂനിന് മേല്‍ കുരിശോ??
ഒരുവശത്ത് ഔട്ടിംഗ്, മറുവശത്ത് അപ്രൈസല്‍..
വാട്ട് ക്യാന്‍ ഐ ഡു?
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് അപ്രൈസല്‍ മീറ്റിംഗ് റൂമിലേക്ക്...
പ്രോജക്റ്റ് മാനേജരും ഞാനും മുഖാമുഖം...
അപ്രൈസല്‍ മോശമായാലും വേണ്ടില്ല, സത്യം ബോധിപ്പിച്ച് ഔട്ടിംഗില്‍ നിന്ന് ഒഴിവാകണമെന്ന് അപേക്ഷിക്കാമെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചു.അതിനാല്‍ സ്വല്പം വിഷമത്തോടെ ഞാന്‍ സത്യം പറയാന്‍ തയ്യാറായി:
"സാര്‍, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു"
അത് കേട്ടതും പ്രോജക്റ്റ് മാനേജര്‍:
"ഒന്നും പറയണ്ട, എനിക്കറിയാം നീ ടെക്നിക്കലി വളരെ സ്ട്രോങ്ങ് ആണെന്ന്"
ആര്??
അങ്ങേര് എന്നെ തന്നാണോ അതോ പുറകില്‍ നില്ക്കുന്ന ആരെയെങ്കിലുമാണോ പറഞ്ഞതെന്നറിയാന്‍ വലതുവശത്തൂടെ തല തിരിച്ച് പുറകിലേക്ക് നോക്കിയ ഞാന്‍ ഇടത്തേ ചെവിയിലൂടെ ഒരു ചോദ്യം കൂടി കേട്ടു:
"ഹൌസിംഗ് ബോട്ട് ഇപ്പോ എവിടുണ്ട്?"
അപ്പോ അതാണ് കാര്യം!!
എന്നെ നല്ല രീതിയിലൊന്ന് സുഖിപ്പിച്ചാല്‍ എന്റെ സ്വന്തം ഹൌസിംഗ് ബോട്ടില്‍ കറങ്ങാന്‍ കഴിയുമെന്ന ചിന്തയാണ് പ്രോജക്റ്റ് മാനേജര്‍ക്ക്.സംഭവം മനസിലായ മട്ടില്‍ തല കുലുക്കിയിരുന്ന എന്നോട് അതിയാന് പിന്നെയും ചോദിച്ചു:
"ഹൌസിംഗ് ബോട്ട് ഇപ്പോ എവിടുണ്ട്?"
ആലപ്പുഴ കായലില്‍ കാണും!!!
എന്റെ മൌനം കണ്ടപ്പോള്‍ സാറിനു പിന്നെയും സംശയമായി...
"എന്താ മനു, മനുവിനു സ്വന്തമായൊരു ഹൌസിംഗ് ബോട്ടില്ലേ?"
ഹൌസിംഗ് ബോട്ട് പോയിട്ട്, സ്വന്തമായൊരു കൊതുമ്പു വള്ളം പോലുമില്ലാത്ത ഞാന്‍ എന്ത് മറുപടി പറയണമെന്നറിയാതെ കുറേ നേരം അമ്പരന്ന് നിന്നു, ഒടുവില്‍ അപ്രൈസല്‍ മുന്നിലോര്ത്ത് വെച്ച് കാച്ചി:
"യെസ്, ഉണ്ട് സാര്‍"
ആ മറുപടി ഏറ്റു...
അപ്രൈസല്‍ പത്തില്‍ പത്ത്!!!
എല്ലാം കഴിഞ്ഞപ്പോള്‍ സാര്‍ ചോദിച്ചു:
"മനുവിനെന്തെങ്കിലും ആവശ്യമുണ്ടോ?"
അറിയാതെ ചോദിച്ച് പോയി:
"ശമ്പളം കുറച്ച് കൂട്ടിയാല്‍ കൊള്ളാമായിരുന്നു"
മറുപടിയായി സാറൊരു കടും വെട്ട് ചോദ്യം ചോദിച്ചു:
"ഹൌസിംഗ് ബോട്ടും ഹോട്ടലുമൊക്കെയുള്ള മനുവിനെന്തിനാ ശമ്പളം കൂട്ടുന്നത്?"
ങ്ങേ!!
ഒടുവില്‍ പതറാതെ പറഞ്ഞ് ഒപ്പിച്ചു:
"അതൊക്കെ അച്ഛനുണ്ടാക്കിയതാ, സ്വന്തമായി സമ്പാദിക്കണമെന്നാ എന്റെ ആഗ്രഹം"
"ഓ..ഗ്രേറ്റ്..ഗ്രേറ്റ്"
മണ്ടന്‍!!!
അങ്ങനെ അപ്രൈസല്‍ കഴിഞ്ഞു..
എല്ലാം സേഫായി എന്ന് ഉറപ്പായപ്പോള്‍ പ്രോജക്റ്റ് മാനേജരെ നേരിട്ട് കണ്ടു, എന്നിട്ട് ഹൌസിം ബോട്ടില്‍ സവാരി നടക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.എന്താണ് കാര്യമെന്ന ചോദ്യത്തിനു ആലപ്പുഴ കായലില്‍ വെള്ളമില്ലെന്നും, ഇലക്ഷനായതിനാല്‍ ഇടുക്കി ഡാമിലെ വെള്ളം എതിര് കക്ഷിക്കാര്‍ വിട്ട് തരില്ലെന്നും വച്ച് കാച്ചി.
എല്ലാം കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
"എന്നാ മഴക്കാലം കഴിഞ്ഞ് പോകാം, അല്ലേ?"
ശരിയെന്ന് തലയാട്ടി, കൂടെ ഒരു ശപഥവുമെടുത്തു...
കളരി പരമ്പര ദൈവങ്ങളാണേ, ലോകനാര്‍കാവിലമ്മയാണേ, മഴക്കാലം കഴിയും മുമ്പ് ഞാന്‍ കമ്പനി മാറിയിരിക്കും...
ഇത് സത്യം..സത്യം....സത്യം.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
50 comments:
ഏപ്രില്‍ 23.
കരിമുട്ടത്തമ്മയുടെ മുന്നിലെ പത്താമുദയ മഹോത്സവം.
എല്ലാവരും വരണം ട്ടോ..
"ക്ലൈന്റ് ആവശ്യപ്പെട്ട നെല്ല് കൊടുത്തത് ഞാന്‍, കഴിഞ്ഞ ഒരു വര്‍ഷം നീ എന്താ ചെയ്തത്?"
അതായത്...
നീ എന്നാ ഉണ്ടാക്കി??
കൃത്യം ഈ പോയിന്റിലാണ് ഞാന്‍ മനസ്സ് കൊണ്ട് പ്രോജക്റ്റ് മാനേജരെ തന്തക്ക് വിളിക്കുന്നത്.
ഞാന്‍ മാത്രമല്ല, എല്ലാവരും!!!
അന്നും..ഇന്നും..
അരുണേ.. ഇതാണ്.. കിടു.
നല്ല രസായി ട്ടോ .
എനിക്കും പൊട്ടി ചിരിയുടെ ഒരു ബോംബ്.
കൃത്യം ഈ പോയിന്റിലാണ് ഞാന്‍ മനസ്സ് കൊണ്ട് പ്രോജക്റ്റ് മാനേജരെ തന്തക്ക് വിളിക്കുന്നത്.
correct
മൌസ് മൌസിനോട് പറഞ്ഞു, കീ ബോര്‍ഡ് കീ ബോര്‍ഡിനോട് പറഞ്ഞു, മോണിറ്റര്‍ മോണിറ്ററോട് പറഞ്ഞു.
ഈ പ്രയോഗം അടിപൊളി.
എന്നിട്ട് കമ്പനിമാറിയൊ?
സംഗതി കലക്കി.
മനസ്സിൽ അനേകം ലഡ്ഡു പൊട്ടുന്നല്ലോ,,,
ആലപ്പുഴ കായലില്‍ വെള്ളമില്ലെന്നും, ഇലക്ഷനായതിനാല്‍ ഇടുക്കി ഡാമിലെ വെള്ളം എതിര് കക്ഷിക്കാര്‍ വിട്ട് തരില്ലെന്നും വച്ച് കാച്ചി.
hoye :)
കോജ്ഞാണ്ടന് ബോസ്
മിടുമിടുക്കന്‍ മനു
സൂപ്പര്‍ സൂപ്പര്‍ ഫാസ്റ്റ്
പ്ലാന്‍ - ഡെവലപ്പ് - പെര്‍ഫോം - അസ്സെസ് - റിവ്യൂ.... കോപ്പ്... കേട്ട് കേട്ട് മടുത്തു ഈ മുദ്രാവാക്യം... എല്ലായിടത്തും ഇത് തന്നെയാണോ... ഹോ...
കലക്കി അരുണ്‍ ... എന്നാലും പണ്ടത്തെപ്പോലെ തല കുത്തി നിന്ന് ചിരിക്കാന്‍ കഴിഞ്ഞില്ല എന്നൊരു പരാതിയുമുണ്ടേ...
ഹ ഹ ഹ..... മൊത്തത്തില്‍ അങ്ങ് ഇഷ്ട്ടപെട്ടു...പ്രോജക്റ്റ് മാനേജരെ തന്തക്ക് വിളിക്കുന്നത് സ്ഥിരമാ....അപ്രൈസല്‍ ഉള്ള അന്ന് പത്തെണ്ണം കുടുതല്‍ വിളിക്കും എന്ന് മാത്രം.....ഹി ഹി ഹി ...
: )
സംഗതി മോശമല്ലെങ്കിലും പഴയ തമാശകളുടെയത്ര പോരാ.. ഇനി ഇലക്ഷൻ കഴിയുന്നതിനു മുന്നേ ബ്ലോഗു മാറാൻ വല്ല പരിപാടിയുമുണ്ടോ? :-)
എനിക്കിഷ്ടമായി... :-)
ഇതിനാണല്ലേ അപ്രൈസല്‍ അപ്രൈസല്‍ എന്നു പറയുന്നത് ;)
ഇഷ്ടമായല്ലോ...
:)
മഴക്കാലം കഴിയും വരെ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല....ഈ പോസ്റ്റ് വായിച്ചു പ്രോജക്റ്റ് മാനേജര്‍ തന്നെ എല്ലാം ഉടനടി സെറ്റപ്പാക്കിക്കോളും....
ആ പ്രോജക്റ്റ് മാനേജര്‍ ഒരു മലയാളി തന്നെയോ !!!
എങ്കില്‍ മഴക്കാലം കഴിയാനൊന്നും
നിക്കണ്ട വേഗം ചാടിക്കോ ...
രാവിലെ എഴുന്നേല്ക്കുക, ഓഫീസില്‍ പോകുക, ജോലി ചെയ്യുന്നതായി അഭിനയിക്കുക, തിരികെ വീട്ടില്‍ വരിക, കൂട്ടത്തില്‍ എല്ലാ മാസ അവസാനവും ബാങ്കില്‍ ശമ്പളം വന്നെന്ന് ഉറപ്പു വരുത്തുക.ഒരു ശരാശരി ഐടി എഞ്ചിനിയറെ പോലെ ഇതൊക്കെ ആയിരുന്നു എന്റെ മോഹവും...
സത്യം നമ്മളെല്ലാരും ഇങ്ങനൊക്കെ തന്നെയാണല്ലേ...
പക്ഷേ അവസാനം ഠിം... എന്ന് പറഞ്ഞ് തീര്‍ന്നത് പോലെ തോന്നി....
ടീം അംഗങ്ങൾ വിട്ടുപോയാൽ സ്വന്തമായി നിലനില്പില്ലാത്ത പാവം പ്രോജക്റ്റ് മാനേജർമാർ. അവരുടെ ദുഃഖങ്ങൾ ആരറിയാൻ! കച്ചവടക്കാരൻ പറഞ്ഞ 9 പറ നെല്ല് ഉണ്ടാക്കാൻ പാടുപെടുന്ന മാനേജർ, ഒരു പണിയും ചെയ്യാതെ "ഹ, കള അളിയാ, നമ്മക്ക് ഔട്ടിങ്ങിനു പോയി വരാം" എന്ന് പറയുന്ന ടീം അംഗത്തിനെയല്ലെ തെറിപറയേണ്ടത്? അല്ലേ മനൂ? (എന്ന് ഒരു പാവം പ്രോജക്റ്റ് മാനേജർ)
ഓടോ: ജോലി മാറും എന്നു പറഞ്ഞത് കട്ടായമാണോ? നമുക്കൊരു സഹകരണ പ്രസ്ഥാനം തുടങ്ങണോ?
രാവിലെ എഴുന്നേല്ക്കുക, ഓഫീസില്‍ പോകുക, ജോലി ചെയ്യുന്നതായി അഭിനയിക്കുക, തിരികെ വീട്ടില്‍ വരിക, കൂട്ടത്തില്‍ എല്ലാ മാസ അവസാനവും ബാങ്കില്‍ ശമ്പളം വന്നെന്ന് ഉറപ്പു വരുത്തുക
സത്യം ഇതൊക്കെ തന്നെ ആണെങ്കിലും., നമ്മള് കുറച്ചൊക്കെ പണി എടുക്കുന്നുണ്ട് അരുണ്‍ ചേട്ടാ., സംഗതി നന്നായി...
ഈ തവണ മഴ നേരത്തെയാ എന്നാ കേട്ടത് !
കൊള്ളാം, എന്നാലും
പണ്ടത്തെയത്ര ഗുമ്മില്ലാട്ടോ...
ഇഷ്ടായി ഇഷ്ടായി ...
"ക്ലൈന്റ് ആവശ്യപ്പെട്ട നെല്ല് കൊടുത്തത് ഞാന്‍, കഴിഞ്ഞ ഒരു വര്‍ഷം നീ എന്താ ചെയ്തത്?"
അതായത്...
നീ എന്നാ ഉണ്ടാക്കി??
ടിപ്പിക്കല്‍ മാനേജര്‍ ( എവിടെയും കിട്ടും) !
ശരിക്കും മനു ഏതു കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത് ? IT കഥകള്‍ എല്ലാം അടിപൊളി, ഇത് പ്രതേകിച്ചും അടിപൊളി :)
കൊള്ളാം മനുച്ചേട്ടാ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ 2 ലഡ്ഡു ഒരുമിച്ചു പൊട്ടീ...!!
regards
http://jenithakavisheshangal.blogspot.com/
ക്ലൈന്റ് ആവശ്യപ്പെട്ട നെല്ല് കൊടുത്തത് ഞാന്‍, കഴിഞ്ഞ ഒരു വര്‍ഷം നീ എന്താ ചെയ്തത്?"
അതായത്...
super ayittundu tto...
അതായത്...
നീ എന്നാ ഉണ്ടാക്കി??
കൃത്യം ഈ പോയിന്റിലാണ് ഞാന്‍ മനസ്സ് കൊണ്ട് പ്രോജക്റ്റ് മാനേജരെ തന്തക്ക് വിളിക്കുന്നത്.
ithu highlight
ram mohan
എന്നാലും ആലപ്പുഴ കായലില്‍ എന്നാണ് ബോട്ട് ഓടിക്കാന്‍ വെള്ളം ഇല്ലാതായത്
എനിക്കൊരു പകര്‍പ്പവകാശം വേണമായിരുന്നു - "അപ്രൈസല്‍" എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ച ആ ഭാഗം പ്രിന്റ് ചെയ്ത് എന്റെ ഓഫീസില്‍ ഒട്ടിക്കാന്‍ .
ചിതലിന്റെ കമെന്റും കലക്കി.
അരുണ്‍, ഇതെന്താ എല്ലാ പാരയും ഇയാളുടെ തലയില്‍ തന്നെ വന്നു കേറുന്നത്. പണ്ടൊരു മദാമ്മയേയും കൊണ്ട് ഇതുപോലെ നാടുകാണാന്‍ ചെന്ന കാര്യം അരുണ്‍ മറന്നെങ്കിലും നാട്ടുകാരും, വീട്ടുകാരും മറന്നു കാണത്തില്ല കേട്ടോ.
ശരിക്കും ചിരിച്ചു.
software il mattrame oro varsham koodumbol apraisal ullu...
bakkiyullavarella oru apraisalinu vezhambaline pole kattirikkuvaa...
kollam mutt...
അയ്യോ മനൂ ഇത്രേയുള്ളോ നിങ്ങളുടെ അപ്രൈസല്‍
ഭാഗ്യവാന്മാര്
ഞങ്ങളുടെ പേപ്പര്‍ കെട്ടും കൊണ്ട് ദാ ഇന്നലെ മൊയലാളി കല്‍ക്കട്ടയ്ക്കു പോയി, ആ വിവരം അറിഞ്ഞ പിന്നാലെ ഇതു വായിച്ചപ്പോള്‍ ഒന്നു കിടുങ്ങിപ്പോയി.
അപ്പൊ ഇനി നാട്ടില്‍ വരുമ്പോഴേക്കും ഇടുക്കിയില്‍ നിന്നും വെള്ളം വിടീച്ചേക്കണേ
Nice as usual..
കൊള്ളാം....
കമന്റു ചെയ്തിരിക്കുന്ന അനോണികളും മറ്റു പ്രൊഫൈല്‍ ഇല്ലാത്തവരും സ്വന്തം ഓഫീസിലെ സ്റ്റാഫുകള്‍ ആണെന്ന് മനസ്സിലായി.
ഈ പോസ്റ്റ് പ്രോജക്റ്റ് മാനേജര്‍ കണ്ടോ ആവോ ? അദ്ദേഹം ഇപ്പോള്‍ ഈ അനോണികളെ തപ്പി നടക്കുവായിരിക്കും.
പിന്നെ, തൊട്ടടുത്തെ ഓഫീസ് നമ്മുടെ ആഷ് ലി യുടെ അല്ലെ....അവര്‍ ഗോവയ്ക്ക് പോയോ ?
രസകരമായ അവതരണം.
ഐ ടി എന്ന 'കുണ്ടാമണ്ടി' തലയില്‍ കയറാത്ത എനിക്ക് പോലും മനസിലാവുന്ന രീതിയില്‍ നര്‍മം കലര്‍ത്തി നന്നായി പറഞ്ഞു.
അപ്രൈസല്‍ എന്ന് കേട്ടപ്പോള്‍ ഞാന്നുമൊന്നു ഞെട്ടി.
പക്ഷേ അതിന്റെ വിശദീകരണം അതും ഉദാഹരണ സഹിതം. ഗംഭീരം.
ഇനി കമ്പനി എങ്ങാനും മാറല്ലെ. നല്ല പോസ്റ്റുകള്‍ പോരാട്ടെ.
:-)
അരുണേട്ടാ വായിച്ചു. ഇഷ്ടായി .
ആദ്യം മനസ്സില്‍ ലഡു പൊട്ടി. പിന്നീടും ലഡു തന്നെ പൊട്ടി!
മാനേജരെ മണ്ടനാക്കിയതും കലക്കി..!!
പ്രിയപ്പെട്ട അരുണ്‍
പോസ്റ്റു കലക്കി
ഇപ്പൊ ഇതു കമ്പനിയില്‍ ആണ് അപ്പ്രൈസല്‍ നേരിടുന്നത്
അവിടുത്തെ മാനേജരോട് " ബുര്‍ജ് ഖലീഫ" ( ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ) എന്റേതാണ് എന്ന് പറയല്ല് . ചിലപ്പോ അങ്ങേരു അത് വിശ്വസിചേക്കും !
വളരെകാലത്തിനു ശേഷമൊരു ബ്ലോഗ് വായിക്കുന്നതാ :)
ഭായ്, തകർത്തൂ.. എല്ലായിടത്തും അപ്പൊ ഇങ്ങനെത്തന്നെ ആണല്ലേ
എന്നേം കൂടി കൂട്ടോ….
നന്നായി എഴുതീട്ടാ
എന്നിട്ട് അപ്പ്രൈസല്‍ എത്ര കിട്ടി??
മനസ്സില്‍ ചിരിയുടെ അമിട്ട് പൊട്ടി........
ഈ പോസ്റ്റ് വായിക്കാന്‍ ഇത്തിരി വൈകി പോയെങ്കിലും മിസ്സ് ആയില്ലല്ലോ..ഭാഗ്യം...
കായംകുളത്തുള്ള അരുണ്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയത് കണ്ടു കണ്ണൂരിലെ പാവം ഞാന്‍ ഒരു passenger തുടങ്ങി.. ബോഗികളും സഹയാത്രികരും കുറവാ..
ഗുരുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കുന്നു.. :)
Here is the link,
http://kannurpassenger.blogspot.com/
http://kannurpassenger.blogspot.com/
അരുൺ, 'ആഫ്റ്റർ ദി അപ്പ്രയ്സൽ' വായിച്ചു. നിരുപദ്രവങ്ങളെന്നു കരുതി പലപ്പോഴും നാം പറയുന്ന വെളുത്ത നുണകൾ തിരിഞ്ഞു കൊത്തുന്നത് താങ്കൾ ഭംഗിയായി അവതരിപ്പിച്ചു. വല്ലാതെ ഇഷ്ടപ്പെട്ടെന്നു പറയാൻ മടി തോന്നുന്നില്ല. Keep writing!
നല്ല നിരീക്ഷണങ്ങളും,ശര്യായ ജോലികളും...
ബെൻസ് കാർ ടാക്സിയായി ഓടിക്കുന്നുണ്ടെന്നാണ് നോം തട്ടിവിട്ടത്. എന്ന് പാരയാവും എന്ന് കണ്ടറിയാം. അപ്രൈസൽ നന്നായി.
സത്യത്തില്‍ ആ ഹൌസ്ബോട്ട് ഇപ്പൊ എവിടെയുണ്ട്...?
ഹിഹിഹി... എന്തോക്കെയാലും എന്നെപ്പോലെയുള്ള computer science വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ട്രെസ്റിംഗ് ആയ ടോപ്പിക്ക്.. പ്രത്യേകിച്ച് കമ്പനി മാറിയിരിക്കും എന്ന ഒടുക്കം..
Post a Comment